Wednesday, February 22, 2012

സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ആന്‍ഡ്രോയിഡ് വസന്തം സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ആന്‍ഡ്രോയിഡ് വസന്തം


സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ആന്‍ഡ്രോയിഡ് വസന്തം
സ്വന്തം ജി ഫോണുമായി ഗൂഗിള്‍ മൊബൈല്‍ഫോണ്‍ വിപണിയിലേക്ക് വരുന്നു,2007ന്റെ മധ്യത്തില്‍ ടെലികോം ഐ.ടി രംഗത്തെ ചൂടേറിയ ചര്‍ച്ചകള്‍ക്കാണ് ഈ പ്രചാരണം വഴിവെച്ചത്.   ഊഹാപോഹങ്ങള്‍ക്ക് അറുതി വരുത്തി 2007 നവംബര്‍ അഞ്ചിനാണ് ഗൂഗിള്‍ സ്മാര്‍ട്ട് ഫോണുകള്‍ക്കും ടാബ്ലെറ്റ് പി.സികള്‍ക്കുമായി ലിനക്സ് കേര്‍ണല്‍ അധിഷ്ഠിതമായ ആന്‍ഡ്രോയിഡ് ഓപറേറ്റിങ് സിസ്റ്റം പുറത്തിറക്കുന്നുവെന്ന പ്രഖ്യാപനം നടത്തി.
ഒരു ഫോണിനുപകരം ഒരു പക്ഷേ, പുത്തന്‍ മൊബൈല്‍ അനുഭവം പകരുന്ന ഒരായിരം ഫോണുകള്‍ക്കുതന്നെ അടിസ്ഥാനമായേക്കാവുന്ന ഒന്ന്...ആന്‍ഡ്രോയിഡ് ഓപറേറ്റിങ് സിസ്റ്റം പുറത്തിറക്കി ഗൂഗിള്‍ ഫോണ്‍ പ്രോജക്ടിന്റെ മേധാവി ആന്‍ഡി റൂബിന്‍ അന്ന് പ്രസ്താവനയില്‍ അറിയിച്ചു. ഈ ഓപറേറ്റിങ് സിസ്റ്റത്തിന്റെ ഭാവി ഡെവലപ്പ്മെന്റിനും കൂടുതല്‍ ജനപ്രിയമാക്കുന്നതിനുമായി ഇലക്ട്രോണിക്സ് രംഗത്തെ അതികായരായ എച്ച്.ടി.സി,സോണി,ഡെല്‍,ഇന്റല്‍,മോട്ടോറോള,സാംസങ്,എല്‍.ജി തുടങ്ങി 34 കമ്പനികളുടെ കൂട്ടായ്മയായ ഓപണ്‍ ഹാന്‍ഡ് സെറ്റ് അലയന്‍സിന്റെ പ്രഖ്യാപനവും അന്നുതന്നെ നടന്നു.
അദ്ഭുത ഉല്‍പന്നങ്ങളേറെ പുറത്തുവന്നിട്ടുണ്ടെങ്കിലും അന്നത്തെ ജനപ്രിയ സ്മാര്‍ട്ട് ഫോണ്‍ ഓപറേറ്റിങ് സിസ്റ്റങ്ങളായ സിംബിയനും ആപ്പിളിനും ബ്ലാക്ബെറിക്കുമൊന്നും കാര്യമായ ക്ഷീണം ഇവന് വരുത്താനാകില്ലെന്നായിരുന്ന വിലയിരുത്തല്‍. എന്നാല്‍, ഓരോ വര്‍ഷം ചെല്ലുന്തോറും ചിത്രംമാറി വരുന്ന കാഴ്ചയാണ്. 2010ന്റെ നാലാം പാദത്തില്‍ ലോകത്ത് ഏറ്റവുമധികം വിറ്റുപോയത് ആന്‍ഡ്രോയിഡ് ഓപറേറ്റിങ് സിസ്റ്റത്തില്‍
അധിഷ്ഠിതമായ ഫോണുകളായിരുന്നു. 2011 ഒക്ടോബറില്‍ ലോകത്തെ ആന്‍ഡ്രോയിഡ് ഫോണ്‍ ഉപഭോക്താക്കളുടെ എണ്ണം 100 മില്യണ്‍ കഴിഞ്ഞു. ആഗോളതലത്തില്‍ ഒരു ദിവസം നാലു ലക്ഷം ആന്‍ഡ്രോയിഡ് ഫോണുകള്‍ ആക്ടിവേറ്റ് ചെയ്യപ്പെടുന്നുണ്ടെന്നാണ് ഗൂഗിളിന്റെ കണക്ക്. ഇന്ന് ഉപയോഗത്തിലുള്ള ഫോണുകളില്‍ 60 ശതമാനത്തിലും ആന്‍ഡ്രോയിഡാണ് ഉപയോഗിക്കുന്നതെന്നും ഗൂഗിള്‍ അവകാശപ്പെടുന്നു. ഓപണ്‍ ഹാന്‍ഡ് സെറ്റ് അലയന്‍സില്‍ അംഗങ്ങളായ മോട്ടോറോളക്കും സാംസങ്ങിനുമെല്ലാം സ്വന്തം ഓപറേറ്റിങ് സിസ്റ്റങ്ങള്‍ ഉണ്ടെങ്കിലും കളമറിഞ്ഞ് കളിക്കുന്നതിന്റെ ഭാഗമായി ആന്‍ഡ്രോയിഡ് ഫോണുകളുടെ ഉല്‍പാദനം അവര്‍ ഇരട്ടിയാക്കി കഴിഞ്ഞു.
ഈ പോക്കുപോയാല്‍ സമീപഭാവിയില്‍തന്നെ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണ്‍ ഓപറേറ്റിങ് സിസ്റ്റംസില്‍ പ്രഥമ സ്ഥാനം പിടിച്ചടക്കുമെന്നുതന്നെയാണ് മൊബൈല്‍ ഗുരുക്കളുടെ പക്ഷം.
മറ്റുഫോണുകളെ അപേക്ഷിച്ച് ആന്‍ഡ്രോയിഡിനുള്ള മെച്ചം ആപ്ലിക്കേഷനുകളുടെ സ്വീകാര്യതയാണ്. ആന്‍ഡ്രോയിഡ് അടിസ്ഥാനമാക്കി ആര്‍ക്കും എന്ത് ആപ്ലിക്കേഷനും നിര്‍മിക്കാമെന്നും അത് എല്ലാ ഫോണുകളിലും പ്രവര്‍ത്തിക്കുമെന്നുമുള്ള അറിവ് ആദ്യം അറച്ചുനിന്നവരെ ആന്‍ഡ്രോയിഡിലേക്ക് അടുപ്പിച്ചു.  രണ്ടുലക്ഷത്തോളം ആപ്ലിക്കേഷനുകളാണ് ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്കായി ഇന്ന് മാര്‍ക്കറ്റിലുള്ളത്.
ഓപണ്‍ സോഫ്റ്റ്വെയര്‍ ആയതിനാല്‍ വൈറസ് അറ്റാക്ക്  ഉണ്ടായാല്‍  ഏത് കമ്പ്യൂട്ടര്‍ വിദഗ്ധര്‍ക്കും സെക്യൂരിറ്റി പാച്ച് ഇറക്കാമെന്നതും പ്രിയം വര്‍ധിക്കാനിടയാക്കി. തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനുകള്‍ ഡിഫാള്‍ട്ട് ആയി സെറ്റ് ചെയ്യാനാകല്‍,ഫ്ലാഷ് സപ്പോര്‍ട്ട് ചെയ്യുന്ന വേഗതയേറിയ വെബ് ബ്രൌസര്‍ തുടങ്ങിയവയും ആന്‍ഡ്രോയിഡിനെ അതിവേഗം സ്വീകാര്യമാക്കി.
ഈ സ്വീകാര്യത പണമാക്കി മാറ്റുന്നതില്‍ നോക്കിയയും ആപ്പിളും ബ്ലാക്ബെറിയും പോലുള്ള വന്‍തോക്കുകള്‍ മാത്രമാണ് പുറംതിരിഞ്ഞ്  നില്‍ക്കുന്നത്. സാംസങ്ങാണ് ആന്‍ഡ്രോയിഡ് ഉപയോഗിച്ച് പണം കൊയ്തതില്‍ മുമ്പന്‍. 10 മില്യണ്‍ ഗ്യാലക്സി എസ് 2 മോഡലാണ് സാംസങ്ങ് ലോകമെമ്പാടും വിറ്റഴിച്ചത്. ബഡ്ജറ്റ് ഫോണുകളിലൂടെ ശ്രദ്ധേയരായ മൈക്രോമാക്സ്,കാര്‍ബണ്‍, സ്പൈസ് തുടങ്ങിയവയും ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണ്‍ രംഗത്ത് തങ്ങളുടെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മൈക്രോമാക്സിന്റെ ആന്‍ഡ്രോ എ60 മോഡല്‍ വന്‍ഹിറ്റായിരുന്നു. ഇത് ജനം കൈയുംനീട്ടി സ്വീകരിച്ചതറിഞ്ഞ കമ്പനി എ70 എന്ന മോഡല്‍ കൂടി ഇറക്കി വിപണിയില്‍ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്. എല്‍.ജി ഓപ്റ്റിമസ് 3ഡി,എച്ച്.ടി.സി സെന്‍സേഷന്‍,സാംഗ് ഗ്യാലക്സി എസ്2,സാംഗ് ഗൂഗിള്‍ നെക്സസ്,ഡെല്‍ വെന്യൂ തുടങ്ങി 20,000 രൂപക്ക് മുകളിലുള്ള ഹൈ എന്‍ഡ് മോഡലുകള്‍ക്കൊപ്പം 10000 രൂപയില്‍ താഴെയുള്ള ഡെല്‍ എയറോ,സോണി എറിക്സണ്‍ എക്സ്പീരിയ എക്സ് 10 മിനി,സ്പൈസ് എം.ഐ 310,ഡെല്‍ എക്സ് സി.ഡി 28 തുടങ്ങി ബഡ്ജറ്റ് ഫോണുകള്‍ സ്മാര്‍ട്ട് ഫോണ്‍ സാധാരണക്കാരന് പ്രാപ്യമാക്കി.
അഞ്ച് പുതിയ മോഡലുകളാണ് ഇന്ത്യന്‍ മാര്‍ക്കറ്റിലേക്കുള്ള പ്രവേശനത്തിന് ഊഴം കാത്തിരിക്കുന്നത്. എക്സ്പീരിയ ആര്‍ക്കിന്റെ നവീകരിച്ച പതിപ്പ് ആര്‍ക്ക് എസുമായി സോണി എറിക്സണൂം എച്ച്.ടി.സി സെന്‍സേഷന്റെ സ്പെഷ്യല്‍ പതിപ്പ് സെന്‍സേഷന്‍ എക്സ് ഇ,സാംസങ് ഗ്യാലക്സി നോട്ട്,എല്‍.ജി ഓപ്റ്റിമസ് ഇ.എക്സ്,ഗൂഗിള്‍ നെക്സസ് പ്രൈം എന്നിവയാണ് അവ.

0 അഭിപ്രായ(ങ്ങള്‍) :

Post a Comment