Monday, March 14, 2011

ശബ്ദം മാത്രമല്ല, ഭാവിയില്‍ 'സാന്നിധ്യവും' ഫോണിലൂടെ അയയ്ക്കാം



Posted on: 13 Mar 2011





സെല്‍ഫോണുകളുടെ ലോകത്തെ മാറ്റം പുതുമയല്ല. വെറും സെല്‍ഫോണ്‍ സ്മാര്‍ട്ട് ഫോണാകുന്നതും, സ്മാര്‍ട്ട്‌ഫോണുകള്‍ നമ്മുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കുന്നതും സമീപകാല ചരിത്രമാണ്. മാറ്റത്തിന്റെ കാര്യത്തില്‍ സെല്‍ഫോണുകളോട് കിടപിടിക്കും റോബോട്ടുകളും. ഒരേ പോലെ മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന ഈ രണ്ടു മേഖലയും സമ്മേളിച്ചാലോ, അത്ഭുതങ്ങളാകും സംഭവിക്കുക.

അതിന്റെ സൂചനയാണ് 'എല്‍ഫോയിഡ്' (Elfoid). ഭാവിയില്‍ സെല്‍ഫോണായി രൂപമാറ്റം സംഭവിക്കാന്‍ സാധ്യതയുള്ള രീതിയില്‍ രൂപകല്‍പ്പന ചെയ്യപ്പെട്ടിട്ടുള്ള റോബോട്ടാണിത്. പോക്കറ്റിലൊതുങ്ങുന്ന, ഭ്രൂണത്തിന്റെ ആകൃതിയുള്ള റോബോട്ടാണ് എല്‍ഫോയിഡ്.

നിങ്ങളുടെ ശബ്ദം മാത്രമല്ല, സാന്നിധ്യം കൂടി സംപ്രേക്ഷണം ചെയ്യാന്‍ സഹായിക്കുന്നതാണ് എല്‍ഫോയിഡ്. ആരെയാണോ വിളിക്കുന്നത് അയാളോട് 'ഇപ്പോള്‍ എന്നെ അറിയുന്നുണ്ടോ' എന്ന് നിങ്ങള്‍ക്ക് ചോദിക്കുകയുമാകാം.

ജപ്പാനില്‍ ഒസാക്ക സര്‍വകലാശാലയിലെ ഫ്രൊഫസര്‍ ഹിരോഷി ഇഷിഗുരോയും സംഘവുമാണ് എല്‍ഫിലോയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്. ഉപയോഗിക്കുന്നയാളുടെ തലയുടെയും മുഖത്തിന്റെയുമൊക്കെ ചലനങ്ങള്‍ ഒരു മോഷന്‍ കാപ്ച്വര്‍ സംവിധാനത്തിലുടെ പിടിച്ചടുക്കുന്ന എല്‍ഫോയിഡ്, അതും നമ്മുടെ ശബ്ദത്തോടൊപ്പം അങ്ങേത്തലയ്ക്കലെത്തിക്കുന്നു. ഇതാണ് ഇതിലെ അടിസ്ഥാന ആശയം.

കഴിഞ്ഞ ആഗസ്തില്‍ ഇഷിഗുരോയും സഹപ്രവര്‍ത്തകരും 'ടെലിനോയിഡ്' എന്നൊരു അസാധാരണ റോബോട്ടിന് രൂപം നല്‍കിയിരുന്നു. ഒരു ശിശുവിന്റത്ര ആകൃതിയുള്ള അത് മനുഷ്യ സാന്നിധ്യം സംപ്രേഷണം ചെയ്യുന്നതായിരുന്നു. അതിനു പിന്നാലെയാണ് പോക്കറ്റില്‍ കൊണ്ടുനടക്കാവുന്ന വലിപ്പത്തിലുള്ള എല്‍ഫോയിഡിന്റെ വരവ്.


ടെലിനോയിഡിന്റെ പോലത്തന്നെ എല്‍ഫോയിഡും മുഖവും മറ്റും ചലിപ്പിക്കുമെന്ന് ഇഷിഗുറോ പറയുന്നു. ഉപകരണത്തിന്റെ ചലനങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കുന്നതിന് മൈക്രോആക്‌ച്വേറ്റേഴ്‌സ് ഉപയോഗിക്കുമെന്നും അദ്ദേഹം പറയുന്നു.

സെല്‍ഫോണുകള്‍ കൂടുതല്‍ മികറ്റുതാവുകയും സമാര്‍ട്ട്‌ഫോണുകള്‍ കൂടുതല്‍ സ്മാര്‍ട്ടാകുകയും ചെയ്യുമ്പോഴും 'ശബ്ദം' എന്നതുമാത്രമാണ് മാറാതിരിക്കുന്നത്. സംസാരിക്കുമ്പോള്‍ അംഗവിക്ഷേപവും മുഖഭാവങ്ങളും കൂടിയുണ്ടാകുന്നത് ആശയവിനിമയം കൂടുതല്‍ കാര്യക്ഷമമാക്കുന്നു.

മുഷ്യന്റെ പ്രകൃതിദത്തമായ ഈ കഴിവിന്റെ ഒരംശത്തെ ഈ ഉപകരണത്തിലേക്ക് സന്നിവേശിപ്പിക്കുയാണ് ഇഷിഗുറോയും സംഘവും ചെയ്യുന്നത്. എന്നാല്‍, വീഡിയോ കോളിങ് പോലുള്ള സംവിധാനങ്ങള്‍ സാര്‍വത്രികമാകുമ്പോള്‍, ഈ ആശയത്തിന് എത്ര പ്രയോജനമുണ്ടാകും എന്ന ചോദ്യം പ്രസക്തമാണ്.

ക്വാല്‍കോം ജപ്പാന്റെ സഹായത്തോടെ രൂപപ്പെടുത്തിയ ഉപകരണം പരീക്ഷിക്കുന്ന ഗവേഷണത്തില്‍ സഹായിക്കുന്നത് എന്‍ ടി ടി ഡോകോമോയാണ്. ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ ഒരു ത്രീജി കമ്മ്യൂണിക്കേഷന്‍ യൂണിറ്റിന്റെ സഹായത്തോടെയാണ് പരീക്ഷണം നടക്കുന്നത്.

0 അഭിപ്രായ(ങ്ങള്‍) :

Post a Comment