Saturday, April 21, 2012

പുതിയ ടെലികോം നയം മേയില്‍


പുതിയ ടെലികോം നയം മേയില്‍
റോമിംഗ് ചാര്‍ജ് ഇല്ലാതാകും
ന്യൂദല്‍ഹി: റോമിംഗ് ചാര്‍ജ് ഒഴിവാക്കുന്നത് ഉള്‍പ്പെടെയുള്ള പരിഷ്കരണങ്ങളുമായി പുതിയ ടെലികോം നയം മെയില്‍ നിലവില്‍ വരുമെന്ന് വാര്‍ത്താവിനിമയ മന്ത്രി കപില്‍ സിബല്‍. ദല്‍ഹിയില്‍ 'വേള്‍ഡ് ഐ.ടി ഫോറം 2012' ഉദ്ഘാടനം ചെയ്തശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടെലികോം മേഖലയുടെ പ്രവര്‍ത്തനത്തിനും പുരോഗതിക്കും പുതിയ മാര്‍ഗരേഖയാണ് പുതിയ ടെലികോം നയമെന്ന് മന്ത്രി പറഞ്ഞു.
സ്പെക്ട്രം അനുവദിക്കുന്നതിലെ കാതലായ മാറ്റമാണ് പുതിയ നയത്തിന്റെ പ്രത്യേകത. മൊബൈല്‍ വരിക്കാര്‍ക്ക് റോമിംഗ് ചാര്‍ജ് ഒഴിവാകും. ഇതോടെ രാജ്യമാകെ ഒറ്റ നമ്പര്‍ ഉപയോഗിക്കാന്‍ സാധിക്കും. പുതിയ ടെലികോം സംബന്ധിച്ച കുറിപ്പ് തയാറാക്കി ഇതര മന്ത്രാലയങ്ങളുടെ അഭിപ്രായം തേടും. ശേഷം മന്ത്രിസഭയുടെ അംഗീകാരത്തിന് സമര്‍പ്പിക്കും.
നേരത്തേയുള്ളതിനേക്കാള്‍ മൂന്ന് മടങ്ങ് ശേഷി കൂടിയ പ്രോസസറുമായാണ് രണ്ടാം തലമുറ ആകാശ് ടാബ്ലെറ്റ് മേയില്‍ പുറത്തിറങ്ങുന്നതെന്ന് കപില്‍ സിബല്‍ പറഞ്ഞു. ആകാശ് ടാബ്ലെറ്റ് കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങളോടെ കൂടുതല്‍ ആളുകള്‍ക്ക് ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഇതിനായി ടാബ്ലെറ്റ് നിര്‍മിച്ചു നല്‍കാന്‍ വിദേശകമ്പനികളെ സര്‍ക്കാര്‍ ക്ഷണിച്ചപ്പോള്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. ചെലവ് കുറച്ച് ആകാശ് ടാബ്ലെറ്റ് ഇന്ത്യയില്‍ നിര്‍മിച്ചുനല്‍കാന്‍ തയാറായി വിദേശ കമ്പനികള്‍ മുന്നോട്ടുവന്നിട്ടുണ്ട്. ഡിസൈന്‍, സാങ്കേതികവിദ്യ, മറ്റ് സൗകര്യങ്ങള്‍ എന്നിവ സംബന്ധിച്ച് തീരുമാനം ആകുന്നതോടെ ഈ കമ്പനികള്‍ക്ക് കരാര്‍ നല്‍കും.
3ജി, 4ജി സംവിധാനങ്ങളും ബന്ധപ്പെട്ട ഉപകരണങ്ങളും ചെലവ് കുറച്ച് ലഭ്യമാക്കുന്നുവെന്ന് സര്‍ക്കാര്‍ ഉറപ്പാക്കും. അല്ലെങ്കില്‍ ഭൂരിപക്ഷത്തിനും ഈ സൗകര്യം ലഭ്യമാകില്ല. ചെലവു കുറക്കാന്‍ ഇത്തരം ഉപകരണങ്ങളുടെ നിര്‍മാണം ഇന്ത്യയില്‍ തന്നെ നടത്തുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.

0 അഭിപ്രായ(ങ്ങള്‍) :

Post a Comment