Thank you for visiting My BLOG!

Friday, May 13, 2011

യുഡിഎഫ് കഷ്ടിച്ച് കടന്നുകൂടി




Assembly Election Kerala
തിരുവനന്തപുരം: അവസാന നിമിഷം വരെ നീണ്ട ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ നാല് സീറ്റിന്റെ വ്യത്യാസത്തില്‍ യുഡിഎഫ് അധികാരത്തിലേക്ക്. യു.ഡി.എഫ് 72 സീറ്റുകളിലും എല്‍.ഡി.എഫ് 68 സീറ്റുകളിലും ജയിച്ചു. കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കാസര്‍കോട് എന്നീ ജില്ലകള്‍ എല്‍.ഡി.എഫിനൊപ്പം നിന്നപ്പോള്‍ മലപ്പുറം, എറണാകുളം, കോട്ടയം, വയനാട് ജില്ലകള്‍ യു.ഡി.എഫിനെ തുണച്ചു. പാലക്കാട്, തൃശ്ശൂര്‍, കണ്ണൂര്‍ എന്നീ ജില്ലകള്‍ ഇരുമുന്നണികളെയും സഹായിച്ചു.

പരാജയത്തിലും ഏറെ ആഹ്ലാദിയ്ക്കുന്ന വകയാണ് ഇടതു ക്യാമ്പിലുള്ളത്. നാല് മാസം മുമ്പ് പൂര്‍ണപരാജയം ഉറപ്പിച്ചതിരഞ്ഞെടുപ്പില്‍ കടുത്ത പോരാട്ടം കാഴ്ചവെയ്ക്കാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് അവര്‍. ഇടതുപക്ഷത്തെ നയിച്ച വിഎസിന്റെ വ്യക്തിപ്രഭാവം തന്നെയാണ് മുന്നണിയെ മികച്ച പോരാട്ടം നടത്താന്‍ കെല്‍പ്പുള്ളതാക്കിയത്. തുറന്നുപറയുന്നില്ലെങ്കിലും ഉമ്മന്‍ ചാണ്ടി അടക്കമുള്ള യുഡിഎഫ് നേതാക്കള്‍ ഇക്കാര്യം സമ്മതിയ്ക്കുന്നുണ്ട്.

ഫോട്ടോഫിനിഷില്‍ കേവല ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞെങ്കിലും യുഡിഎഫിനെ ഞെട്ടിയ്ക്കുന്ന തിരഞ്ഞെടുപ്പ് ഫലമാണ് പുറത്തുവന്നിരിയ്ക്കുന്നത്. ലോക്‌സഭ-പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ മുന്‍നിര്‍ത്തി നൂറ് സീറ്റിന്റെ തകര്‍പ്പന്‍ വിജയം നേടുമെന്നായിരുന്നു കോണ്‍ഗ്രസ് നയിക്കുന്ന വലതുമുന്നണി നേതാക്കള്‍ കരുതിയിരുന്നത്. എന്നാലിപ്പോള്‍ കേവലഭൂരിപക്ഷത്തിനും ഒരു സീറ്റ് അധികം നേടി അധികാരത്തിലെത്തുമ്പോള്‍ യുഡിഎഫ് ക്യാമ്പിന് തലവേദനകള്‍ ഏറെയാണ്. അടുത്ത അഞ്ച് വര്‍ഷം ഭരിയ്ക്കുകയെന്നാല്‍ ഏറെ വിഷമം പിടിച്ച സംഗതിയാണെന്ന് അവര്‍ സമ്മതിച്ചു കഴിഞ്ഞു.

കൂടുതല്‍ ഭൂരിപക്ഷത്തോടെ വി.എസ്സും ഉമ്മന്‍ചാണ്ടിയും ജയിച്ചതും റെക്കോര്‍ഡ് ഭൂരിപക്ഷം കുഞ്ഞാലിക്കുട്ടി നേടിയതും ശ്രദ്ധേയമായി. മുന്‍മന്ത്രി ടി.എം ജേക്കബ് നേരിയ ഭൂരിപക്ഷത്തോടെയാണ് എം.എല്‍.എ ആയത്. കെ.എം മാണിയുടെ ഭൂരിപക്ഷം കുറഞ്ഞതും ഗൗരിയമ്മയും എം.വി രാഘവനും തോല്‍വിയറിഞ്ഞതും യുഡിഎഫ് മുന്നണിയില്‍ കലാപം വിതയ്ക്കാന്‍ സാധ്യതയുണ്ട്.

വിഎസ് മന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന പ്രേമചന്ദ്രനും, കടന്നപ്പള്ളിയും സുരേന്ദ്രന്‍പിള്ളയും തോറ്റു. ആര്‍.ബാലകൃഷ്ണപിള്ളയുടെ മണ്ഡലത്തില്‍ ആയിഷാപോറ്റി വീണ്ടും ജയിച്ചു. മുരളീധരനും പി.ജെ ജോസഫും ശക്തിതെളിയിച്ചു.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ലഭിച്ചുകഴിഞ്ഞാല്‍ ശനിയാഴ്ച ഔദ്യോഗിക വിജ്ഞാപനമുണ്ടാകും. ശനിയാഴ്ചയ്ക്കുശേഷം ഏത് ദിവസത്തിലും പുതിയ മന്ത്രിസഭയ്ക്ക് അധികാരമേല്‍ക്കാം.

0 അഭിപ്രായ(ങ്ങള്‍) :

Post a Comment