ധ്യാനത്തിലേക്ക് സ്വാഗതം !

കണ്ണ് തുറന്നു പുറത്തേക്കു നോക്കണേ..കണ്ണടച്ച് അകത്തേക്കും!

SUNILMANJERI. MOB:9895 34 56 16

SUNILMANJERI. MOB:9895 34 56 16

SUNILMANJERI MOB:9895 34 56 16

Friday, June 27, 2014

അടിമുടി പുതുമകളുമായി 'ആന്‍ഡ്രോയ്ഡ് എല്‍'



Google I/O ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ മുഖ്യപ്രഭാഷണം നടത്തുന്ന സുന്ദര്‍ പിച്ചായ് - ചിത്രം : റോയിട്ടേഴ്‌സ്


ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് 4.4.4 അപ്‌ഡേറ്റ് ഗൂഗിളിന്റെ നെക്‌സസ് ഫോണുകളിലും ടാബുകളിലും ലഭിച്ചുതുടങ്ങിയത് ഏതാനും ദിവസം മുമ്പാണ്. കഴിഞ്ഞ ദിവസം ഇന്ത്യയിലും നെക്‌സസ് ഉപകരണങ്ങളില്‍ പുതിയ അപ്‌ഡേറ്റ് എത്തി. കിറ്റ്കാറ്റിന്റെ ഏറ്റവും ഒടുവിലത്തെ അപ്‌ഡേറ്റാണത്.

പുതിയ ആന്‍ഡ്രോയ്ഡ് വേര്‍ഷന്‍ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ Google I/O ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ്, കിറ്റ്കാറ്റ് അപ്‌ഡേറ്റ് എത്തിയതെന്ന് ടെക് വിദഗ്ധര്‍ പ്രവചിച്ചു. ആ പ്രവചനം ശരിവെച്ചുകൊണ്ട് 'L' എന്ന് കോഡുനാമം നല്‍കിയിട്ടുള്ള പുതിയ ആന്‍ഡ്രോയ്ഡ് പതിപ്പിന്റെ വിശേഷങ്ങള്‍ കോണ്‍ഫറന്‍സില്‍ അവതരിപ്പിക്കപ്പെട്ടു.

ഇതുവരെയുള്ള പതിപ്പുകളില്‍നിന്നെല്ലാം വ്യത്യസ്തമാണ് 'ആന്‍ഡ്രോയ്ഡ് എല്‍' ( Android L ). അതിന്റെ യഥാര്‍ഥനാമം എന്താണ് എന്നതിനെപ്പറ്റി ടെക് വിദഗ്ധര്‍ക്കിടയില്‍ തര്‍ക്കം നടക്കുന്നുണ്ടെങ്കിലും ഗുഗിള്‍ ഒരു സൂചനയും നല്‍കിയിട്ടില്ല.

കെട്ടിലും മട്ടിലും പുതുമകളുമായാണ് ആന്‍ഡ്രോയ്ഡ് എല്‍ എത്തുന്നത്. ഇതുവരെയുള്ളതില്‍ ഏറ്റവും സമഗ്രമായ അവതരണമാണിതെന്നും, മൊബൈല്‍ മാത്രമല്ല, അതിനപ്പുറത്തുള്ള സംഗതികള്‍ക്കൂടി മുന്നില്‍കണ്ടാണ് ആന്‍ഡ്രോയ്ഡ് എല്‍ തയ്യാറാക്കുന്നതെന്നും, ക്രോമിന്റെയും ആന്‍ഡ്രോയ്ഡിന്റെയും ചുമതല വഹിക്കുന്ന ഗൂഗിള്‍ സീനിയര്‍ വൈസ് പ്രസിഡന്റ് സുന്ദര്‍ പിച്ചായ് മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു.

പിച്ചായ് പറഞ്ഞത് ശരിയാണെന്ന് ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ അവതരിപ്പിക്കപ്പെട്ട സംഗതികള്‍ വ്യക്തമാക്കുന്നു. സ്മാര്‍ട്ട്‌ഫോണുകളും ടാബ്‌ലറ്റുകളും മാത്രമല്ല, ടിവി, വാച്ച്, കാറുകള്‍ തുടങ്ങിയവയൊക്കെ ഉള്‍പ്പെടുന്ന ഒന്നായി ആന്‍ഡ്രോയ്ഡ് ഇക്കോസിസ്റ്റം പരിണമിക്കുന്നതിന്റെ സൂചനയാണ് സാന്‍ ഫ്രാന്‍സിസ്‌കോയില്‍ കണ്ടത്.

'പുതിയ ആന്‍ഡ്രോയ്ഡ് പതിപ്പിന് 5000 ലേറെ എപിഐകളുണ്ട് (APIs)' - പിച്ചായ് അറിയിച്ചു. തേര്‍ഡ്പാര്‍ട്ടി ആപ്ലിക്കേഷനുകള്‍ക്ക് അത്ര വൈവിധ്യമാര്‍ന്ന സാധ്യതയാണ് ഇത് തുറുന്നുതരുന്നത്.

മെറ്റീരിയല്‍ ഡിസൈന്‍ ( Meterial Design ) 

ഡിസൈനില്‍ കാതലായ മാറ്റം വരുന്നു എന്നതാണ് ആന്‍ഡ്രോയ്ഡ് എല്‍ പതിപ്പിനെ അതിന്റെ മുന്‍ഗാമികളില്‍നിന്ന് വ്യത്യസ്തമാക്കുന്ന പ്രധാന ഘടകം. അതിനായി ഗൂഗിള്‍ കൊണ്ടുവന്നിരിക്കുന്ന നൂതന സങ്കേതത്തിന് 'മെറ്റീരിയല്‍ ഡിസൈന്‍' എന്നാണ് പേര്. ദ്വിമാന സ്‌ക്രീനില്‍ ഒരു ത്രിമാന ദൃശ്യഭംഗി ലഭിക്കാന്‍ ഇത് സഹായിക്കും.

ഡെവലപ്പര്‍മാര്‍ക്ക് തങ്ങളുടെ ആപ്പുകള്‍ പുതിയ സ്റ്റൈലില്‍ അവതരിപ്പിക്കാന്‍ മെറ്റീരിയല്‍ ഡിസൈന്‍ വഴിയൊരുക്കുമെന്ന് ഗൂഗിള്‍ ബ്ലോഗ് പറയുന്നു. പുതിയ ജ്യോമട്രിക് ബട്ടണുകള്‍ യൂസര്‍ ഇന്റര്‍ഫേസിലേക്ക് ചേര്‍ക്കാനും മെറ്റീരിയല്‍ ഡിസൈന്‍ സഹായിക്കും. അപ്‌ഡേറ്റ് ചെയ്യപ്പെട്ട സിസ്റ്റം ഫോണ്ടില്‍ സ്പര്‍ശിക്കുന്ന യൂസര്‍ക്ക്, യഥാര്‍ഥവസ്തുവിനെ തൊടുന്ന അനുഭവമുണ്ടാകും. ആനിമേഷന്റെയും ഉയര്‍ന്ന കോണ്‍ട്രാസ്റ്റിന്റെയുമൊക്കെ സഹായത്തോടെ യൂസര്‍ ഇന്റര്‍ഫേസിന് അടിമുടി പുതുമ അനുഭവപ്പെടും.

മെറ്റീരിയല്‍ ഡിസൈന്‍ ആന്‍ഡ്രോയ്ഡില്‍ മാത്രം ഒതുങ്ങില്ല, ക്രോം ഒഎസിലേക്കും എത്തിക്കാനാണ് ഗൂഗിള്‍ ഉദ്ദേശിക്കുന്നത്.

ആന്‍ഡ്രോയ്ഡ് റണ്‍ടൈം ( Android Runtime - ART )

പ്രൊസസറിന്റെ മെച്ചപ്പെട്ട പ്രകടനത്തിന് ഗൂഗിള്‍ അവതരിപ്പിക്കുന്നതാണ് ആന്‍ഡ്രോയ്ഡ് റണ്‍ടൈം (എ ആര്‍ ടി). അത് സിസ്റ്റം ഡിഫോള്‍ട്ടായി ഉള്‍പ്പെടുത്തും. മാത്രമല്ല, 64-ബിറ്റ് ആര്‍ക്കിടെക്ചറിനുള്ള പിന്തുണയും പുതിയ ആന്‍ഡ്രോയ്ഡിലുണ്ടാകും. അതിനാല്‍ ജാവ ലാംഗ്വേജിലെഴുതിയ ആപ്പുകള്‍ ഒരു പരിഷ്‌ക്കരണവും കൂടാതെ ആന്‍ഡ്രോയ്ഡില്‍ ഓടും. ജാവാ പ്രേമികളെ തീര്‍ച്ചയായും ആഹ്ലാദിപ്പിക്കുന്ന വാര്‍ത്തയാണിത്.

ആന്‍ഡ്രോയ്ഡ് എല്‍ പതിപ്പില്‍ OpenGL ES 3.1 വഴി മെച്ചപ്പെട്ട ഗ്രാഫിക്‌സും ലഭ്യമാക്കുമെന്ന് ഗൂഗിള്‍ പറയുന്നു. ഗെയിം ആപ്പുകള്‍ നിര്‍മിക്കുന്നവര്‍ക്ക് കൂടുതല്‍ ദൃശ്യഭംഗിയോടെ അതുള്‍പ്പെടുത്താന്‍ ഇത് സഹായിക്കും.

ബാറ്ററി ആയുസിന് പ്രോജക്ട് വോള്‍ട്ട ( Project Volta )

സ്മാര്‍ട്ട്‌ഫോണുകളില്‍ വേഗം ബാറ്ററി ചോര്‍ന്നുപോകുന്ന പ്രശ്‌നവും ആന്‍ഡ്രോയഡ് എല്‍ കാര്യമായി പരിഗണിക്കുന്നുണ്ട്. ഇരട്ടി വേഗത്തില്‍ കാര്യങ്ങള്‍ നിര്‍വഹിക്കുമ്പോള്‍തന്നെ മെച്ചപ്പെട്ട ബാറ്ററി ലൈഫ് ഉറപ്പുവരുത്താനായി ഗൂഗിള്‍ പ്രഖ്യാപിച്ചിട്ടുള്ളതാണ് പ്രോജക്ട് വോള്‍ട്ട.

സാങ്കേതികമായ ചില മാറ്റങ്ങള്‍ ഉള്‍പ്പെടുത്തി ബാറ്ററി ആയുസ് മെച്ചപ്പെടുത്തുകയാണ് ആന്‍ഡ്രോയ്ഡ് എല്‍ പതിപ്പില്‍ പ്രോജക്ട് വോള്‍ട്ട ചെയ്യുക. വൈഫൈ, ജിപിഎസ്, സിപിയു തുടങ്ങി ബാറ്ററി ഊറ്റുന്ന എല്ലാ സംഗതികളെയും കൂടുതല്‍ ഊര്‍ജക്ഷമതയുള്ളതാക്കി മാറ്റും. മുമ്പ് സൂചിപ്പിച്ച എ ആര്‍ ടി സങ്കേതവും ബാറ്ററിയുടെ ഉപയോഗം കുറയ്ക്കാന്‍ സഹായിക്കും.

കുറഞ്ഞ ബാറ്ററി ഉപയോഗംകൊണ്ട് ആപ്പുകളുടെ പ്രവര്‍ത്തനം ഉറപ്പുവരുത്താന്‍ ഡെവലപ്പര്‍മാരെ സഹായിക്കാന്‍ 'ബാറ്ററി ഹിസ്റ്റോറിയന്‍' ( Battery Historian ) എന്നൊരു സങ്കേതവും ആന്‍ഡ്രോയ്ഡ് എല്‍ പതിപ്പിന്റെ ഭാഗമായി ഗൂഗിള്‍ അവതരിപ്പിച്ചിട്ടുണ്ട്.

പുതിയ നോട്ടിഫിക്കേഷനുകള്‍ 

ആന്‍ഡ്രോയ്ഡ് എല്‍ പതിപ്പില്‍ നോട്ടിഫിക്കേഷനിലും കാര്യമായ മാറ്റം വരികയാണ്. ഫോണിന്റെ ഹോംസ്‌ക്രീന്‍ അണ്‍ലോക്ക് ചെയ്യാതെ തന്നെ നോട്ടിഫിക്കേഷനുകള്‍ കാണാനും അതിന്റെ ഉള്ളടക്കം മസിലാക്കാനും പുതിയ ആന്‍ഡ്രോയ്ഡില്‍ കഴിയും. യൂസര്‍ മറ്റൊരു ആപ്പ് ഉപയോഗിച്ചുകൊണ്ടിരിക്കുകയാണെങ്കില്‍, ചെറിയ ഫ്ലോട്ടിങ് വിന്‍ഡോ ആയി നോട്ടിഫിക്കേഷനുകള്‍ പ്രത്യക്ഷപ്പെടും. ഡെവലപ്പര്‍മാര്‍ക്ക് തങ്ങളുടെ ബ്രാന്‍ഡിനനുസരിച്ച് വ്യത്യസ്ത വര്‍ണങ്ങള്‍ നോട്ടിഫിക്കേഷനുകളില്‍ ഉള്‍പ്പെടുത്താം.

തൊട്ടുമുമ്പ് ചെയ്ത പ്രവര്‍ത്തനങ്ങള്‍ ചതുരകാര്‍ഡുകളായാണ് കിറ്റ്കാറ്റില്‍ പ്രത്യക്ഷപ്പെടുക. ആന്‍ഡ്രോയ്ഡ് എല്‍ പതിപ്പില്‍ അതിലും കാര്യമായ മാറ്റം വരും.

നിങ്ങളുടെ ഹാന്‍ഡ്‌സെറ്റിലുള്ള ഡേറ്റ എങ്ങനെ പങ്കിടണമെന്ന കാര്യത്തില്‍ കൂടുതല്‍ നിയന്ത്രണം ആന്‍ഡ്രോയ്ഡ് ഉപയോക്താവിന് ഉണ്ടാകും. അതിനായി ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നതാണ് 'യൂണിവേഴ്‌സല്‍ ഡേറ്റ കണ്‍ട്രോള്‍ എല്‍' ( Universal Data Control L ). ഫോണിനെ ജോലി സ്ഥലത്ത് ഒരു മോഡിലും പേഴ്‌സണല്‍ ഉപയോഗത്തിന് പേഴസണല്‍ മോഡിലുമാക്കാന്‍ ഇതുവഴി സാധിക്കും.

സാംസങ് നോക്‌സ് ആന്‍ഡ്രോയ്ഡിലേക്ക്

ശ്രദ്ധേയമായ ഒരു സംഗതി, തങ്ങളുടെ ഫോണുകളിലെ ഡേറ്റാസുരക്ഷയ്ക്കായി സാംസങ് വികസിപ്പിച്ച 'നോക്‌സ് സെക്യൂരിറ്റി ടെക്‌നോളജി' ( Knox Security Technology ) ആന്‍ഡ്രോയ്ഡ് എല്‍ പതിപ്പിലെത്തുന്നു എന്നതാണ്.

മാത്രമല്ല, ഗൂഗിളിന്റെ ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ ആന്‍ഡ്രോയ്ഡിലോടുന്ന 'ഗിയര്‍ ലൈവ്' ( Gear Live ) എന്ന സ്മാര്‍ട്ട്‌വാച്ച് സാംസ്ങ് അവതരിപ്പിച്ചതും ശ്രദ്ധേയമായി. സാസംങും ഗൂഗിളും തമ്മില്‍ വളര്‍ന്നുവന്ന സ്പര്‍ധയ്ക്ക് ശമനമുണ്ടാകുന്നു, ഇരുകമ്പനികളും വീണ്ടും യോജിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നു എന്നതിന്റെ സൂചനയായി ഇത് കാണാം. (കടപ്പാട് : ഗൂഗിള്‍, വിവിധ വാര്‍ത്താഏജന്‍സികള്‍) 

Thursday, April 03, 2014