ധ്യാനത്തിലേക്ക് സ്വാഗതം !

കണ്ണ് തുറന്നു പുറത്തേക്കു നോക്കണേ..കണ്ണടച്ച് അകത്തേക്കും!

SUNILMANJERI. MOB:9895 34 56 16

SUNILMANJERI. MOB:9895 34 56 16

SUNILMANJERI MOB:9895 34 56 16

Tuesday, October 19, 2010

നല്ല വാര്‍ത്ത‍ !

മകന്റെ വിവാഹവേദി സമൂഹ വിവാഹ വേദിയാക്കി ഇബ്രാഹിം ഹാജി

ചെറുവത്തൂര്‍: മകന്റെ വിവാഹവേദിയില്‍ ഏഴ് അനാഥപ്പെണ്‍കുട്ടികള്‍ക്ക് മംഗല്യഭാഗ്യമൊരുക്കി കാടങ്കോട്ടെ കെ.എം.ഇബ്രാഹിം ഹാജി (അജ്മാന്‍) കാരുണ്യ പ്രവര്‍ത്തനത്തിന് മാതൃകയായി. ഇബ്രാഹിം ഹാജിയുടെയും ആയിഷയുടെയും മകന്‍ ഇസ്ഫാഖ് ഇബ്രാഹിമും സുല്‍ഫെക്‌സ് ഉടമ തൃക്കരിപ്പൂരിലെ എം.ടി.പി.മുഹമ്മദ്കുഞ്ഞിയുടെയും സുലൈഖയുടയും മകള്‍ ഫാത്തിമയുടെയും വിവാഹമായിരുന്നു ശനിയാഴ്ച.

ഇബ്രാഹിം ഹാജിയുടെ കാടങ്കോട്ടെ വീട്ടില്‍ ഒരുക്കിയ വേദിയിലാണ് ഏഴുപേരുടെയും വിവാഹം നടന്നത്. ചെറുവത്തൂര്‍ പിലാവളപ്പിലെ റസീന പിലാവളപ്പിലെ റിയാസിന്റെയും, പൊന്നാനിയിലെ അസ്മാബി പൊന്നാനിയിലെ സലിം ഷെരീഫിന്റെയും, മാനന്തവാടിയിലെ ഹസീന വയനാട്ടിലെ സമീറിന്റെയും, മാനന്തവാടിയിലെ സെലീന തൃശ്ശൂരിലെ നിസ്സാറിന്റെയും, മലപ്പുറത്തെ സമീറ മലപ്പുറത്തെ ജംസീറിന്റെയും, കല്‍പ്പറ്റയിലെ ജമീല വയനാട്ടിലെ ജാഫറിന്റെയും, കാടങ്കോട്ടെ മൈമൂനത്ത് ചാനടുക്കത്തെ യൂസഫിന്റെയും ജീവിതപങ്കാളികളായി. രണ്ട് അമുസ്‌ലിംകള്‍ ഉള്‍പ്പെടെ 10 പേര്‍ക്ക്മംഗല്യഭാഗ്യമൊരുക്കുകയെന്നതായിരുന്നു ഇബ്രാഹിം ഹാജിയുടെ ആഗ്രഹം. മൂന്നുപേരുടെ വിവാഹം അടുത്ത ദിവസംതന്നെ നടത്തിക്കൊടുക്കാനുള്ള ഒരുക്കം നടന്നുവരുന്നു.

പുതുജീവിതത്തിലേക്ക് കടക്കുന്ന വധൂവരന്‍മാര്‍ക്ക് 10 പവന്‍ വീതം ആഭരണങ്ങളും 10,000 രൂപയും വസ്ത്രങ്ങളും സമ്മാനിച്ചു. ഇബ്രാഹിം ഹാജി, കെ.കുഞ്ഞിരാമന്‍ എം.എല്‍.എ., എം.സി.കമറുദ്ദീന്‍, അഷ്‌റഫ് പള്ളിക്കണ്ടം, എം.മുഹമ്മദ്കുഞ്ഞി, എം.സി.അബ്ദുള്ള ഹാജി എന്നിവര്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു. ചെര്‍ക്കളം അബ്ദുല്ല, എം.എ.അബ്ദുല്‍ഖാദര്‍ മുസ്‌ലിയാര്‍, പി.എ.ഇബ്രാഹിം ഹാജി, എന്‍.എ.അബ്ദുല്‍ഖാദര്‍, ടി.എം.ഷാഹിദ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു

പട്ടും പൊന്നുമില്ല; തുളസിമാലയിട്ട് ബാബു അമിതയെ സഖിയാക്കി

പട്ടും പൊന്നുമില്ല; തുളസിമാലയിട്ട് ബാബു അമിതയെ സഖിയാക്കി

ചിറ്റൂര്‍: സ്വര്‍ണാഭരണങ്ങളുടെ ആര്‍ഭാടത്തിളക്കവും പട്ടിന്റെ പകിട്ടും ഒഴിവാക്കി കതിര്‍മണ്ഡപത്തിലെത്തിയ അമിതയെ ചരടില്‍കോര്‍ത്ത താലിയും തുളസിമാലയുമണിയിച്ച് ബാബു സ്വന്തമാക്കി. ആചാരത്തിന്റെയും ആര്‍ഭാടത്തിന്റെയും വിലങ്ങുകള്‍ തകര്‍ത്ത് ചിറ്റൂര്‍ തെക്കേഗ്രാമം ശ്രീരാമക്ഷേത്രത്തിലായിരുന്നു പുതുതലമുറയ്ക്ക് മാതൃകയാക്കാവുന്ന ഈ വിവാഹം.

വണ്ടിത്താവളം കേയിയോട് ബാബുവിനും വിളയോട് എഴുത്താണി വീട്ടുകുഴി അമിതയ്ക്കും ലളിതവിവാഹത്തിനോടായിരുന്നു താത്പര്യം. ചിറ്റൂരിലെ പൊതുമരാമത്ത് അസി. എന്‍ജിനിയര്‍ ഓഫീസില്‍ യു.ഡി.ക്ലര്‍ക്കായ ബാബു നിത്യചൈതന്യയതിയുടെ ശിഷ്യനായിരുന്നു. പണക്കൊഴുപ്പിന്റെയും ആര്‍ഭാടത്തിന്റെയും ഉത്സവങ്ങളായി മാറുന്ന വിവാഹ ആഘോഷങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടാന്‍കൂടിവേണ്ടിയാണ് തുളസിമാലയെ പ്രതീകമാക്കിയതെന്ന് വധൂവരന്മാര്‍ പറയുന്നു.

സാമൂഹികപരിഷ്‌കരണ പ്രസ്ഥാനവുമായി അടുത്ത ബന്ധമുള്ള ബാബു വിവാഹിതനാകാന്‍ തീരുമാനിച്ചപ്പോള്‍തന്നെ അത് മാതൃകാപരമായിരിക്കണമെന്ന് ഉറപ്പിച്ചു. പൊന്നിനോടും പണത്തിനോടും ഭ്രമമില്ലാത്ത വധുവിനെ കണ്ടെത്താനായിരുന്നു പിന്നീടുള്ള ശ്രമം. കുടുംബസുഹൃത്തായ ശശിയാണ് ഇതേ ചിന്താഗതിയുള്ള അമിതയെക്കുറിച്ച് ബാബുവിനോട് പറയുന്നത്. പിന്നീടെല്ലാം വേഗത്തിലായിരുന്നു. ലളിതവിവാഹം നടത്തുന്നതില്‍ ചെറിയ എതിര്‍പ്പുകള്‍ ബന്ധുക്കളുടെ ഭാഗത്തുനിന്നുണ്ടായെങ്കിലും ബാബുവിന്റെയും അമിതയുടെയും നിശ്ചയദാര്‍ഢ്യത്തിനുമുന്നില്‍ ഒന്നും വിലപ്പോയില്ല. ഏറ്റവുമടുത്ത ബന്ധുക്കളായ 30 പേരെ മാത്രമാണ് ബാബു വിവാഹത്തിന് ക്ഷണിച്ചത്. സഹപ്രവര്‍ത്തകര്‍പോലും അതിലുള്‍പ്പെട്ടിട്ടില്ല. അമിതയുടെ ബന്ധുക്കളുള്‍പ്പെടെ വിവാഹത്തില്‍ പങ്കെടുത്തത് നൂറില്‍ താഴെ പേര്‍ മാത്രം. ഇവര്‍ക്കായി ചിറ്റൂര്‍ തുഞ്ചന്‍മഠത്തില്‍ ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു.

ആര്‍ഭാടവിവാഹങ്ങള്‍ കുടുംബങ്ങളെ കടക്കെണിയിലാക്കുന്നതും ആത്മഹത്യയിലേക്ക് നയിക്കുന്നതും പതിവായ സമൂഹത്തില്‍ ഈവിവാഹം ഒരു സന്ദേശമായി എത്തണം എന്നതാണ് ബാബുവിന്റെയും ബി.എഡുകാരിയായ അമിതയുടെയും ആഗ്രഹം.

രാജാവിനെപ്പോലെ രാവിലെ, രാത്രിയില്‍ അല്‌പഭക്ഷണം

രാജാവിനെപ്പോലെ രാവിലെ, രാത്രിയില്‍ അല്‌പഭക്ഷണം

തിരുവനന്തപുരം: രോഗങ്ങളെ അകറ്റിനിര്‍ത്താന്‍ ആരോഗ്യകരമായ ഭക്ഷണക്രമം സ്വീകരിക്കണമെന്ന് വിദഗ്ദ്ധ ഡോക്ടര്‍മാരുടെ ഓപ്പണ്‍ ഫോറം അഭിപ്രായപ്പെട്ടു. രാവിലെ രാജാവിനെപ്പോലെ സമൃദ്ധമായ ഭക്ഷണമാവാം. ഉച്ചയ്ക്ക് വിഭവങ്ങള്‍ കുറച്ചു മതി. രാത്രിയില്‍ പാവപ്പെട്ടവന്റേത് പോലെയാവണം. തിരുവനന്തപുരത്ത് നടത്തിയ 'മാതൃഭൂമി' ഹെല്‍ത്ത് ആന്‍ഡ് ലൈഫ്‌സ്റ്റൈല്‍ എക്‌സ്‌പോയിലാണ് വിദഗ്ദ്ധ ഡോക്ടര്‍മാര്‍ നിരീക്ഷണങ്ങള്‍ പങ്കുവെച്ചത്.

വിദഗ്ദ്ധഡോക്ടര്‍മാരുടെ ഓപ്പണ്‍ ഫോറത്തിലൂടെ മാതൃഭൂമി ഹെല്‍ത്ത്എക്‌സ്‌പോ പൊതുജനശ്രദ്ധ പിടിച്ചുപറ്റി.
യഥേഷ്ടം ഭക്ഷണം കഴിക്കണമെന്നുള്ളപ്പോള്‍ സസ്യാഹാരം കൂടുതലായി ഉപയോഗിക്കുക. ധാന്യാഹാരങ്ങള്‍ മിതമായി ഉപയോഗിക്കുകയും പൊരിച്ചതും കൊഴുപ്പുള്ളതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും ചെയ്യുക.

നിത്യജീവിതത്തില്‍ നേരിടുന്ന ചെറുതും വലുതുമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ലളിതഭാഷയില്‍ ശാസ്ത്രീയാടിത്തറയോടുകൂടിയ മറുപടി നല്‍കാന്‍ മാതൃഭൂമി ഹെല്‍ത്ത് ആന്‍ഡ് ലൈഫ്‌സ്റ്റൈല്‍ എക്‌സ്‌പോയ്ക്കായി.

ആരോഗ്യത്തെക്കുറിച്ച് ബോധവാനാകുമ്പോള്‍ത്തന്നെ അതിനെ അവഗണിക്കുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങളും ഡോക്ടര്‍മാര്‍ ചര്‍ച്ചചെയ്തു. ചെവി ബഡ്‌സ് ഉപയോഗിച്ച് വൃത്തിയാക്കുന്നതുകൊണ്ട് എന്തെങ്കിലും ദോഷമുണ്ടോ? വൃത്തിയാക്കാനെന്ന നിലയില്‍ ബഡ്‌സ് ഉപയോഗിക്കുന്നതിലൂടെ വീണ്ടും അഴുക്കിനെ ചെവിക്കുള്ളിലാക്കുകയാണ് ഫലമെന്ന് ഇന്‍.എന്‍.ടി. വിദഗ്ദ്ധന്റെ മറുപടി. ചെവിയില്‍ സ്വാഭാവികമായി ഉണ്ടാകുന്ന മെഴുക് മാറ്റേണ്ടതില്ല. സുരക്ഷിതമല്ലാതെ ബഡ്‌സ് ഉപയോഗിക്കുന്നതിലൂടെ ചെവിയുടെ കനാലില്‍ മുറിവുണ്ടാകുമെന്നും ഇത് അണുബാധയ്ക്ക് ഇടയാക്കുമെന്നും വിദഗ്ദ്ധാഭിപ്രായം വന്നു.

കേരളം കുടവയറന്മാരുടെ നാടാവുന്നതായി വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു. ആധുനികകാലത്തെ ഭക്ഷണരീതിയാണ് രോഗങ്ങളെ ക്ഷണിച്ചുവരുത്തുന്നത്- ഹൃദ്രോഗവിദഗ്ദ്ധനായ ഡോ.ജി. വിജയരാഘവന്‍ പറഞ്ഞു.

ഇ.എന്‍.ടി, ദന്തരോഗം, അസ്ഥിരോഗം, ശസ്ത്രക്രിയ, മൂത്രാശയരോഗങ്ങള്‍, തൈറോയിഡ്, ഹൃദ്രോഗം, ഡയബറ്റിസ്, വന്ധ്യത, ശിശുരോഗങ്ങള്‍, നേത്രരോഗം തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ദ്ധഡോക്ടര്‍മാര്‍ ഓപ്പണ്‍ഫോറത്തില്‍ പങ്കെടുത്തു. ഡോ. ശ്രീജിത്ത് എന്‍.കുമാര്‍, ഡോ.കെ.ജി. മാധവന്‍പിള്ള, ഡോ. ലേഖ, ഡോ. സുഗുണാഭായി, ഡോ. സുരേഷ്‌ജോസഫ്, ഡോ. അജിത്‌ജോയി, ഡോ.വി.സതീഷ്‌കുമാര്‍, ഡോ. മീനാചക്രവര്‍ത്തി, ഡോ.എച്ച്. വിനയരഞ്ജന്‍ തുടങ്ങിയവരും സംശയങ്ങള്‍ക്ക് മറുപടി നല്‍കി.

വിവിധ മത്സരവിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും മെഡലുകളും സമാപനയോഗത്തില്‍ വിതരണം ചെയ്തു. ഡോ. വിജയരാഘവനും ഐ.എം.എ. നിയുക്ത പ്രസിഡന്റ് ഡോ. ജി.വിജയകുമാറും ചേര്‍ന്നാണ് സമ്മാനം നല്‍കിയത്. 'മാതൃഭൂമി' തിരുവനന്തപുരം ന്യൂസ് എഡിറ്റര്‍ ബി. രമേഷ്‌കുമാര്‍ നന്ദി പറഞ്ഞു.

ഗ്യാസ്ട്രബിളും ഭക്ഷണവും

തെറ്റായ ഭക്ഷണശീലങ്ങള്‍
ഗ്യാസ്ട്രബിളിനെക്കുറിച്ചു പറയുമ്പോഴൊക്കെ ഓര്‍മയില്‍ വരുന്ന ഒരു സംഭവമുണ്ട്; ഒരു അലോപ്പതി ഡോക്ടറുടെ അനുഭവം. ഗ്യാ സിന്റെ അസുഖമുണ്ടെന്നു പറഞ്ഞെത്തുന്ന രോ ഗികളോട് അങ്ങനെയൊരസുഖമില്ലെന്നു പറയുകയും ഒരു ചിരിയോടുകൂടി ആന്റാസിഡ് പ്രിസ്‌ക്രൈബ് ചെയ്തു പറഞ്ഞയയ്ക്കുകയും ചെയ്യുന്ന രീതിയായിരുന്നു ഡോക്ടറുടേത്. രോഗിയുടെ ഭക്ഷണരീതിയെക്കുറിച്ചെന്തെങ്കിലും അറിയാന്‍ അദ്ദേഹം ഒരിക്കലും ശ്രദ്ധിച്ചിരുന്നില്ല. അങ്ങനെയിരിക്കെ തന്റെ പൊണ്ണത്തടി കുറയ്ക്കാനദ്ദേഹത്തിനൊരു മോഹം. അതിനായി ഡയറ്റിംഗ് തുടങ്ങി. അരിയാഹാരം വര്‍ജിച്ചു,

മറ്റ് അന്നജപദാര്‍ഥങ്ങളെല്ലാം ഒഴിവാക്കി, ചിക്കനും കാബേജും കോളിഫ്ലവറും മാത്രമായി ഭക്ഷണം ചുരുക്കി. ഒരാഴ്ച കഴിഞ്ഞു, പൊണ്ണത്തടിയില്‍ വലിയ കുറവൊന്നും കണ്ടില്ല. പക്ഷേ, വയറ് ബലൂണ്‍ പോലെ വീര്‍ത്തുനില്‍ക്കുന്നു; കൂടെക്കൂടെ ഏമ്പക്കവും. രോഗികള്‍ പറയുന്ന ഗ്യാസ്ട്രബിള്‍ ഇതാവാമെന്ന് അദ്ദേഹത്തിനു തോന്നി. പലതരം അന്റാസിഡുകള്‍ അകത്താക്കി. എന്നിട്ടും വിശേഷമില്ല. അപ്പോഴാണ് ഭക്ഷണത്തിന്റെ തകരാറാവാമിതിന്റെ കാരണമെന്നു തോന്നിയത്. കാബേജും കോളിഫ്ലവറും ചിക്കനും എന്ന ഡയറ്റിനോട് വിടപറഞ്ഞ് സാധാരണ ഭക്ഷണചര്യയിലേക്കു മടങ്ങി. ക്രമേണ അസുഖവും മാറിക്കിട്ടി.

സാധാരണക്കാരുടെ ഭാഷയില്‍ പറഞ്ഞാല്‍ തെറ്റായ ഭക്ഷണശീലങ്ങള്‍ മൂലമുണ്ടാകുന്ന ഒരുകൂട്ടം തകരാറുകളാണ് ഗ്യാസ്ട്രബിള്‍. ദഹനം ശരിയല്ലെന്നും വയറ് എപ്പോഴും നിറഞ്ഞിരിക്കുന്നെന്നും തോന്നുക, ഏമ്പക്കം വിടുക, ഭക്ഷണം പുളിച്ചുതികട്ടി വരിക, ഓക്കാനം, ഛര്‍ദ്ദി, ഛര്‍ദ്ദിച്ചുകഴിഞ്ഞാല്‍ ആശ്വാസം, നെഞ്ചെരിച്ചില്‍ ഇവയെല്ലാം ഗ്യാസ്ട്രബിളിന്റെ പല ഭാവങ്ങളാണ്. കഴിക്കുന്ന ഭക്ഷണസാധനങ്ങളുടെ പ്രകൃതിയിലും ഭക്ഷണശീലത്തിലും ചെറിയൊരു മാറ്റം വരുത്തിയാല്‍ വളരെ അസൗകര്യപ്രദവും അസുഖകരവുമായ ഈ രോഗം ഒഴിവാക്കാവുന്നതേയുള്ളൂ.

ഗ്യാസ്ട്രബിള്‍ ഉള്ളവര്‍ ആദ്യം ഒഴിവാക്കുന്ന ഭക്ഷണസാധനങ്ങള്‍ പയറുകളും പരിപ്പുകളുമാ ണ്. പക്ഷേ, അവയിലെ ഗ്യാസുണ്ടാക്കുന്ന അ ഞ്ചംഗ കാര്‍ബണ്‍ ഷുഗര്‍ ഏഴെട്ടു മണിക്കൂര്‍ നേരം കുതിര്‍ത്തുവച്ചേക്കുമ്പോള്‍ നശിച്ചുപോകുന്നതായി പഠനങ്ങള്‍ കാണിക്കുന്നു. പ്രഷര്‍കുക്കര്‍ വ്യാപകമാകുന്നതിനു മുന്‍പ് പയറുവര്‍ഗങ്ങള്‍ രാത്രി മുഴുവന്‍ കുതിര്‍ത്തുവച്ചിരുന്നതിനുശേഷമായിരുന്നല്ലോ പാകപ്പെടുത്തിയിരുന്നത്. പന്നിനെയ്യ്, മാട്ടിറച്ചി, ചെമ്മരിയാടിന്റെ ഇറച്ചി, കിഴങ്ങുവര്‍ഗങ്ങള്‍, ബ്രാസിക്ക വിഭാഗത്തില്‍പ്പെടുന്ന കാബേജ്, കോളിഫ്ലവര്‍ തുടങ്ങിയവയില്‍ കൂടുതലായടങ്ങിയിട്ടുള്ള സള്‍ഫര്‍ അമിനോ അങ്ങള്‍ ഗ്യാസ് ഉണ്ടാക്കുന്നവയാണ്.

കൊഴുപ്പുകളും എണ്ണകളും ചേര്‍ന്ന വിഭവങ്ങള്‍, ചില ഹോര്‍മോണുകളെ സ്വതന്ത്രമാക്കുകയും ഇവ ആമാശയത്തിലുള്ള ഭക്ഷണസാധനങ്ങളെ വന്‍കുടലിലേക്ക് തള്ളിവിടുന്നതിനെ താമസിപ്പിക്കുകയും ഗ്യാസ്ട്രബിളിനിടയാക്കുകയും ചെയ്യുന്നു.
ഏതാണ്ട് എഴുപതു ശതമാനം ആളുകളും ഭക്ഷണം ശരിയായി ചവച്ചല്ല കഴിക്കുന്നത്. ധൃ തിപിടിച്ച് ഭക്ഷണം വിഴുങ്ങുമ്പോള്‍ അതിനോടൊപ്പം വളരെയധികം വായുവും വിഴുങ്ങുന്നു. ഇത് ഏതാണ്ട് ഒന്നൊന്നര ലിറ്റര്‍ വരെയുണ്ടാകും. ഗ്യാസ്ട്രബിളിന് ഇതും കാരണമാവുന്നു.

ചില മരുന്നുകള്‍ ഗ്യാസ്ട്രബിളിന് വഴിവെക്കാറുണ്ട്. ജലദോഷത്തിനുള്ള മരുന്നുകള്‍, ആന്റിബയോട്ടിക്കുകള്‍, കാന്‍സര്‍ രോഗത്തിനു കഴിക്കുന്ന മരുന്നുകള്‍, അലര്‍ജിക്കു കഴിക്കുന്ന മരുന്നുകള്‍ തുടങ്ങിയ വ ഇതിനുദാഹരണമാണ്. ഇരുമ്പുഗുളികകള്‍ ദഹനേന്ദ്രിയത്തിന്റെ ശ്ലേഷ്മപടലങ്ങളെ ഉ ത്തേജിപ്പിക്കുകയും ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയവയ്ക്കിടയാക്കുകയും ചെയ്യുന്നു. ചുമയ്ക്കുവേണ്ടി കഴിക്കുന്ന കഫ്‌സിറപ്പുകളും ഗ്യാസ് ഉണ്ടാക്കുന്നു.

പൊണ്ണത്തടിയും അമിതഭക്ഷണവും ഗ്യാ സ്ട്രബിളുണ്ടാകുന്നതിന് കാരണമാകുന്നു. അ മിതഭക്ഷണംമൂലം ആമാശയം, കരള്‍, കിഡ്‌നി, കുടലുകള്‍ ഇവയുടെ പ്രവര്‍ത്തനം ക്ലേശകരമായി മാറുകയും പചനം അവതാളത്തിലാകുകയും ഭക്ഷണം വയറ്റില്‍ ചീഞ്ഞുതുടങ്ങുകയും ചെയ്യുന്നു. ആഹാരവസ്തുക്കള്‍ ശരിയായി പാ കപ്പെടുത്താതിരുന്നാലും ഗ്യാസ്ട്രബിളുണ്ടാ കാം. പൊരിച്ച വിഭവങ്ങളും അധികവ്യഞ്ജനങ്ങളും ഒഴിവാക്കണം. എന്നാല്‍, വെളുത്തുള്ളി ഗ്യാസിനെ ശമിപ്പിക്കുന്നു. കുടിക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടണം. സ്‌ട്രോവച്ച് പാനീയങ്ങള്‍ കുടിക്കുന്നത് ഒഴിവാക്കണം. അതുപോലെ ത്തന്നെ ഭക്ഷണം കഴിക്കുന്നതിനിടയില്‍ കൂടെക്കൂടെ വെള്ളം കുടിക്കുകയും ചെയ്യരുത്.

പയറുകള്‍, ബീന്‍സ്, വേവിക്കാത്ത സാലഡുകള്‍, കിഴങ്ങുവര്‍ഗങ്ങള്‍, മധുരപലഹാരങ്ങള്‍, ഉണങ്ങിയ പഴങ്ങള്‍ ബേക്കറിസാധനങ്ങള്‍, അണ്ടിവര്‍ഗങ്ങള്‍, പപ്പടം, ചട്ണി, ഉപ്പിലിട്ടത് തുടങ്ങിയത് ഒഴിവാക്കുക. സന്തോഷകരമായൊരന്തരീക്ഷത്തില്‍ സാവധാനം വേണം ഭക്ഷണം കഴിക്കുവാന്‍. ഉറങ്ങാന്‍പോകുന്നതിന് ഒന്നുരണ്ടു മണിക്കൂര്‍ മുന്‍പുതന്നെ ഭക്ഷണം കഴിച്ചിരിക്കണം.
ഗ്യാസ്ട്രബിള്‍ ഒഴിവാക്കാനുള്ള ഭക്ഷണസാധനങ്ങളെക്കുറിച്ച് പറയുമ്പോള്‍ വ്യക്തിക്ക് ആവശ്യമുള്ള എല്ലാ പോഷണമൂല്യങ്ങളും ഊര്‍ജവും നല്‍കുന്ന ഒരു ഭക്ഷണചര്യയായിരിക്കണം ലക്ഷ്യമിടേണ്ടത്. അതുപോലെത്തന്നെ വ്യക്തിഗതമായ അഭിരുചികളും കണക്കിലെടുക്കണം.
ഈ ലേഖനത്തിന്റെ പരിധിയില്‍ വരുന്നതല്ല എങ്കിലും പണ്ട് എവിടെയോ വായിച്ചതായി ഓര്‍ക്കുന്നു - നൗളി എന്ന യോഗാസനം ചെയ് താല്‍ ഗ്യാസ്ട്രബിളുണ്ടാകില്ലെന്നുമാത്രമല്ല, ഏതു ഭക്ഷണസാധനവും കഴിക്കാനുമാകും.

ഡോ. കെ. മാല