Friday, March 08, 2013

വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമായി ‘വൈമേറ്റ്സ്’ വരുന്നു


തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മാത്രമായി പുതിയ വെബ്സൈറ്റ് വരുന്നു. പേര് വൈമേറ്റ്സ്. ഇന്ത്യയിലെയും മറ്റ് രാജ്യങ്ങളിലെയും വിദ്യാര്‍ഥികളും അധ്യാപകരും തമ്മിലുള്ള സ്വതന്ത്ര ആശയവിനിമയത്തിനുള്ള വേദിയാണ് വൈമേറ്റ്സ് ഒരുക്കുന്നത്.
വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും സ്കൂളുകള്‍ക്കും ഏറെ ഉപകാരപ്പെടും. നിലവാരം മെച്ചപ്പെടുത്താനുള്ള ഏറെ സാധ്യതകളുള്ളതുമാണ് വൈമേറ്റ്സ്.
ഇതര സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍നിന്ന് വ്യത്യസ്തമാണ് വൈമേറ്റ്സിന്‍െറ പ്രവര്‍ത്തനം. അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സ്കൂള്‍ അധികൃതര്‍ക്കുമല്ലാതെ മറ്റാര്‍ക്കും ആശയവിനിമയം അനുവദനീയമല്ളെന്നത് രക്ഷിതാക്കള്‍ക്ക് അനുഗ്രഹമാണ്.

പരമ്പരാഗത ക്ളാസ്മുറികളില്‍നിന്ന് വ്യത്യസ്തമായി ആഗോള ആശയരീതിയാണ് സൈറ്റ് അവലംബിച്ചിരിക്കുന്നത്. ബി.ബി.സി, ബ്രിട്ടീഷ് ലൈബ്രറി, ഖാന്‍ അക്കാദമി, കോര്‍സെറ, എം.ഐ.ടി, ഓപണ്‍ കോഴ്സ്വെയര്‍ തുടങ്ങിയ ആഗോള ഓണ്‍ലൈന്‍ റിസോഴ്സുകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ വൈമേറ്റ്സിലൂടെ സാധിക്കും. പുതിയ വ്യാവസായിക ട്രെന്‍ഡുമായി ബന്ധപ്പെടാനും അവ ഉപയോഗിക്കാനും അതിനനുസരിച്ച് തയാറെടുപ്പുകള്‍ നടത്താനും വിദ്യാര്‍ഥികളെ സജ്ജമാക്കും. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് അന്താരാഷ്ട്ര യൂനിവേഴ്സിറ്റികളുമായി സൗജന്യ സര്‍ട്ടിഫിക്കേഷന്‍ സൗകര്യവും വെബ്സൈറ്റില്‍ ഒരുക്കിയിട്ടുണ്ട്.

അധ്യാപകര്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കാനും അറിവും നിലവാരവും പരമാവധി മെച്ചപ്പെടുത്താനും സൈറ്റില്‍ മാര്‍ഗങ്ങളേറെയാണ്. അധികരിച്ച റിസോഴ്സുകള്‍ക്കുവേണ്ടി ബന്ധപ്പെടാനുള്ള സൗകര്യം ഒരേ സ്ഥാപനത്തിലെയോ മറ്റ് സ്ഥാപനങ്ങളിലെയോ അധ്യാപകര്‍ക്ക് പരസ്പര ആശയവിനിമയം, പാഠ്യപദ്ധതിയുടെയും അറിവുകളുടെയും കൈമാറ്റം എന്നിവ ഇവയില്‍ ചിലതുമാത്രം.

സ്വകാര്യത, സുരക്ഷ എന്നിവക്കും സൈറ്റ് മുന്‍തൂക്കം നല്‍കുന്നു. എല്ലാവരെയും പ്രത്യേകം നിരീക്ഷിക്കാന്‍ തിരിച്ചറിയല്‍ കോഡുകള്‍ ഉള്ളതിനാല്‍ നുഴഞ്ഞുകയറ്റം, വ്യാജ ഉപയോഗം എന്നിവ തടയാന്‍ കൃത്യമായ സംവിധാനമുണ്ട്. സുഹൃത്തുകളായ ഷാഹിദ് കെ.ടി, സാദിഖ് കെ.ടി, ഷാബിര്‍ കെ.ടി എന്നീ യുവാക്കളുടെ അനുഭവജ്ഞാനവും കഠിനാധ്വാനവുമാണ് വൈമേറ്റ്സെന്ന ഫ്രീ എജുക്കേഷന്‍ നെറ്റ്വര്‍ക്കിനെ വ്യത്യസ്തമാക്കുന്നത്. ടെക്നോപാര്‍ക്ക് സി.ഇ.ഒയായ കെ.ജി. ഗിരീഷ് ബാബുവിന്‍െറ സഹായത്താലാണ് ടെക്നോപാര്‍ക്കിലെ പാര്‍ക്ക് സെന്‍ററില്‍ ജനുവരി 30ന് വൈമേറ്റ്സ് പ്രവര്‍ത്തനം ആരംഭിച്ചത്. ഇതിന്‍െറ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, അബ്ദുറബ്ബ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

2013-14 അധ്യയനവര്‍ഷം മുതല്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഇതിന്‍െറ സേവനം ലഭ്യമാകും. ജൂണ്‍ ആദ്യവാരം മുതല്‍ സൈറ്റില്‍ പ്രവേശിച്ച് രജിസ്ട്രേഷന് അപേക്ഷ സമര്‍പ്പിക്കാമെന്ന് വൈമേറ്റ്സ് പിന്നണിക്കാര്‍ അറിയിച്ചു.

0 അഭിപ്രായ(ങ്ങള്‍) :

Post a Comment