Friday, October 21, 2011

മോട്ടറോള റേസര്‍; ശരിക്കും സ്ലിം





മൊബൈല്‍ഫോണ്‍ വിപണിയിലെ രാജാക്കന്‍മാരായിരുന്നു ഒരു കാലത്ത് മോട്ടറോള. തൊണ്ണൂറുകളുടെ മധ്യത്തില്‍ ആദ്യ ഫ്ലാപ് ഫോണുകള്‍ അവതരിപ്പിച്ചുകൊണ്ട് ഈ അമേരിക്കന്‍ കമ്പനി വിപണി പിടിച്ചടക്കി. മൊബൈല്‍ഫോണ്‍ സാങ്കേതികവിദ്യ അനലോഗില്‍ നിന്ന് ഡിജിറ്റലിലേക്ക് മാറാന്‍ തുടങ്ങിയതോടെ കമ്പനിയുടെ ചീത്തസമയവും തുടങ്ങി. ആദ്യം നോക്കിയ, പിന്നെ സാംസങ്... എതിരാളികളൊന്നായി മുന്നില്‍ കയറിപ്പോകുന്നത് നോക്കി നില്‍ക്കാനേ മോട്ടറോളയ്ക്കായുള്ളൂ. ആഗോളവിപണിയില്‍ ഇപ്പോള്‍ ഏഴാം സ്ഥാനത്താണവര്‍. പ്രതിസന്ധിയിലായ കമ്പനിയെ 1250 കോടി ഡോളറിന് ഗൂഗിള്‍ ഏറ്റെടുത്തത് അടുത്തയിടെയാണ്.

ഗൂഗിളിന്റെ ഏറ്റെടുക്കല്‍ തീരുമാനം നല്‍കിയ ആത്മവിശ്വാസത്തിന്റെ ബലത്തില്‍ പുതുപുത്തനൊരു സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിച്ചുകൊണ്ട് തിരിച്ചുവരവിനു ശ്രമിക്കുകയാണ് മോട്ടറോള ഇപ്പോള്‍. ഇന്ത്യക്കാരനായ കമ്പനി സി.ഇ.ഒ. സഞ്ജയ് ജാ കഴിഞ്ഞദിവസം ഈ ഫോണ്‍ ലോകത്തിനു മുമ്പാകെ അവതരിപ്പിച്ചു. ഡ്രോയ്ഡ് റേസര്‍ എന്നു പേരിട്ടിരിക്കുന്ന പുത്തന്‍മോഡലിന് ഒട്ടേറെ പ്രത്യേകതകള്‍ മോട്ടറോള അവകാശപ്പെടുന്നുണ്ട്. ലോകത്ത് ഇതുവരെ ഇറങ്ങിയതില്‍ വച്ച് ഏറ്റവും 'മെലിഞ്ഞ' ഫോണാണിതെന്നതാണ് പ്രധാന അവകാശവാദം. 7.1 മില്ലിമീറ്റര്‍ മാത്രമേയുള്ളൂ ഇതിന്റെ കനം. ഏറ്റവും കനം കുറഞ്ഞ ഫോണെന്ന പെരുമ ഇത്രകാലവും കൊണ്ടുനടന്നത് സോണി എക്‌സ്പീരിയ ആര്‍ക്ക് ആയിരുന്നു. 8.7 മില്ലിമീറ്ററായിരുന്നു എക്‌സ്പീരിയ ആര്‍ക്കിന്റെ കനം.


പോറല്‍ വീഴാത്ത തരത്തിലുളള ഗോറില്ല ഗഌസ് കോട്ടിങോടുകൂടിയ 4.3 ഇഞ്ച് സൂപ്പര്‍ അമോലെഡ് അഡ്വാന്‍സ്ഡ് ക്യു.എച്ച്.ഡി. ഡിസ്‌പ്ലേയാണ് ഡ്രോയ്ഡ് റേസറിലുള്ളത്. ഇത്രയും മികച്ച ഡിസ്‌പ്ലേ മറ്റൊരു മൊബൈല്‍ ഹാന്‍ഡ്‌സെറ്റിലുമുണ്ടാവില്ലെന്ന് മോട്ടറോള മേനി പറയുന്നു. 1.2 ജിഗാഹെര്‍ട്‌സ് പ്രൊസസര്‍, ഒരു ജിബി റാം, 16 ജിബി മെമ്മറി എന്നിവയാണിതിന്റെ സാങ്കേതികവിശദാംശങ്ങള്‍. വെള്ളം കടക്കാതിരിക്കാന്‍ സ്പ്ലാഷ്ഗാര്‍ഡ് സംവിധാനവും ഫോണിലുണ്ട്.

ആന്‍ഡ്രോയ്ഡ് 2.3 ജിഞ്ചര്‍ബ്രെഡ് വേര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോയ്ഡ് റേസറില്‍ എട്ട് മെഗാപിക്‌സല്‍ ക്യാമറയും വീഡിയോ കോളിങിനായി ഫ്രണ്ട് രണ്ട് മെഗാപിക്‌സല്‍ ക്യാമറയും ഒരുക്കിയിട്ടുണ്ട്. മോട്ടറോളയുടെ സ്വന്തമായ മോട്ടോകാസ്റ്റ് എന്ന ആപ്ലിക്കേഷന്‍ ഈ ഫോണില്‍ ഇന്‍ബില്‍ട്ട് ആയി സജ്ജമാക്കിയിട്ടുണ്ട്. നിങ്ങളുടെ കമ്പ്യൂട്ടറിലുള്ള വീഡിയോകളും പാട്ടുകളുമെല്ലാം മൊബൈലിലേക്ക് സ്ട്രീം ചെയ്യാന്‍ സഹായിക്കുന്ന ആപ്ലിക്കേഷനാണ് ക്ലൗഡ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന മോട്ടോകാസ്റ്റ്. 1080ു ഹൈഡെഫിനിഷന്‍ വീഡിയോ പിടിക്കാനും ഫോണുകൊണ്ട് കഴിയും.



സ്മാര്‍ട്‌ഫോണുകളുടെ ഏറ്റവും വലിയ പേരായ്മയാണ് അതിവേഗമുള്ള ഊര്‍ജ്ജചോര്‍ച്ച. രാവിലെ ഫുള്‍ചാര്‍ജ് ചെയ്താലും വൈകുന്നേരമാകുമ്പോഴേക്കും ചാര്‍ജ് തീരുമെന്നതാണ് പല സ്മാര്‍ട്‌ഫോണുകളൂടെയും അവസ്ഥ. പ്രൊസസറുകളുടെ കപ്പാസിറ്റി കൂടുന്നതനുസരിച്ച് ഊര്‍ജനഷ്ടവും വര്‍ധിക്കുന്നു. ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ഡ്രോയ്ഡ് റേസര്‍ ശ്രമിക്കുന്നു. വീട്ടിലെത്തുന്ന സമയത്ത് ബ്ലൂടൂത്ത് ഓട്ടോമാറ്റിക് ആയി ഓഫ് ആകുന്നതിനും ഫോണില്‍ സംസാരിക്കുമ്പോള്‍ പ്രൊസസര്‍ വേഗം കുറയ്ക്കാനുമെല്ലാം ഇതില്‍ ഓപ്ഷനുകളുണ്ട്. 12.5 മണിക്കൂര്‍ നിര്‍ത്താതെയുള്ള സംസാരസമയവും 204 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈയുമാണ് ഡ്രോയ്ഡ് റേസറിന് മോട്ടറോള അവകാശപ്പെടുന്ന ബാറ്ററി ആയുസ്സ്. ഹൈസ്പീഡ് കണക്ടിവിറ്റിക്കായി ത്രിജി, വൈഫൈ, വയര്‍ലെസ് ലാന്‍, ഡി.എല്‍.എന്‍.എ, വൈഫൈ ഹോട്ട്‌സ്‌പോട്ട് എന്നീ സാങ്കേതികസൗകര്യങ്ങളെല്ലാം ഫോണിലുണ്ട്.

ആപ്പിളിന്റെ ഐഫോണ്‍ 4 എസിനെ വെല്ലുവിളിക്കാനാണ് മോട്ടറോള ഈ മോഡല്‍ തിടുക്കത്തില്‍ അവതരിപ്പിച്ചതെന്ന് വ്യക്തം. നവംബര്‍ ആദ്യവാരം തൊട്ട് മോട്ടറോള ഡ്രോയ്ഡ് റേസര്‍ ഉപഭോക്താക്കളുടെ കൈകളിലേക്ക് എത്തിത്തുടങ്ങും. ഇന്ത്യയില്‍ 30,000 രുപയ്ക്കടുത്താകും ഇതിന്റെ വിലയെന്ന് സൂചനയുണ്ട്.



0 അഭിപ്രായ(ങ്ങള്‍) :

Post a Comment