Wednesday, September 05, 2012

പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍ക്ക് പുത്തന്‍മുഖം നല്‍കാന്‍ വിന്‍ഡോസ് 8




ദിന്ദ്വമുഖവുമായാണ് വിന്‍ഡോസ് 8 എത്തുന്നത്-പരമ്പരാഗത ഡെസ്‌ക്‌ടോപ്പിനും ടച്ച്‌സ്‌ക്രീനിനും യോജിച്ച രീതിയില്‍. പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍ക്ക് പുതിയ രൂപംനല്‍കാന്‍ വിന്‍ഡോസ് 8 ന്റെ ഈ സവിശേഷത വഴിയൊരുക്കും.

2012 ഒക്ടോബര്‍ 26 നാണ് മൈക്രോസോഫ്റ്റ് പുതിയ വിന്‍ഡോസ് പതിപ്പ് പുറത്തിറക്കാന്‍ നിശ്ചയിച്ചിട്ടുള്ളത്. എച്ച്.പി, തോഷിബ, ഡെല്‍, അസ്യൂസ്, ലെനൊവൊ തുടങ്ങിയ പ്രമുഖ പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ (പിസി) നിര്‍മാതാക്കളെല്ലാം വിന്‍ഡോസ് 8 ന്റെ സാധ്യതകള്‍ മുതലാക്കാന്‍ പാകത്തില്‍ ഹൈബ്രിഡ് ടച്ച്‌സ്‌ക്രീനുകളോടു കൂടിയ മോഡലുകളിറിക്കാന്‍ തയ്യാറെടുക്കുകയാണ്.

ലാപ്‌ടോപ്പുകളെ പുനര്‍രൂപകല്‍പ്പന ചെയ്യാന്‍ വിന്‍ഡോസ് 8 ന്റെ ദിന്ദ്വസ്വഭാവം കമ്പനികള്‍ക്ക് അവസരമൊരുക്കും. ഡിസ്‌പ്ലേ സ്‌ക്രീനുകളില്‍ നിന്ന് വേര്‍പെട്ട കീബോര്‍ഡുള്ള മോഡലുകളും, ഡിസ്‌പ്ലേയ്ക്കുള്ളില്‍ തന്നെ കീബോര്‍ഡുകള്‍ മറഞ്ഞിരിക്കുന്ന തരത്തിലുള്ള മോഡലുകളുമെല്ലാം അണിയറയില്‍ ഒരുങ്ങുകയാണ്.

ടാബ്‌ലറ്റുകളുടെയും ലാപ്‌ടോപ്പുകളുടെയും ഗുണങ്ങളടങ്ങിയ സങ്കരയിനം പേഴ്‌സണല്‍ കമ്പ്യൂട്ടറുകളുടെ പുതിയനിരയാണ് വിന്‍ഡോസ് 8 ന്റെ പിന്തുണയോടെ രംഗത്തെത്തുകയെന്ന് സാരം.


പ്രമുഖ പിസി നിര്‍മാതാക്കളായ ഹ്യൂലെറ്റ്-പക്കാഡ് (എച്ച്.പി) അടുത്തയിടെ മൂന്നു പുതിയ മോഡലുകളാണ് അവതരിപ്പിച്ചത്. അതില്‍ ഒരെണ്ണം 'എച്ച്.പി. എന്‍വി എക്‌സ് 2' (HP Envy x2) ആണ്. അനായാസം കൊണ്ടുനടക്കാവുന്ന ആ ഉപകരണത്തിന്റെ 11 ഇഞ്ച് കീബോര്‍ഡ് കാന്തങ്ങളുടെ സഹായത്തോടെ കീബോര്‍ഡ് ഡോക്കില്‍ ഘടിപ്പിക്കാനാകും.

എന്‍വി എക്‌സ് 2 വിന്റെ സ്‌ക്രീനിന് പിന്നില്‍ എട്ട് മെഗാപിക്‌സല്‍ ക്യാമറയുണ്ട്. മാത്രമല്ല, എന്‍.എഫ്.സി (near field communication) സങ്കേതവും ഇതിലുണ്ട്. യൂസര്‍മാര്‍ക്ക് ഫോട്ടോകളും കോണ്ടാക്ടുകളും മറ്റ് ഉള്ളടക്കങ്ങളും പങ്കുവെയ്ക്കാന്‍ ഇത് സഹായിക്കും.

പരമ്പരാഗത ലാപ്‌ടോപ്പ് ഡിസൈനൊപ്പം ടച്ച്‌സ്‌ക്രീന്‍ ഫീച്ചര്‍ കൂടി ഉള്‍പ്പെടുത്തിയതാണ് എച്ച്.പി.യുടെ മറ്റ് മോഡലുകള്‍.


തോഷിബ അടുത്തിയിടെ അവതരിപ്പിച്ച 'സാറ്റ്‌ലൈറ്റ് യു925ടി' (Toshiba Satellite U925t) മോഡലിന്റെ പ്രത്യേകത ഇതിന്റെ സ്‌ക്രീന്‍ കീബോര്‍ഡിന് മുകളിലൂടെ തെന്നിമാറ്റാന്‍ കഴിയുമെന്നതാണ്. 12.5 ഇഞ്ച് ഡിസ്‌പ്ലെയാണ് ഇതിലുള്ളത്.


വ്യത്യസ്തമായ സമീപനമാണ് ഡെല്‍ അതിന്റെ 'എക്‌സ്പിഎസ് ഡ്യുവൊ 12' (Dell XPS Duo 12) എന്ന മോഡലില്‍ എടുത്തിരിക്കുന്നത്. സ്‌ക്രീനിനെ മുകളിലേക്ക് തിരിച്ചുവെച്ച് ഉപയോഗിക്കാന്‍ പാകത്തിലാണ് ഇതിന്റെ രൂപകല്‍പ്പന.


'ഐഡിയാപാഡ് യോഗ' (Ideapad Yoga) എന്ന മോഡലാണ് വിന്‍ഡോസ് 8 ന്റെ പ്രത്യേകത മുതലെടുത്ത് ലെനൊവൊ അവതരിപ്പിക്കുന്നത്. 

0 അഭിപ്രായ(ങ്ങള്‍) :

Post a Comment