ഇരട്ടക്കരുത്തുമായി ഒപ്ടിമസ് 2 എക്‌സ്
കടപ്പാട്: മാതൃഭൂമി
സ്മാര്‍ട്‌ഫോണുകളിലെ അപ്ലിക്കേഷനുകളും സൗകര്യങ്ങളും ദിനംപ്രതി വര്‍ധിക്കുന്നതോടെ ശരിക്കും കഷ്ടത്തിലാകുന്നത് അതിനുള്ളിലെ പ്രൊസസറുകളാണ്. ഓപ്ഷനുകള്‍ അധികമാകുന്നതോടെ കരുത്തുചോരുന്ന പ്രൊസസറുകള്‍ തളര്‍ന്നൂപോകുക സ്വാഭാവികം. ഫോണ്‍ ഹാങാകാന്‍ പിന്നെ അധികം സമയം വേണ്ടിവരില്ല.
കമ്പ്യൂട്ടറുകളിലേതുപോലെ ശക്തിയേറിയ ഡ്യുവല്‍ കോര്‍ പ്രൊസസറുകള്‍ ഫോണുകളിലും ഉപയോഗിക്കുക മാത്രമാണ് ഈ പ്രതിസന്ധിക്കുളള പരിഹാരം. ആ വഴിക്ക് മുന്നേറിയ ആദ്യ ഫോണ്‍ നിര്‍മാതാക്കള്‍ എന്ന ബഹുമതി സ്വന്തമാക്കിയിരിക്കുകയാണ് എല്‍.ജി. ഈ കൊറിയന്‍ കമ്പനി ഏറ്റവുമൊടുവില്‍ അവതരിപ്പിച്ച ഒപ്ടിമസ് 2 എക്‌സ് (LG OPTIMUS 2X) എന്ന മോഡലില്‍ ഒരു ജിഗാഹെര്‍ട്‌സ് ശേഷിയുള്ള എന്‍വിഡ്യ ടെഗ്ര-2 ഡ്യുവല്‍ കോര്‍ പ്രൊസസര്‍ ആണുപയോഗിച്ചിരിക്കുന്നത്. മള്‍ട്ടിമീഡിയ ആവശ്യങ്ങള്‍ക്കും വെബ് ബ്രൗസിങിനുമെല്ലാം മിന്നല്‍വേഗം സമ്മാനിക്കുന്ന ഈ പ്രൊസസറിന്റെ വരവ് സ്മാര്‍ട്‌ഫോണ്‍ രംഗത്ത് വന്‍ചലനങ്ങളുണ്ടാക്കുമെന്നതില്‍ സംശയം വേണ്ട.
കുറഞ്ഞ ഊര്‍ജ്ജ ഉപയോഗവും മികച്ച ഓഡിയോ, വീഡിയോ പ്രവര്‍ത്തനവമാണ് ഈ പ്രൊസസറുകളുടെ പ്രത്യേകത. മികവുറ്റ പ്രൊസസറാണ് ഉള്ളിലുള്ളതെന്നതിനാല്‍ ഹെവിവെയ്റ്റ് ഫീച്ചേഴ്‌സ് ആണ് ഒപ്ടിമസ് 2 എക്‌സില്‍ എല്‍.ജി. ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഹൈഡെഫനിഷന്‍ ഗുണമേന്‍മയില്‍ ടി.വി. ഔട്ട്പുട്ട് നല്‍കാന്‍ സഹായിക്കുന്ന എച്ച്.ഡി.എം.ഐ. മിററിങ്, വയര്‍ലെസ് ആയി ഡി.എല്‍.എന്‍.എ. സംവിധാനമുള്ള ഏത് എച്ച്.ഡി. ടിവിയിലേക്കും ബന്ധിപ്പിക്കാവുന്ന സംവിധാനം, വീഡിയോ കാപ്ചറിങ് എന്നിവ ഇവയില്‍ പ്രധാനം.
1080 P റെക്കോഡിങ് ശേഷിയുളള എട്ട് മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയും വീഡിയോ കോളിങിനായി 1.3 മെഗാപിക്‌സല്‍ ശേഷിയുള്ള മറ്റൊരു ക്യാമറയും ഫോണിലുണ്ട്. എട്ട് ജി.ബി. ഇന്‍ബില്‍ട്ട് മെമ്മറിയുമായി എത്തുന്ന ഒപ്ടിമസ് 2 എക്‌സില്‍ 32 ജി.ബി. കാര്‍ഡ് വരെ പ്രവര്‍ത്തിപ്പിക്കാനാകും. നിലവില്‍ ആന്‍ഡ്രോയ്ഡ് 2.2 പതിപ്പാണ് ഫോണിലുള്ളത്. ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ പതിപ്പായ 2.3 ജിഞ്ചര്‍ബ്രെഡിലേക്ക് അപ്‌ഡേറ്റ് ചെയ്യാനുളള സൗകര്യവും എല്‍.ജി. വാഗ്ദാനം ചെയ്യുന്നു.
കാഴ്ചയില്‍ മോശമില്ലാത്ത എല്‍.ജി. ഒപ്ടിമസ് 2 എക്‌സില്‍ നാലിഞ്ച് ഡബഌൂ.വി.ജി.എ. ഡിസ്‌പ്ലേയാണുള്ളത്. ഫുള്‍ടച്ച് ഫോണാണിത്. ഗെയിമിങ് ആരാധകര്‍ക്കായി ആക്‌സിലറോമീറ്റര്‍, ഗൈറോ-സെന്‍സര്‍ എന്നിവയും ഫോണിലുണ്ട്.
സൗകര്യങ്ങളും സംവിധാനങ്ങളും ഒട്ടേറെയുണ്ടെങ്കിലൂം ബാറ്ററി ആയുസിന്റെ കാര്യത്തില്‍ ഒപ്ടിമസ് 2 എക്‌സ് ഗൗരവമായ ചില സംശയങ്ങളുയര്‍ത്തുന്നുവെന്ന് പറയാതെ വയ്യ. സാധാരണഫോണുകളിലേതുപോലുള്ള 1500 മില്ലിആംപ് മണിക്കൂര്‍ (എംഎഎച്ച്) ബാറ്ററിയാണ് ഈ ഫോണിലുപയോഗിച്ചത്. ഒരു ദിവസം മുഴുവനുപയോഗിക്കാവുന്ന ഊര്‍ജ്ജം പകരാന്‍ ഈ ബാറ്ററിക്കാകുമോ എന്ന് കണ്ടു തന്നെ അറിയണം.
എല്‍.ജി.യുടെ സ്വന്തം തട്ടകമായ ഉത്തരകൊറിയന്‍ വിപണിയിലാണ് ഒപ്ടിമസ് 2 എക്‌സ് ആദ്യമെത്തുക. പുതുവര്‍ഷത്തിലായിരിക്കും ഇതിന്റെ ലോഞ്ചിങ്. തുടര്‍ന്ന് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഇന്ത്യയടക്കമുള്ള വിപണികളില്‍ ഈ ഫോണ്‍ അതിഥിയായെത്തും. ഒപ്ടിമസ് 2 എക്‌സിന്റെ ചുവടുപിടിച്ച് മറ്റെല്ലാ കമ്പനികളും ഡ്യൂവല്‍കോര്‍ പ്രൊസസറുള്ള മോഡലുകളിറക്കുന്ന കാഴ്ചയ്ക്കും 2011 സാക്ഷ്യം വഹിക്കുമെന്നുറപ്പ്. ഇക്കാര്യത്തില്‍ സാംസങ് കമ്പനിയാകും എല്‍.ജി.യുമായി ആദ്യ മത്സരിക്കാനെത്തുകയെന്ന് റിപ്പോര്‍ട്ടുണ്ട്.
0 അഭിപ്രായ(ങ്ങള്‍) :
Post a Comment