കൊച്ചി: എഴുപതുകളുടെ തുടക്കത്തില്‍ കൊച്ചിയിലെ മഹാരാജാസ് കോളേജില്‍ നടന്ന കവിയരങ്ങാണ് രംഗം. മലയാളം വിദ്യാര്‍ഥികളെന്നോ സയന്‍സ് പഠിക്കുന്നവരെന്നോ ഭേദമില്ലാതെ കലാലയമൊന്നടങ്കം സദസ്സിലുണ്ട്. ഹാളിനു പുറത്തുപോലും വിദ്യാര്‍ഥികള്‍ തിങ്ങിക്കൂടിനിന്ന് കവിതകള്‍ കേട്ടാസ്വദിക്കുന്നു. കവിത ചൊല്ലുന്നത് മെലിഞ്ഞ് അലക്ഷ്യമായി വസ്ത്രധാരണം ചെയ്ത ഒരു മനുഷ്യനായിരുന്നു ഈ തിരക്കിനെല്ലാം കാരണം.
എ. അയ്യപ്പനെന്ന ആ പച്ചയായ കവിയോടും കവിതയോടും എന്നും അടങ്ങാനാവാത്ത ആവേശവും ആരാധനയുമായിരുന്നു മഹാരാജാസ് കോളേജിനും കൊച്ചി നഗരത്തിനും.മഹാരാജാസ് കോളേജിലെ സാഹിത്യ പരിപാടികളുമായി ബന്ധപ്പെട്ടാണ് എ. അയ്യപ്പന്‍ കൊച്ചിയിലെത്തുന്നത്. പിന്നീടങ്ങോട്ട് നഗരത്തിന്റെ തിരക്കുകളില്‍ അലിഞ്ഞ് ചേര്‍ന്നുള്ള ജീവതമായിരുന്നു കവിയുടേത്. യാഥാര്‍ഥ്യങ്ങളെ ഉറക്കെ വിളിച്ചു പറയുന്ന തന്റെ ധിക്കാരത്തെയും ധാര്‍ഷ്ട്യത്തെയും കാമ്പസ് അംഗീകരിച്ചതുകൊണ്ടുതന്നെയാകാം കലാലയങ്ങള്‍ തന്നെയായിരുന്നു അയ്യപ്പന്റെ ജീവിത ലോകവും. അനാഥത്വമെന്ന ഭയാനകതയെ ഒരു പരിധിവരെ ചെറുത്തുതോല്പിക്കാന്‍ അദ്ദേഹത്തെ സഹായിച്ചത് മഹാരാജാസിന്റെ ഹോസ്റ്റല്‍ മുറികളായിരുന്നു. ആരുമല്ലാതിരുന്നിട്ട് പോലും മഹാരാജാസിന്റെ രാജകീയ കുടുംബത്തില്‍ അദ്ദേഹം ഒരംഗമായി കഴിഞ്ഞു.
കവിയരങ്ങുകളില്‍ പങ്കെടുക്കാനെത്തിയാല്‍ പിന്നെ ഒന്നോ രണ്ടോ മാസം കവി മഹാരാജാസിന്റെ ഇടനാഴികളില്‍ നിത്യസാന്നിധ്യമായുണ്ടാകും. വിദ്യാര്‍ഥികള്‍ പിരിവെടുത്ത് നല്‍കുന്ന പണത്തിന് പുറമെ 'പരിചയമില്ലാത്തവരുടെ' പോക്കറ്റില്‍ നിന്നും കിട്ടുന്ന തുക കൊണ്ടായിരുന്നു ജീവിതച്ചെലവുകള്‍.എന്നും അലച്ചിലും അന്വേഷണവും ആയിരുന്ന കവിയുടെ തട്ടകം എറണാകുളം വിട്ട് ആലുവയിലേക്കും മാറി പിന്നീട്. അരാജകവാദിയെന്നും അച്ചടക്കമില്ലാത്തവനെന്നും പറഞ്ഞ് പലരും 'അയ്യപ്പനെ'ന്ന കവിയെ ഒഴിവാക്കിയപ്പോള്‍ കൊടുങ്ങല്ലൂരിലെ സ്വന്തം വീട്ടിലും ആലുവയിലെ കച്ചവടസ്ഥലത്തും എല്ലാ സ്വാതന്ത്ര്യവും നല്‍കി കവി കൂടിയായ സുഹൃത്ത് സെബാസ്റ്റ്യന്‍.
രണ്ടുദിവസം മുമ്പ് ബാലചന്ദ്രന്‍ ചുള്ളിക്കാട് 'അയ്യപ്പനെ പെട്ടെന്ന് കിട്ടാവുന്ന നമ്പര്‍' ചോദിച്ചിരുന്നു. ഇന്നലെ കവി തിരുവനന്തപുരത്തുനിന്ന് 'എടാ ബാലചന്ദ്രന്‍ വിളിച്ചു' വല്ലാത്ത സന്തോഷമായിരുന്നു ആ സ്വരത്തില്‍. പിന്നെ തുടര്‍ന്നു: ''ഇന്ന് മദ്രാസിന് പോകണം. ആശാന്‍ അവാര്‍ഡ് വാങ്ങാന്‍. നീയും വരണം''. കൂടെ വരാന്‍ ആവില്ലെന്നും ആലുവയില്‍ അല്പം തിരക്കുണ്ടെന്നും പറയുമ്പോള്‍ ആശാന്‍ അവാര്‍ഡ് വാങ്ങി മടങ്ങിവരുന്ന പ്രിയകവിയെ എതിരേല്‍ക്കാന്‍ ആലുവയില്‍ കാത്തുനില്‍ക്കുന്ന നിമിഷത്തെക്കുറിച്ചും ആലോചിച്ചുപോയി സെബാസ്റ്റ്യന്‍. എന്നാല്‍ വെള്ളിയാഴ്ച ഉച്ചയോടെ പ്രിയ കവിയുടെ മരണവാര്‍ത്ത കേട്ടപ്പോള്‍ സെബാസ്റ്റ്യന്‍ തളര്‍ന്നുപോയി.
'വെയില്‍ തിന്നുന്ന പക്ഷി'ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചതിനെ തുടര്‍ന്ന് 2000-ല്‍ ആലുവ മാര്‍ക്കറ്റില്‍ കവിക്ക് ഒരു സ്വീകരണം ഒരുക്കിയിരുന്നു. ഒരുപക്ഷേ ഒരു കവിക്ക് കേരളത്തില്‍ആദ്യമായി ചന്തയില്‍ നല്‍കിയ സ്വീകരണം ആയിരുന്നിരിക്കണം അത്. വി.ജി. തമ്പിയും വി.എം. ഗിരിജയും കെ.ആര്‍. ടോണിയും വിജയലക്ഷ്മിയുമൊക്കെ പങ്കെടുത്തിരുന്ന ആ സമ്മേളനം ഉദ്ഘാടനം ചെയ്തത് ബാലചന്ദ്രന്‍ ചുള്ളിക്കാടായിരുന്നു.
''ചന്തയില്‍ സ്വീകരണമേറ്റുവാങ്ങി നില്‍ക്കുന്ന അയ്യപ്പന്‍ ഒരര്‍ഥത്തില്‍ സാധാരണക്കാരിലെ അസാധാരണക്കാരനായ കവി കൂടിയാണെന്ന്'' ബാലചന്ദ്രന്‍ പറഞ്ഞു.കഴിഞ്ഞ മാര്‍ച്ച് 13ന് അയ്യപ്പന്റെ കാവ്യജീവിതത്തിന്റെ സുവര്‍ണ ജൂബിലി കൊടുങ്ങല്ലൂരില്‍ നടത്തിയിരുന്നു. എഴുപത്തഞ്ചോളം കവികള്‍ പങ്കെടുത്ത സമ്മേളനം ഉദ്ഘാടനം ചെയ്തത് സതീര്‍ത്ഥ്യനും കൂടിയാട്ടം കലാകാരനുമായ വേണുജിയായിരുന്നു. ഉദ്ഘാടന പ്രസംഗത്തിനു ശേഷം വേണുജി ഒരു കൈയെഴുത്തു മാസിക പ്രദര്‍ശിപ്പിച്ചു-നിധി പുറത്തെടുക്കും പോലെ.
അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ അയ്യപ്പനും താനും കൂടി ഉണ്ടാക്കിയ കൈയെഴുത്തു മാസികയായിരുന്നു അതെന്ന് വേണുജി പറഞ്ഞു. ആ കൈയെഴുത്തു മാസികയില്‍ അയ്യപ്പന്റെ കവിത ഉണ്ടായിരുന്നു. കുട്ടിക്കവിതയൊന്നുമല്ല; അല്പം ദാര്‍ശനികാംശം കലര്‍ന്ന കവിത-ബിയാര്‍പുരം അയ്യപ്പന്‍ എന്നായിരുന്നു മാസികയില്‍ കവിയുടെ പേര് (ബാലരാമപുരം എന്നതിന്റെ ചുരുക്കം). ''കൊടുങ്ങല്ലൂരില്‍ തങ്ങിയ അഞ്ചുനാളും അരാജകവാദിയായിരുന്നില്ല; അനുസരണയുള്ള കുഞ്ഞാടായിരുന്നു അയ്യപ്പന്‍'' എന്നും സെബാസറ്റിയന്‍ ഓര്‍ക്കുന്നു.
ഒക്‌ടോബര്‍ 2ന് പയ്യന്നൂരില്‍ ഒരു സ്വീകരണ പരിപാടിയില്‍ പങ്കെടുക്കാനുള്ള യാത്രാമധ്യേ ആലുവ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയ കവി അര്‍ധരാത്രിയോടെ കൊടുങ്ങല്ലൂരില്‍ സെബാസ്റ്റ്യന്റെ വീട്ടില്‍ എത്തി. മഴയില്‍ നനഞ്ഞുകുളിച്ചായിരുന്നു ആ വരവ്.
''ഇടവപ്പാതിയില്‍ വന്നെത്തി
പത്തുവെയിലിന്‍ കൂട്ടുകാര്‍
വിരുന്നുണ്ടിട്ട് അവര്‍ പോകെ
വീണ്ടും വന്നു പേമാരി....''
എന്ന കവിതയും ചൊല്ലിയായിരുന്നു കവിയുടെ വരവ്. പയ്യന്നൂര്‍ യാത്ര കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങിയ കവിയുടെ ചേതനയറ്റ ശരീരമല്ല. അതിനുള്ളില്‍ എപ്പോഴും ചിറകടിച്ചുപറക്കാറുണ്ടായിരുന്ന കവിയും കവിതകളും നിറഞ്ഞു നില്‍ക്കുന്നു സെബാസ്റ്റ്യന്റെ മനസ്സില്‍.
കൊച്ചിയുടെ തെരുവില്‍ മരിച്ചുവീണ് ആരാലും തിരിച്ചറിയപ്പെടാതെ മോര്‍ച്ചറിയില്‍ കിടന്ന വിക്ടര്‍ ലീനസ്, കൊച്ചി ആലിന്‍ചുവടില്‍ റോഡില്‍ മരണത്തെ പുല്‍കിയ ടി.ആര്‍. രാമചന്ദ്രന്‍, പൊടുന്നനെ മരണത്തിന്റെ അഗാധതയിലേക്ക് വീണ ജോണ്‍ എബ്രഹാം, കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ ആരാലുമറിയാതെ മരിച്ചുകിടന്ന സുരാസു..... കൊച്ചിയുടെ സാഹിത്യ-സംസ്‌കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്ന ഇവര്‍ക്കൊപ്പം ഒടുവില്‍ എ. അയ്യപ്പനും അതുപോലെ യാത്രയാവുകയാണ്; സുഹൃത്തുക്കളുടെ മനസ്സില്‍ ഒരുപാട് ഒരുപാട് ഓര്‍മകള്‍ ബാക്കിവെച്ച്.
അരാജകജീവിതം...അജ്ഞാതമായ മടക്കം..
Friday, October 22, 2010
മഹാനഗരത്തിന്റെ നിത്യകാമുകന്‍
Subscribe to:
Post Comments
(
Atom
)
0 അഭിപ്രായ(ങ്ങള്‍) :
Post a Comment