പഴയ പത്രക്കടലാസ് ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്ന കാര്യം ആലോചിച്ചു നോക്കൂ. 'നടക്കുന്ന കാര്യം വല്ലതും പറയൂ' എന്നാകും ഇത് കേള്‍ക്കുന്നയാളുടെ മനസില്‍ തോന്നുക. എന്നാല്‍, ഇക്കാര്യം അങ്ങനെ തള്ളിക്കളയാന്‍ വരട്ടെ. സോണി അവതരിപ്പിച്ച പുതിയ ബാറ്ററി സങ്കേതം യാഥാര്‍ഥ്യമായാല്‍ പഴയ കടലാസില്‍ നിന്ന് ഊര്‍ജം ഉത്പാദിപ്പിക്കാന്‍ നമുക്ക് കഴിയും.
കഴിഞ്ഞയാഴ്ച ടോക്യോയില്‍ നടന്ന ഇക്കോ-പ്രോഡക്ട്‌സ് എക്‌സിബിഷനിലാണ്, സോണി കമ്പനി പുതിയ 'ബയോ ബാറ്ററി'യുടെ പ്രാഥമികരൂപം അവതരിപ്പിച്ചത്. പേപ്പര്‍ കഷണങ്ങളെ ഷുഗറായി പരിവര്‍ത്തനം ചെയ്ത് അതില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുകയാണ് ഈ സങ്കേതത്തില്‍ ചെയ്യുന്നത്.
ഇത്തരം ബയോ-ബാറ്ററികള്‍ പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളായിരിക്കുമെന്ന് പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന സംഘം പറഞ്ഞു. കാരണം ഒരു തരത്തിലും പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന രാസവസ്തുക്കളോ ലോഹങ്ങളോ ഈ സങ്കേതത്തില്‍ ഉള്‍പ്പെട്ടിട്ടില്ല.
സെല്ലുലോസ് നാരുകള്‍ ലയിച്ചുണ്ടായ രാസാഗ്നി (enzyme cellulase)യില്‍ കുതിര്‍ത്ത കടലാസ് കഷണമോ, കാര്‍ഡ്‌ബോര്‍ഡ് കഷണമോ ഒരു ഫാനുമായി ഘടിപ്പിച്ചാണ് സോണി സംഘം ബയോ-ബാറ്ററി പ്രവര്‍ത്തിപ്പിച്ച് കാട്ടിയത്. രാസാഗ്നിയില്‍ കുതിര്‍ന്ന കടലാസുമായി ബന്ധിപ്പിച്ചപ്പോള്‍ ഒരു ചെറുഫാന്‍ കറങ്ങാന്‍ തുടങ്ങി.
രാസാഗ്നിയില്‍ കുതിരുമ്പോള്‍ കടലാസ് ദ്രവിക്കാനാരംഭിക്കുകയും അതിന് ഗ്ലൂക്കോസ് ഷുഗറായി പരിവര്‍ത്തനം സംഭവിക്കുകയും ചെയ്യും. അത് അന്തരീക്്ഷവായുവിലെ ഓക്‌സിജനുമായി സംയോജിക്കുമ്പോള്‍, രാസാഗ്നിയുടെ സഹായത്തോടെ ഇലക്ട്രോണുകളും ഹൈഡ്രജന്‍ ആയോണുകളുമുണ്ടാകും. അങ്ങനെ സ്വതന്ത്രമാകുന്ന ഇലക്ട്രോണുകളാണ് വൈദ്യുതപ്രവാഹത്തിന് കാരണമാവുക.
ഈ രാസവൈദ്യുത പ്രവര്‍ത്തനത്തിന്റെ ഫലമായുണ്ടാകുന്ന ഉപോത്പന്നങ്ങള്‍ ജലവും ഗ്ലൂക്കനോലാക്റ്റനും (gluconolactone) ആണ്. സൗന്ദര്യവര്‍ധകവസ്തുക്കളിലും മറ്റും ഉപയോഗിക്കുന്ന രാസവസ്തുവാണ് ഗ്ലൂക്കനോലാക്റ്റന്‍.
പ്രകൃതിയില്‍ നിന്നാണ് പുതിയ ബാറ്ററി സങ്കേതത്തിനുള്ള ആശയം ഗവേഷകര്‍ക്ക് ലഭിച്ചത്. ചിതലുകള്‍ തടിയും മറ്റും തങ്ങളുടെ ഊര്‍ജാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വിദ്യയാണ് ഗവേഷകര്‍ കടമെടുത്തത്. പഴച്ചാര്‍ ഉപയോഗിച്ച് വാക്ക്മാന്‍ മ്യൂസിക് പ്ലെയര്‍ ചാര്‍ജ്‌ചെയ്യാന്‍ സോണി ഗവേഷകര്‍ മുമ്പ് ശ്രമിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് പുതിയ ബയോ-ബാറ്ററി സങ്കേതത്തില്‍ അവര്‍ എത്തിയത്.
എന്നാല്‍, പുതിയ സങ്കേതം പ്രയോഗതലത്തിലെത്താന്‍ ഇനിയും ഏറെ ഗവേഷണം ആവശ്യമാണ്. സോണിയെപ്പോലുള്ള വന്‍കിട കമ്പനികള്‍ ഇത്തരം പരിസ്ഥിതി സൗഹൃദസങ്കേതങ്ങള്‍ വികസിപ്പിക്കാന്‍ തയ്യാറാകുന്നത് നല്ലകാര്യമാണെന്ന് നിരീക്ഷകര്‍ പറയുന്നു. അന്താരാഷ്ട്ര പരിസ്ഥിതി സംഘടനയായ ഗ്രീന്‍ പീസ് പുതിയ സങ്കേതം സ്വാഗതം ചെയ്തു.
0 അഭിപ്രായ(ങ്ങള്‍) :
Post a Comment