ബ്രൌസര്‍ പ്രോഗ്രാമുകള്‍ തുറന്ന് വെബ്സൈറ്റുകളിലേക്ക് കടക്കാന്‍ ഇനി ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്യേണ്ടി വരില്ല. അഡ്രസ്സ് ബാറില്‍ മലയാളത്തില്‍ ടൈപ് ചെയ്ത് വെബ്സൈറ്റുകള്‍ നമ്മുടെ കമ്പ്യൂട്ടറിലെത്തുന്ന കാലം വരികയാണ്. ഇംഗ്ലീഷിനെ ഒട്ടും ആശ്രയിക്കാതെ പ്രാദേശിക ഭാഷയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാമെന്ന് വരുന്നതോടെ കീബോര്‍ഡ് ബട്ടണുകളുടെ മീതെ പതിഞ്ഞിരിക്കുന്ന ഇംഗ്ലീഷ് അക്ഷരങ്ങള്‍ ഏറെ വൈകാതെ മാഞ്ഞുതുടങ്ങും. ഇംഗ്ലീഷ് ഭാഷ ആവശ്യമില്ലാതാകുന്നതോടെ പ്രാദേശികതലത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണവും വളരെ കൂടും.
ലാറ്റിന്‍ ഭാഷക്ക് പകരം മറ്റു ലിപികളിലും വെബ് അഡ്രസ്സുകള്‍ ലഭിച്ചുതുടങ്ങി. വെബ്സൈറ്റുകളുടെ ഡൊമൈന്‍ നാമത്തിന് അറബിയിലുള്ള വാലറ്റം (extension) നല്‍കിക്കൊണ്ടാണ് 2010 മെയ് 5ന് പുതിയ മാറ്റം നിലവില്‍വന്നത്. ഈജിപ്ത്, സൌദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ.ഇ) എന്നീ രാജ്യങ്ങളാണ് പുതിയ മാറ്റങ്ങളോടെ വെബ്വിലാസങ്ങള്‍ ആദ്യം സ്വീകരിച്ചത്. അറബിയില്‍ തുടങ്ങിയ ഈ പരിഷ്ക്കരണം വൈകാതെ മറ്റു ഭാഷകളിലേക്കും വ്യാപിക്കും. ഇന്റര്‍നെറ്റിന്റെ ചരിത്രത്തിലെ തന്നെ നാഴികക്കല്ലാവുന്ന തീരുമാനം നടപ്പാക്കാന്‍ തമിഴ് ഉള്‍പ്പെടെ ലോകത്തെ 11 ഭാഷകളില്‍ വെബ്വിലാസങ്ങള്‍ അനുവദിക്കാനായി 21 രാജ്യങ്ങള്‍ അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്.
വെബ് വിലാസങ്ങളില്‍ ഭൂരിഭാഗവും അവസാനിക്കുന്നത് ഡോട്ട് കോം, ഡോട്ട് ഓര്‍ഗ്, ഡോട്ട് നെറ്റ് തുടങ്ങി ലാറ്റിന്‍ ലിപിയിലുള്ള വാലറ്റങ്ങളോടെയാണ്. അതോടൊപ്പം ഏതെങ്കിലും രാജ്യത്തെ സൂചിപ്പിക്കുന്ന ഡോട്ട് ഇന്‍ (ഇന്ത്യ) പോലുള്ള കോഡുകളും ഉപയോഗിക്കുന്നുണ്ട്. ഇംഗ്ലീഷല്ലാത്ത ഭാഷകളില്‍ ഇതുവരെ ഈ വാലറ്റങ്ങള്‍ ലഭ്യമായിരുന്നില്ല. വെബ് വിലാസത്തിലെ വാലറ്റത്തിന് മുമ്പുള്ള കുറച്ചുഭാഗം ലാറ്റിനേതര ഭാഷകളിലും അനുവദിച്ചിരുന്നു. അപ്പോഴും വാലറ്റങ്ങള്‍ക്ക് ഇംഗ്ലീഷ് തന്നെ വേണമെന്നതായിരുന്നു അവസ്ഥ. ഇതാണ് ഇനി മാറാന്‍ പോകുന്നത്. വെബ് വിലാസം മുഴുവന്‍ ഒരേ ഭാഷയിലാകുന്നതോടെ പ്രാദേശിക ഭാഷാ കമ്പ്യൂട്ടിംഗിനും ഇന്റര്‍നെറ്റ് ഉപയോഗക്രമങ്ങള്‍ക്കും ആക്കം കൂടും.
ലാറ്റിന്‍ ലിപിയില്‍ മാത്രമല്ല മറ്റ് ലിപികളിലും വെബ് വിലാസം അനുവദിക്കാന്‍, ഇക്കാര്യം നിയന്ത്രിക്കുന്ന 'ഇന്റര്‍നെറ്റ് കോര്‍പ്പറേഷന്‍ ഫോര്‍ അസൈന്‍ഡ് നെയിംസ് ആന്‍ഡ് നമ്പേഴ്സ്' (ICANN) കഴിഞ്ഞ വര്‍ഷം അനുമതി നല്‍കിയിരുന്നു. ഇന്റര്‍നെറ്റിന്റെ നാല്പതു വര്‍ഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഇതര ഭാഷകളില്‍ വെബ്വിലാസം അനുവദിച്ചിട്ടുണ്ടെങ്കിലും എല്ലാവര്‍ക്കും പൂര്‍ണ്ണ രൂപത്തില്‍ ഉപയോഗിക്കാന്‍ ആദ്യം ചില തടസ്സങ്ങളുണ്ട്. ചില ഔദ്യോഗിക നടപടിക്രമങ്ങള്‍ മാത്രമാണത്. അതും ഏറെ വൈകാതെ മാറുമെന്നാണ് ICANN നല്‍കുന്ന വിശദീകരണം. ഡോട്ട്കോം യുഗത്തിന് കാല്‍നൂറ്റാണ്ട് പിന്നിടുന്ന സമയത്ത് പ്രാദേശിക ഭാഷകളില്‍ പൂര്‍ണ്ണമായ വെബ്വിലാസം അനുവദിച്ചുകൊണ്ടുള്ള പുതിയ മാറ്റം എല്ലാ രാജ്യങ്ങളും വളരെ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. ലാറ്റിന്‍ ലിപി ഉപയോഗിക്കുന്ന ഇംഗ്ലീഷ് പോലുള്ള ഭാഷ പല രാജ്യക്കാര്‍ക്കും അത്രയേറെ വശമില്ല. അത്തരം ഇടങ്ങളിലാണ് പുതിയ മാറ്റം ഏറെ ശ്രദ്ധിക്കപ്പെടുക.
0 അഭിപ്രായ(ങ്ങള്‍) :
Post a Comment