Tuesday, December 21, 2010

സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് ഇനി ചിപ്പ് യുദ്ധം




ഇത്രകാലവും സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മിക്കുന്ന കമ്പനികള്‍ തമ്മിലായിരുന്നു മത്സരം. ഇപ്പോള്‍ സ്മാര്‍ട്ട്‌ഫോണിന്റെ പേരില്‍ ചിപ്പ് കമ്പനികളും നേര്‍ക്കുനേര്‍ വരികയാണ്. ബില്‍ട്ട്-ഇന്‍ ഗ്രാഫിക്‌സോടു കൂടിയ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ചിപ്പുമായി ഇന്റല്‍ രംഗത്തെത്തിയതോടെയാണ് മത്സരത്തിന് കളമൊരുങ്ങിയത്. ഭൂരിഭാഗം സ്മാര്‍ട്ട്‌ഫോണ്‍ ചിപ്പുകളും രൂപകല്‍പ്പന ചെയ്യുന്ന 'ആം' (ARM) കമ്പനിയുമായി നേരിട്ട് മത്സരിക്കാന്‍ ഇതോടെഇന്റല്‍ രംഗത്തെത്തുകയാണെന്ന് വിലയിരുത്തപ്പെടുന്നു.

അടുത്തയാഴ്ച അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നടക്കുന്ന ഡവലപ്പര്‍ ഫോറം സമ്മേളനത്തിലാണ്, പുതിയ ചിപ്പ്‌സെറ്റ് ഇന്റല്‍ അവതരിപ്പിക്കുക. 'മൂര്‍സ്ടൗണ്‍' (Moorestown) എന്ന് കോഡ് നാമം നല്‍കിയിട്ടുള്ള ഇന്റലിന്റെ പുതിയ ചിപ്പ് സ്മാര്‍ട്ട് ഫോണ്‍ വിഷ്വല്‍സ് കൂടുതല്‍ കാര്യക്ഷമതയോടെ സാധ്യമാക്കും. കമ്പ്യൂട്ടറുകളില്‍ പ്രത്യേകം ഗ്രാഫിക്‌സ് ചിപ്പ് വേണമെന്ന അവസ്ഥയും ഒഴിവാക്കും. അതേസമയം, നിലവിലുള്ള മോഡലുകളെ അപേക്ഷിച്ച് അഞ്ച് മടങ്ങ് വേഗമേറിയ പുതിയൊരു മൊബൈല്‍ഫോണ്‍ ചിപ്പ് ആം കമ്പനിയും അവതരിപ്പിച്ചു കഴിഞ്ഞു. 

മൊബൈല്‍ഫോണ്‍ ഹാന്റ്‌സെറ്റുകളുടെയും സ്മാര്‍ട്ട്‌ഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റങ്ങളുടെയും കണക്ഷന്റെയുമൊക്കെ മേഖലയിലായിരുന്നു ഇതുവരെ പൊരിഞ്ഞ മത്സരം നടന്നിരുന്നത്. ഭാവിയുടെ ആശയവിനിമയ, വിനോദ ഉപാധിയെന്ന നിലയ്ക്ക് സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് വലുതും ചെറുതുമായ ഒട്ടേറെ കമ്പനികള്‍ ഭാഗ്യം പരീക്ഷിക്കുന്നുമുണ്ട്. ആപ്പിളും ഗൂഗിളും നോക്കിയയും മുതല്‍ ചൈനീസ് കമ്പനികള്‍ വരെ മൊബൈല്‍ രംഗത്ത് ഒരുകൈ നോക്കുന്നു. അതിനിടെയാണ്, ഇന്റലും ഈ രംഗത്തേക്ക് എത്തുന്നത്.

ഇന്റല്‍ ഇപ്പോള്‍ ഒറ്റ യൂണിറ്റായി വില്‍ക്കുന്ന ചിപ്പ്‌സെറ്റുകളില്‍ യഥാര്‍ഥത്തില്‍ രണ്ടു ഭാഗങ്ങളുണ്ട്; ഒരു സെന്‍ട്രല്‍ പ്രോസസിങ് യൂണിറ്റും (CPU), ഗ്രാഫിക് പ്രോസസിങ് യൂണിറ്റും (GPU). സാധാരണ കമ്പ്യൂട്ടറുകളില്‍ ഇത്തരം ചിപ്പ്‌സെറ്റുകള്‍ ഉപയോഗിക്കുമ്പോള്‍ ഊര്‍ജോപയോഗം അത്ര പ്രശ്‌നമല്ല. എന്നാല്‍, ലാപ്‌ടോപ്പുകളുടെയും സ്മാര്‍ട്ട് ഫോണുകളുടെയും കാര്യത്തില്‍ ഊര്‍ജക്ഷമത പ്രധാനമാണ്. ബില്‍ട്ട്-ഇന്‍ ഗ്രാഫിക്‌സോടു കൂടിയ ചിപ്പുകള്‍ തീര്‍ച്ചയായും ഊര്‍ജോപയോഗം കുറയ്ക്കും, ഫോണുകള്‍ക്ക് കൂടുതല്‍ ബാറ്ററി ലൈഫ് ലഭിക്കും. 

യഥാര്‍ഥത്തില്‍ 2008 ല്‍ 'ആറ്റം' (Atom) ചിപ്പുകളുമായി മൊബൈല്‍ രംഗത്തേക്ക് കടക്കാന്‍ ഇന്റല്‍ ശ്രമിച്ചതാണ്. ഇന്റലിന്റെ സാധാരണ ചിപ്പ്‌സെറ്റുകളെക്കാള്‍ ചെറുതായിരുന്നു ആറ്റമെങ്കിലും, അതിലും സി.പി.യു, ജി.പി.യു. എന്നിവ വേര്‍തിരിക്കപ്പെട്ട നിലയില്‍ തന്നെയായിരുന്നു. സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് അനുയോജ്യമല്ലാത്ത വിധത്തിലുള്ളതായിരുന്നു അത്. ചിപ്പ്‌സെറ്റുകളുടെ വലിപ്പവും ഊര്‍ജോപയോഗവും കുറയ്ക്കാന്‍ ഇന്റല്‍ നടത്തുന്ന തിരക്കിട്ട ശ്രമങ്ങളുടെ ഭാഗമാണ് പുതിയ നീക്കമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നു. 

ആഗോളവിപണിയില്‍ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ സ്മാര്‍ട്ട്‌ഫോണുകളുടെ വില്‍പ്പന പേഴ്‌സണല്‍ കമ്പ്യൂട്ടറുകളെ കടത്തിവെട്ടുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആ നിലയ്ക്കുള്ള വളര്‍ച്ചയാണ് സ്മാര്‍ട്ട്‌ഫോണ്‍ വിപണി രേഖപ്പെടുത്തുന്നത്. അതേസമയം, പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ വില്‍പ്പന കണക്കറ്റ് വര്‍ധിക്കുന്നുമില്ല. ഇത്തരമൊരു പരിസ്ഥിതിയില്‍, ചിപ്പ് കമ്പനികളും പുതിയ സാഹചര്യം മുതലാക്കാന്‍ ശ്രമിക്കും. ഇന്റലിന്റെ നീക്കം ഇത്തരത്തിലാണ് കാണേണ്ടത്. 

നിലവില്‍ ബഹുഭൂരിപക്ഷം സ്മാര്‍ട്ട്‌ഫോണുകളിലും ഉപയോഗിക്കുന്ന ചിപ്പ്‌സെറ്റ് ആം കമ്പനി രൂപകല്‍പ്പന ചെയ്തതാണ്. ആപ്പിളിന്റെ ഐപാഡിലും ഐഫോണ്‍ 4 ലും ഉപയോഗിച്ചിട്ടുള്ള A4 ചിപ്പു പോലും ആം കമ്പനിയുടെ ഡിസൈന്‍ ആണ്. ആം കമ്പനി സ്മാര്‍ട്ട്‌ഫോണ്‍ ചിപ്പുകള്‍ രൂപകല്‍പ്പന ചെയ്യാറേയുള്ളു, നിര്‍മിക്കാറില്ല. ആപ്പിളിന്റെ ചിപ്പ്‌സെറ്റ് നിര്‍മിക്കുന്നത് ആപ്പിള്‍ തന്നെയാണ്. 

ഒരുപക്ഷേ, ഐടി മേഖലയില്‍ ഏറ്റവും കുറച്ച് അറിയപ്പെടുന്ന, അതേസമയം ഏറ്റവുമധികം ലാഭമുണ്ടാക്കുന്ന സ്ഥാപനമാണ് ആം കമ്പനി. അവര്‍ രൂപകല്‍പ്പന ചെയ്ത പുതിയ ചിപ്പിന്റെ പേര് Cortex-A15 MPCore എന്നാണ്. 2.5 ഏഒ്വ ആണ് അതിന്റെ വേഗം, നിലവിലുള്ള സ്മാര്‍ട്ട്‌ഫോണ്‍ ചിപ്പുകളെക്കാളും അഞ്ചുമടങ്ങ് കൂടുതല്‍. വേഗം കൂടിയെന്നു വെച്ച് ഊര്‍ജോപയോഗം വര്‍ധിക്കുന്നില്ല എന്നതാണ് ആം കമ്പനിയുടെ പുതിയ ചിപ്പിന്റെ പ്രത്യേകത. ഐപാഡും ഐഫോണുമൊക്കെ അഞ്ചിരട്ടി വേഗത്തില്‍ പ്രവര്‍ത്തിക്കുന്ന കാര്യം സങ്കല്‍പ്പിച്ചു നോക്കൂ.

ലോകത്ത് ദിവസവും ഏതാണ്ട് പത്തുലക്ഷം സ്മാര്‍ട്ട്‌ഫോണുകള്‍ വീതം വിറ്റുപോകുന്നു എന്നാണ് കണക്ക്. അതില്‍ ഒന്നില്‍ പോലും ഇന്റലിന്റെ ചിപ്പില്ല എന്നത് കമ്പനിക്കു മേല്‍ കടുത്ത സമ്മര്‍ദമാണ് ഏല്‍പ്പിക്കുന്നത്. 30 വര്‍ഷമായി കമ്പ്യൂട്ടര്‍ ചിപ്പ് രംഗത്തെ കിരീടംവെയ്ക്കാത്ത രാജാക്കന്‍മാരായ ഇന്റലിന് സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തെ മാറ്റത്തിനൊത്ത് എത്താന്‍ കഴിഞ്ഞിട്ടില്ല. അത് പരിഹരിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ കമ്പനി നടത്തുന്നത്.


0 അഭിപ്രായ(ങ്ങള്‍) :

Post a Comment