Thursday, August 04, 2011

സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന : നോക്കിയയെയും ആപ്പിളിനെയും കടന്ന് സാംസങ്‌




ദക്ഷിണകൊറിയന്‍ കമ്പനിയായ സാംസങ് ലോക സ്മാര്‍ട്ട്‌ഫോണ്‍ സിംഹാസനത്തിലേക്ക് നീങ്ങുകയാണോ. ഈ രംഗത്തെ വമ്പന്മാരായ ആപ്പിളിനെയും നോക്കിയയെയും പിന്നിലാക്കി സാംസങ് ഒന്നാംസ്ഥാനത്തേക്ക് നീങ്ങുന്നതായാണ് സൂചന!

കഴിഞ്ഞ ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ലോകത്താകെ വിറ്റഴിഞ്ഞ സ്മാര്‍ട്ട്‌ഫോണുകളുടെ എണ്ണം പരിശോധിച്ചാല്‍, സാംസങിന്റെ ഉയര്‍ച്ച മനസിലാകുമെന്ന് 'സ്ട്രാറ്റജി അനാലിറ്റിക്‌സ്' (Strategy Analytics) എന്ന വിശകലന സ്ഥാപനം പറയുന്നു.

ആ മൂന്നുമാസ കാലയളവില്‍ സാംസങ് ലോകത്താകമാനം 210 ലക്ഷം സ്മാര്‍ട്ട്‌ഫോണുകള്‍ വിറ്റപ്പോള്‍, ആപ്പിളിന്റെ 203 ലക്ഷം ഐഫോണുകളാണ് വിറ്റുപോയത്. നോക്കിയയ്ക്കാണെങ്കില്‍ 167 ലക്ഷം സ്മാര്‍ട്ട്‌ഫോണുകളേ ആ സമയത്ത് വില്‍ക്കാനായുള്ളു.

സാംസങിന്റെ പുതിയ ഗാലക്‌സി എസ് 2 സ്മാര്‍ട്ട്‌ഫോണിന് ലോകമെമ്പാടും ലഭിക്കുന്ന ജനപ്രീതിയാണ്, വില്‍പ്പനയില്‍ പ്രതിഫലിക്കുന്നതെന്ന് നിരീക്ഷകര്‍ കരുതുന്നു. ഗൂഗിളിന്റെ മൊബൈല്‍ പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയിഡിന് വര്‍ധിച്ചു വരുന്ന സ്വീകാര്യതയുടെ തെളിവുകൂടിയാണിതെന്നാണ് നിരീക്ഷക മതം.

'സാംസങിന്റെ ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് എല്ലാ പ്രദേശത്തും കാര്യമായ വില്‍പ്പനയുണ്ട്'-സ്ട്രാറ്റജി അനാലിറ്റിക്‌സിലെ നീല്‍ മാസ്റ്റണ്‍ പറഞ്ഞു. ചൈന, ബ്രസീല്‍ പോലുള്ള രാജ്യങ്ങളില്‍ സാംസങിന്റെ ആന്‍ഡ്രോയിഡ് ഫോണുകള്‍ വന്‍തോതിലാണ് വിറ്റഴിയുന്നത്.

സാംസങിന്റെ തന്നെ ഗാലക്‌സി എസ് എന്ന ആന്‍ഡ്രോയിഡ് ഫോണിന്റെ പരിഷ്‌ക്കരിച്ച രൂപമാണ് ഗാലക്‌സി എസ് 2. അതിന്റെ വില്‍പ്പനയ്ക്കായി മെയ് മാസത്തിന് ശേഷം 120 രാജ്യങ്ങളില്‍ 140 മൊബൈല്‍ ഓപ്പറേറ്റര്‍മാരുമായി കരാറിലേര്‍പ്പെടുമെന്ന് മുമ്പ് സാംസങ് അറിയിച്ചിരുന്നു.

പേറ്റന്റിന്റെ പേരില്‍ ആപ്പിളും സാംസങും തമ്മിലുള്ള നിയമയുദ്ധം പുരോഗമിച്ചുകൊണ്ടിരിക്കുന്ന സമയത്താണ്, ആപ്പിളിന്റെ ഐഫോണിനെക്കാള്‍ കൂടുതല്‍ സാംസങ് ഫോണുകള്‍ വിറ്റഴിയുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

സ്മാര്‍ട്ട്‌ഫോണുകള്‍ക്കൊപ്പം അടിസ്ഥാന മോഡലുകളെക്കൂടി ഉള്‍പ്പെടുത്തിയാല്‍, ഈ വര്‍ഷം സാംസങിന്റെ ഫോണ്‍ വിപണിയിലെ വിഹിതം 20 ശതമാനമാണ് ; നോക്കിയയ്ക്ക് 26 ശതമാനവും.                          kadappadu: mathrubhumi 

0 അഭിപ്രായ(ങ്ങള്‍) :

Post a Comment