Tuesday, June 19, 2012

വേഗമേറിയ സൂപ്പര്‍കമ്പ്യൂട്ടര്‍: കിരീടം വീണ്ടും അമേരിക്കയ്ക്ക്‌




ഭൂമുഖത്തെ ഏറ്റവും വേഗമേറിയ സൂപ്പര്‍കമ്പ്യൂട്ടര്‍ എന്ന പദവി അമേരിക്കയിലെ ഐബിഎമ്മിന്റെ 'സെക്കോയ' (Sequoia) കൈപ്പിടിയിലൊതുക്കി. ജപ്പാന്റെ 'ഫ്യുജിറ്റ്‌സു കെ കമ്പ്യൂട്ടര്‍' ആണ് പിന്നിലായത്. മൂന്നുവര്‍ഷത്തിനിടെ ആദ്യമായാണ് അമേരിക്കയിലെ ഒരു സൂപ്പര്‍കമ്പ്യൂട്ടറിന് ഈ പദവി ലഭിക്കുന്നത്.

യുഎസ് ഊര്‍ജവകുപ്പിന്റെ കാലിഫോര്‍ണിയയിലെ ലോറന്‍സ് ലിവര്‍മോര്‍ നാഷണല്‍ ലബോറട്ടറിയിലാണ് 'സെക്കോയ' സൂപ്പര്‍കമ്പ്യൂട്ടര്‍ സ്ഥാപിച്ചിട്ടുള്ളത്. ഐബിഎമ്മിന്റെ ബ്ലൂജീന്‍/ക്യു സെര്‍വറുകള്‍ ഉപയോഗിക്കുന്ന സൂപ്പര്‍കമ്പ്യൂട്ടറാണിത്.

കൈകൊണ്ടുപയോഗിക്കുന്ന കാല്‍ക്കുലേറ്ററുപയോഗിച്ച് 670 കോടി ആളുകള്‍ 320 വര്‍ഷം ഇടവേളകളില്ലാതെ നടത്തുന്ന കണക്കുകൂട്ടലുകള്‍ ഒറ്റ മണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയാക്കാന്‍ ഐബിഎമ്മിന്റെ സെക്കോയയ്ക്ക് കഴിയും.

15 ലക്ഷം പ്രൊസസര്‍ കോറുകളുപയോഗിച്ച് 16.32 പെറ്റാഫ് ളോപ്പ് (16.32 petaflops) ശേഷി ആര്‍ജിക്കാന്‍ ഐബിഎമ്മിന്റെ സെക്കോയയ്ക്ക് കഴിഞ്ഞു. ജപ്പാനിലെ കോബില്‍ റിക്കെന്‍ അഡ്വാന്‍സ്ഡ് ഇന്‍സ്റ്റിട്ട്യൂട്ട് ഫോര്‍ കമ്പ്യൂട്ടേഷണല്‍ സയന്‍സിലുള്ള ഫ്യുജിറ്റ്‌സു കെ കമ്പ്യൂട്ടറിന്, 7.05 ലക്ഷം പ്രൊസസര്‍ കോറുകളുപയോഗിച്ച് 10.51 പെറ്റാഫ് ളോപ്പ് ശേഷി ആര്‍ജിക്കാനാണ് ഇതുവരെ സാധിച്ചത്.

ഏറ്റവും വേഗമേറിയത് മാത്രമല്ല, ഏറ്റവും ഊര്‍ജക്ഷമതയേറിയ സൂപ്പര്‍കമ്പ്യൂട്ടറും സെക്കോയയാണെന്ന് 'ടോപ്പ് 500' (Top 500) പട്ടിക പറയുന്നു. 7.9 മെഗാവാട്ട് വൈദ്യുതിയാണ് സെക്കോയ ഉപയോഗിക്കുന്നതെങ്കില്‍, കെ കമ്പ്യൂട്ടറിന് 12.6 മെഗാവാട്ട് വേണം.

നിലവില്‍ ഏറ്റവും വേഗമേറിയ പത്ത് സൂപ്പര്‍കമ്പ്യൂട്ടറുകളുടെ പട്ടികയില്‍ മൂന്നെണ്ണം അമേരിക്കയിലാണ്, രണ്ണെണ്ണം ചൈനയിലും രണ്ടെണ്ണം ജര്‍മനിയിലും. ജപ്പാന്‍, ഫ്രാന്‍സ്, ഇറ്റലി എന്നിവിടങ്ങളില്‍ ഒരോന്നും.

ടോപ്പ് 500 പട്ടികയില്‍ ആദ്യം ഒന്നാംസ്ഥാനത്തെത്തിയ കമ്പ്യൂട്ടര്‍ CM-5/1024 ആയിരുന്നു; 1993 ല്‍. തിങ്കിങ് മെഷീന്‍സ് രൂപകല്‍പ്പന ചെയ്ത ആ കമ്പ്യൂട്ടറിനെ അപേക്ഷിച്ച് 273930 മടങ്ങ് വേഗമേറിയതാണ് ഐബിഎം സെക്കോയ. 

0 അഭിപ്രായ(ങ്ങള്‍) :

Post a Comment