Posted on: 05 Oct 2011
ഐഫോണ്‍ 5 ആയിരുന്നു എവിടെയും ചര്‍ച്ച. ആപ്പിള്‍ ഐഫോണ്‍ 5 പുറത്തിറക്കുന്നുവെന്ന് പറഞ്ഞാണ് മാധ്യമങ്ങള്‍ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയത്. പക്ഷേ, കാര്യങ്ങള്‍ ഐഫോണ്‍ 4 എസില്‍ നിന്നു, നിലവിലുള്ള ഐഫോണിന്റെ പുതിയ വേര്‍ഷനില്‍.
പഴയ ഫോണിന്റെ പുതിയ വേര്‍ഷനാണെന്നത് നോക്കേണ്ട, പുതിയ ഫീച്ചറുകള്‍ ഏറെയുള്ളതാണ് ഐഫോണ്‍ 4 എസ്. ആപ്പിളിന്റെ ഏറ്റവും പുതിയ മൊബൈല്‍ ഒഎസ് വേര്‍ഷനായ ഐഒഎസ് 5 ലാണിത് പ്രവര്‍ത്തിക്കുക. നോട്ടിഫിക്കേഷന്‍ സെന്റര്‍, ഐമെസേജ് തുടങ്ങി ഇരുന്നൂറോളം പുതിയ ഫീച്ചറുകള്‍, പുതിയ ഐഫോണില്‍ ആപ്പിള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. മ്യൂസിക്, ഫോട്ടോകള്‍ തുടങ്ങിയവ സൂക്ഷിക്കാന്‍ ഐക്ലൗഡില്‍ ഫോണ്‍ സിങ്ക്രണൈസ് ചെയ്താല്‍ മതി.
ഡ്യുവല്‍ കോര്‍ പ്രൊസസറുള്ള ആപ്പിളിന്റെ ആദ്യ ഫോണാണിത്. ഈ ത്രീജി ഫോണിന്റെ ഹാര്‍ഡ്‌വേര്‍ കൂടുതല്‍ കരുത്തുള്ളതാണെന്ന് സാരം. ഡ്യുവല്‍ കോര്‍ എ5 പ്രൊസസറിന്റെ സഹായത്തോടെ, ഐഫോണ്‍ 4 നെ അപേക്ഷിച്ച് ഗ്രാഫിക്‌സുകള്‍ ഏഴ് മടങ്ങ് കൂടുതല്‍ വേഗത്തില്‍ ഇതില്‍ പ്രവര്‍ത്തിപ്പിക്കാനാകുമെന്ന് ആപ്പിള്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ഫില്‍ ഷില്ലര്‍, ഐഫോണ്‍ 4 എസ് അവതരിപ്പിച്ചുകൊണ്ട് അറിയിച്ചു.
പുതിയ മോഡലിന്റെ വിലയും ആകര്‍ഷണീയമാണ്. 16ജിബി മോഡലിന് 199 ഡോളറും (ആമസോണ്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ച 'കിന്‍ഡ്ല്‍ ഫയറി'വില ഇതാണ്), 32ജിബി മോഡലിന് 299 ഡോളറും 64ജിബി മോഡലിന് 399 ഡോളറുമായിരിക്കും വില. രണ്ടുവര്‍ഷം കോണ്‍ട്രാക്ടോടു കൂടിയ വിലയാണിത്.
ഒക്ടോബര്‍ 14 ന് ഐഫോണ്‍ 4 എസ് അമേരിക്കന്‍ വിപണിയില്‍ ലഭ്യമാകും. എടി ആന്‍ഡ് ടി, സ്പ്രിന്റ്, വെറൈസണ്‍ എന്നീ നെറ്റ്‌വര്‍ക്കുകള്‍ വഴി ഇത് ലഭ്യമാക്കും. അന്നു തന്നെ കാനഡ, ഓസ്‌ട്രേലിയ, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, ജപ്പാന്‍ എന്നീ രാജ്യങ്ങളിലും ഫോണെത്തും. ഒക്ടോബര്‍ 28 ന് 24 പുതിയ രാജ്യങ്ങളിലും, ഈവര്‍ഷം അവസാനത്തോടെ 70 രാജ്യങ്ങിലും ഐഫോണ്‍ 4 എസ് വില്‍പ്പനയ്ക്ക് എത്തും.
പുതിയ ഫോണിന്റെ ബാറ്ററി ബാക്കപ്പ് ഇങ്ങനെ-ത്രീജിയില്‍ ടോക്ക്‌ടൈം എട്ടു മണിക്കൂര്‍, ടുജിയില്‍ 14 മണിക്കൂര്‍, വീഡിയോ കാണാന്‍ ഉപയോഗിക്കുമ്പോള്‍ 10 മണിക്കൂര്‍. വൈഫൈ ബ്രൗസിങ് സമയം ഒന്‍പതു മണിക്കൂറും ത്രീജി ബ്രൗസിങ് സമയം ആറ് മണിക്കൂറും.
ഐപോഡ് ടച്ചിന്റെ പുതിയ വേര്‍ഷനും ആപ്പിള്‍ പ്രഖ്യാപിച്ചു. ഐഒഎസ് 5 ലാണ് അത് പ്രവര്‍ത്തിക്കുക. പുതിയ ഐപോഡ് ടച്ചിന്റെ 8ജിബി മോഡലിന് 199 ഡോളറാകും വില. 32ജിബി മോഡലിന് 299 ഡോളറും, 64ജിബി മോഡലിന് 399 ഡോളറും നല്‍കണം. ഒക്ടോബര്‍ 12 ഓടെ ഈ ഉപകരണം വിപണിയിലെത്തും.
0 അഭിപ്രായ(ങ്ങള്‍) :
Post a Comment