നാളൊരു പാടായി ഗൂഗിളിന്റെ ക്ളൗഡ് അധിഷ്ഠിത ഓണ്‍ലൈന്‍ സ്റ്റോറേജ് സംവിധാനത്തെ കുറിച്ച് കേള്‍ക്കാന്‍ തുടങ്ങിയിട്ട്,കൃത്യമായി പറഞ്ഞാല്‍ 2006 ഒടുവില്‍. സൈബര്‍ ലോകം ക്ളൗഡ് കമ്പ്യൂട്ടിംഗ് എന്ന വാക്കും അക്കാലം മുതലാണ് കേട്ടുതുടങ്ങിയതും. ഹാര്‍ഡ് ഡിസ്കുകള്‍ സങ്കല്‍പ്പം മാത്രമാക്കുന്ന ഇന്റര്‍നെറ്റുമായി ബന്ധപ്പെടുത്തി പ്രവര്‍ത്തിക്കുന്ന നെറ്റ് വര്‍ക്ക് കമ്പ്യൂട്ടറുകള്‍ യാഥാര്‍ഥ്യമാക്കുന്ന ഗൂഗിള്‍ ജി ഡ്രൈവ് വരുന്നുവെന്നായിരുന്നു ആദ്യ വാര്‍ത്തകള്‍.
എന്നാല്‍ ആന്‍ഡ്രോയിഡ് അടക്കം തരംഗമായ നിരവധി ഉല്‍പ്പന്നങ്ങള്‍ ഗൂഗിളില്‍ നിന്ന് പുറത്തുവന്നെങ്കിലും ജി ഡ്രൈവിനെ കുറിച്ച് മൗനം പാലിച്ചു. കാലം മുന്നോട്ടുപാഞ്ഞപ്പോള്‍ ക്ളൗഡ് അധിഷ്ഠിത സ്റ്റോറേജിന്റെ സാധ്യത മനസിലാക്കിയ മറ്റു കമ്പനികള്‍ ഓണ്‍ലൈന്‍ സ്റ്റോറേജ് രംഗത്തേക്ക് തിരിഞ്ഞു. 2008 ഒടുവില്‍ അവതരിപ്പിച്ച ഡ്രോപ്പ്ബോക്സ്,ആപ്പിളിന്റെ ഐ ഡ്രൈവ്,മൈക്രോസോഫ്റ്റിന്റെ സ്കൈഡ്രൈവ് തുടങ്ങിയവയാണ് ഇതില്‍ നേട്ടമുണ്ടാക്കിയ കമ്പനികള്‍. 2012 ഏപ്രില്‍ അവസാനവാരമാണ് ഗൂഗിള്‍ 'ഗൂഗിള്‍ ഡ്രൈവ് 'എന്ന അധിഷ്ഠിത സേവനം പ്രഖ്യാപിച്ച് ഈ രംഗത്തേക്ക് കടന്നുവന്നത്.
ഡോക്യുമെന്റുകളും ഫയലുകളും സ്പ്രെഡ്ഷീറ്റുകളുമെല്ലാം ഓണ്‍ലൈനില്‍ സൂക്ഷിക്കാനുള്ള സേവനമായ ഗൂഗിള്‍ ഡോക്സിന്റെ മറ്റൊരു രൂപമാണ് ഗൂഗിള്‍ ഡ്രൈവ്. മറ്റു സമാന സേവനങ്ങളെ അപേക്ഷിച്ച് 'ഡ്രൈവി'ന്റെ പ്രത്യേകതയും ഇതാണ്. ഗൂഗിള്‍ അക്കൗണ്ടുള്ളവര്‍ക്ക് അഞ്ച് ജി.ബി വരെ സൗജന്യ സ്റ്റോറേജാണ് 'ഡ്രൈവ്' വാഗ്ദാനം ചെയ്യുന്നത്. പണം കൊടുത്താല്‍ ഒരു ടി.ബി (ടെറാബൈറ്റ്) വരെ ഡാറ്റ സംഭരിക്കാനാകും. പി.ഡി.എഫ് അടക്കം 30ഓളം ഫയല്‍ഫോര്‍മാറ്റുകളെ പിന്തുണക്കുന്ന 'ഡ്രൈവ്' ഡൗണ്‍ലോഡ് പി.സിയിലോ ലാപ്ടോപ്പിലോ ഇന്‍സ്റ്റാള്‍ ചെയ്യാം. ആന്‍ഡ്രോയിഡ് ഫോണിലോ ടാബ്ലെറ്റിലോ ആപ്ലിക്കേഷനായും ഡ്രൈവ് ഇന്‍സ്റ്റാള്‍ ചെയ്യാം. ഐ ഫോണില്‍ ഉപയോഗിക്കാനാകുന്ന ആപ്ലിക്കേഷന്‍ അധികം വൈകാതെ പുറത്തിറക്കുമെന്നും ഗൂഗിള്‍ പറയുന്നു. സ്ക്രീന്‍ റീഡര്‍ എന്ന സങ്കേതം ഉപയോഗിച്ച് അന്ധര്‍ക്കും അധികം ൈകാതെ 'ഡ്രൈവ്' ഉപയോഗിക്കാനാകും . ഇതില്‍ സൂക്ഷിക്കുന്ന വീഡിയോകള്‍ ഗൂഗിള്‍ പ്ലസിലും ലഭ്യമാകും. സൂക്ഷിച്ചിട്ടുള്ള ഫയലുകള്‍ കീവേര്‍ഡ് ഉപയോഗിച്ച് സേര്‍ച്ച് ചെയ്യാനും കഴിയും.
25ജി.ബിക്ക് പ്രതിമാസം 2.49 ഡോളര്‍, 100 ജി.ബിക്ക് പ്രതിമാസം 4.49 ഡോളര്‍,ഒരു ടി.ബിക്ക് പ്രതിമാസം 49.99 ഡോളര്‍. പെയ്ഡ് അക്കൗണ്ടിലേക്ക് മാറിയാല്‍ നിങ്ങളുടെ ജിമെയില്‍ അക്കൗണ്ടിന്റെ സംഭരണ ശേഷി 25 ജി.ബിയായി വര്‍ധിക്കുകയും ചെയ്യും. ഡ്രൈവ് ഉപയോഗിച്ചുതുടങ്ങാന്‍ ഇവിടെ ക്ളിക്ക് ചെയ്യുക( https://drive.google.com/start#home)
0 അഭിപ്രായ(ങ്ങള്‍) :
Post a Comment