ധ്യാനത്തിലേക്ക് സ്വാഗതം !

കണ്ണ് തുറന്നു പുറത്തേക്കു നോക്കണേ..കണ്ണടച്ച് അകത്തേക്കും!

SUNILMANJERI. MOB:9895 34 56 16

SUNILMANJERI. MOB:9895 34 56 16

SUNILMANJERI MOB:9895 34 56 16

Wednesday, February 29, 2012

നോക്കിയ 808 പ്യുവര്‍വ്യൂ - 41 മെഗാപിക്‌സല്‍ ക്യാമറയുള്ള സ്മാര്‍ട്ട്‌ഫോണ്‍


ഒരു സ്മാര്‍ട്ട്‌ഫോണില്‍ എത്ര മെഗാപിക്‌സല്‍ ക്യാമറ വേണം. എത്രയെന്ന് വേണമെങ്കിലും നിങ്ങള്‍ പറഞ്ഞോളൂ...അത്തരം എല്ലാ കണക്കുകൂട്ടലും തെറ്റിക്കും നോക്കിയയുടെ പുതിയ ഫോണായ 808 പ്യുവര്‍വ്യൂ. ബാഴ്‌സലോണയിലെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സില്‍ (MWC 2012) ഏവരെയും അമ്പരപ്പിച്ചുകൊണ്ട് അവതരിപ്പിച്ച ഈ സ്മാര്‍ട്ട്‌ഫോണിലേത് 41 മെഗാപിക്‌സല്‍ ക്യാമറയാണ്!

മൊബൈല്‍ ഇമേജിങ് ഉപകരണങ്ങളുടെ കാര്യത്തില്‍ പുതിയൊരു 'വ്യവസായ നിലവാരം' നിശ്ചയിക്കാന്‍ പോന്നതാകും നോക്കിയ 808 പ്യുവര്‍വ്യൂ (Nokia 808 PureView) എന്ന് കമ്പനി അവകാശപ്പെടുന്നു. പ്രസിദ്ധമായ 'കാള്‍ സീസ്' (Carl Zeiss) കമ്പനിയാണ് നോക്കിയ ഫോണിനുള്ള 41 മെഗാപിക്‌സല്‍ സെന്‍സര്‍ രൂപപ്പെടുത്തിയിരിക്കുന്നത്.

'പ്യുവര്‍വ്യൂ ഫോണി'ലെ ക്യാമറ 41 മെഗാപിക്‌സല്‍ ആണെന്ന് കേള്‍ക്കുമ്പോള്‍, പരസ്യബോര്‍ഡുകളുടെ വലിപ്പമുള്ള ചിത്രങ്ങളേ എടുക്കാനാകൂ എന്ന് കരുതരുത്. എത്ര വലിപ്പത്തിലുള്ള ചിത്രം വേണമെന്ന് ഉപയോക്താവിന് നിശ്ചയിക്കാം- 2 മെഗാപിക്‌സല്‍, 3 മെഗാപിക്‌സല്‍, 5 മെഗാപിക്‌സല്‍, 8 മെഗാപിക്‌സല്‍, അല്ലെങ്കില്‍ ഏറ്റവും ഉയര്‍ന്ന റസല്യൂഷന്‍ എന്നിങ്ങനെ.

'ശരിയായ ഒരു പിക്‌സലി'ന്റെ പരിധിക്കുള്ളിലേക്ക് ഏഴ് പിക്‌സലുകള്‍ വരെ സന്നിവേശിപ്പിച്ച് ചിത്രത്തിന്റെ മിഴിവും ഗുണമേന്‍മയും വര്‍ധിപ്പിക്കാനുള്ള സങ്കേതമാണ് പ്യുവര്‍വ്യൂ ഫോണിലുള്ളത്. വര്‍ഷങ്ങളുടെ ഗവേഷണഫലമായാണ് പ്യുവര്‍വ്യൂ ദൃശ്യസങ്കേതം രൂപപ്പെടുത്തിയതെന്ന് നോക്കിയ അവകാശപ്പെടുന്നു. ചിത്രങ്ങളുടെ ഗുണമേന്‍മ, സൂം ചെയ്യുമ്പോഴും ചിത്രത്തിന്റെ മിഴിവ് നഷ്ടമാകാതിരിക്കല്‍, മങ്ങിയ വെളിച്ചത്തിലും മെച്ചപ്പെട്ട ചിത്രങ്ങള്‍ പകര്‍ത്താനുള്ള സാധ്യതയൊക്കെ ഈ സങ്കേതം മുന്നോട്ടുവെയ്ക്കുന്നു.

ഫോട്ടോകള്‍ മാത്രമല്ല, വീഡിയോ പിടിക്കാനും ഈ സ്മാര്‍ട്ട്‌ഫോണ്‍ സഹായിക്കും. ഉന്നത റസല്യൂഷനില്‍ 1080പി വീഡിയോ ഇതില്‍ സാധ്യമാകും.


സൂപ്പര്‍ഫോണ്‍ എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ഈ ഫോണിന്റെ പ്ലാറ്റ്‌ഫോം പക്ഷേ നോക്കിയയുടെ സിമ്പിയന്‍ ബെല്‍ (Symbian Belle) ആണെന്നത് പലരും നെറ്റി ചുളിക്കാന്‍ ഇടയാക്കിയിരിക്കുന്നു. വിന്‍ഡോസ് ഫോണ്‍ പ്ലാറ്റ്‌ഫോം എങ്കിലുമാകേണ്ടതായിരുന്നു എന്നാണ് പലരുടെയും അഭിപ്രായം.

കാരണം, നോക്കിയ ഉപേക്ഷിക്കാന്‍ തീരുമാനിച്ച പഴഞ്ചന്‍ മൊബൈല്‍ പ്ലാറ്റ്‌ഫോം ആണ് സിമ്പിയന്‍. പകരം മൈക്രോസോഫ്ടിന്റെ വിന്‍ഡോസ് ഫോണ്‍ ഒഎസിലാകും നോക്കിയയുടെ ഭാവിയെന്ന് കമ്പനി തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. ആ സ്ഥിതിക്ക് ഇങ്ങനെയൊരു സൂപ്പര്‍ഫോണ്‍ സിമ്പിയന്‍ ബെല്‍ പ്ലാറ്റ്‌ഫോമില്‍ വേണ്ടിയിരുന്നോ എന്നാണ് ചോദ്യം.

നാലിഞ്ച് അമൊലെഡ് ഡിസ്‌പ്ലെയാണ് പ്യൂവര്‍വ്യൂ ഫോണിന്റേത്. പോറല്‍ വീഴാതിരിക്കാന്‍ ഗൊറില്ല ഗ്ലാസ് ഉപയോഗിച്ചിരിക്കുന്നു. 1.3 GHz പ്രൊസസറാണ് ഫോണിന് കരുത്തു പകരുന്നത്. 16ജിബി തനത് മെമ്മറിയുള്ള ഫോണില്‍ 32 ജിബി വരെയുള്ള മൈക്രോഎസ്ഡി കാര്‍ഡ് ഉപയോഗിക്കാനുമാകും.

2012 മെയ് മാസത്തില്‍ നോക്കിയ 808 പ്യുവര്‍വ്യൂ വിപണിയിലെത്തും. ലഭ്യമായ വിവരമനുസരിച്ച് നോക്കിയ 808 പ്യുവര്‍വ്യൂവിന് അമേരിക്കയില്‍ 760 ഡോളറായിരിക്കും വില; ഇന്ത്യയില്‍ ഏതാണ്ട് 34000 രൂപയും.

വിന്‍ഡോസ് ഫോണ്‍ 7 ല്‍ പ്രവര്‍ത്തിക്കുന്ന ലൂമിയ 610, സിമ്പിയന്‍ പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ആഷ 202, ആഷ 203, ആഷ 302 എന്നീ ഫോണുകളും മൊബൈല്‍ കോണ്‍ഗ്രസില്‍ നോക്കിയ അവതരിപ്പിച്ചു.


Wednesday, February 22, 2012

സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ആന്‍ഡ്രോയിഡ് വസന്തം സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ആന്‍ഡ്രോയിഡ് വസന്തം


സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ആന്‍ഡ്രോയിഡ് വസന്തം
സ്വന്തം ജി ഫോണുമായി ഗൂഗിള്‍ മൊബൈല്‍ഫോണ്‍ വിപണിയിലേക്ക് വരുന്നു,2007ന്റെ മധ്യത്തില്‍ ടെലികോം ഐ.ടി രംഗത്തെ ചൂടേറിയ ചര്‍ച്ചകള്‍ക്കാണ് ഈ പ്രചാരണം വഴിവെച്ചത്.   ഊഹാപോഹങ്ങള്‍ക്ക് അറുതി വരുത്തി 2007 നവംബര്‍ അഞ്ചിനാണ് ഗൂഗിള്‍ സ്മാര്‍ട്ട് ഫോണുകള്‍ക്കും ടാബ്ലെറ്റ് പി.സികള്‍ക്കുമായി ലിനക്സ് കേര്‍ണല്‍ അധിഷ്ഠിതമായ ആന്‍ഡ്രോയിഡ് ഓപറേറ്റിങ് സിസ്റ്റം പുറത്തിറക്കുന്നുവെന്ന പ്രഖ്യാപനം നടത്തി.
ഒരു ഫോണിനുപകരം ഒരു പക്ഷേ, പുത്തന്‍ മൊബൈല്‍ അനുഭവം പകരുന്ന ഒരായിരം ഫോണുകള്‍ക്കുതന്നെ അടിസ്ഥാനമായേക്കാവുന്ന ഒന്ന്...ആന്‍ഡ്രോയിഡ് ഓപറേറ്റിങ് സിസ്റ്റം പുറത്തിറക്കി ഗൂഗിള്‍ ഫോണ്‍ പ്രോജക്ടിന്റെ മേധാവി ആന്‍ഡി റൂബിന്‍ അന്ന് പ്രസ്താവനയില്‍ അറിയിച്ചു. ഈ ഓപറേറ്റിങ് സിസ്റ്റത്തിന്റെ ഭാവി ഡെവലപ്പ്മെന്റിനും കൂടുതല്‍ ജനപ്രിയമാക്കുന്നതിനുമായി ഇലക്ട്രോണിക്സ് രംഗത്തെ അതികായരായ എച്ച്.ടി.സി,സോണി,ഡെല്‍,ഇന്റല്‍,മോട്ടോറോള,സാംസങ്,എല്‍.ജി തുടങ്ങി 34 കമ്പനികളുടെ കൂട്ടായ്മയായ ഓപണ്‍ ഹാന്‍ഡ് സെറ്റ് അലയന്‍സിന്റെ പ്രഖ്യാപനവും അന്നുതന്നെ നടന്നു.
അദ്ഭുത ഉല്‍പന്നങ്ങളേറെ പുറത്തുവന്നിട്ടുണ്ടെങ്കിലും അന്നത്തെ ജനപ്രിയ സ്മാര്‍ട്ട് ഫോണ്‍ ഓപറേറ്റിങ് സിസ്റ്റങ്ങളായ സിംബിയനും ആപ്പിളിനും ബ്ലാക്ബെറിക്കുമൊന്നും കാര്യമായ ക്ഷീണം ഇവന് വരുത്താനാകില്ലെന്നായിരുന്ന വിലയിരുത്തല്‍. എന്നാല്‍, ഓരോ വര്‍ഷം ചെല്ലുന്തോറും ചിത്രംമാറി വരുന്ന കാഴ്ചയാണ്. 2010ന്റെ നാലാം പാദത്തില്‍ ലോകത്ത് ഏറ്റവുമധികം വിറ്റുപോയത് ആന്‍ഡ്രോയിഡ് ഓപറേറ്റിങ് സിസ്റ്റത്തില്‍
അധിഷ്ഠിതമായ ഫോണുകളായിരുന്നു. 2011 ഒക്ടോബറില്‍ ലോകത്തെ ആന്‍ഡ്രോയിഡ് ഫോണ്‍ ഉപഭോക്താക്കളുടെ എണ്ണം 100 മില്യണ്‍ കഴിഞ്ഞു. ആഗോളതലത്തില്‍ ഒരു ദിവസം നാലു ലക്ഷം ആന്‍ഡ്രോയിഡ് ഫോണുകള്‍ ആക്ടിവേറ്റ് ചെയ്യപ്പെടുന്നുണ്ടെന്നാണ് ഗൂഗിളിന്റെ കണക്ക്. ഇന്ന് ഉപയോഗത്തിലുള്ള ഫോണുകളില്‍ 60 ശതമാനത്തിലും ആന്‍ഡ്രോയിഡാണ് ഉപയോഗിക്കുന്നതെന്നും ഗൂഗിള്‍ അവകാശപ്പെടുന്നു. ഓപണ്‍ ഹാന്‍ഡ് സെറ്റ് അലയന്‍സില്‍ അംഗങ്ങളായ മോട്ടോറോളക്കും സാംസങ്ങിനുമെല്ലാം സ്വന്തം ഓപറേറ്റിങ് സിസ്റ്റങ്ങള്‍ ഉണ്ടെങ്കിലും കളമറിഞ്ഞ് കളിക്കുന്നതിന്റെ ഭാഗമായി ആന്‍ഡ്രോയിഡ് ഫോണുകളുടെ ഉല്‍പാദനം അവര്‍ ഇരട്ടിയാക്കി കഴിഞ്ഞു.
ഈ പോക്കുപോയാല്‍ സമീപഭാവിയില്‍തന്നെ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണ്‍ ഓപറേറ്റിങ് സിസ്റ്റംസില്‍ പ്രഥമ സ്ഥാനം പിടിച്ചടക്കുമെന്നുതന്നെയാണ് മൊബൈല്‍ ഗുരുക്കളുടെ പക്ഷം.
മറ്റുഫോണുകളെ അപേക്ഷിച്ച് ആന്‍ഡ്രോയിഡിനുള്ള മെച്ചം ആപ്ലിക്കേഷനുകളുടെ സ്വീകാര്യതയാണ്. ആന്‍ഡ്രോയിഡ് അടിസ്ഥാനമാക്കി ആര്‍ക്കും എന്ത് ആപ്ലിക്കേഷനും നിര്‍മിക്കാമെന്നും അത് എല്ലാ ഫോണുകളിലും പ്രവര്‍ത്തിക്കുമെന്നുമുള്ള അറിവ് ആദ്യം അറച്ചുനിന്നവരെ ആന്‍ഡ്രോയിഡിലേക്ക് അടുപ്പിച്ചു.  രണ്ടുലക്ഷത്തോളം ആപ്ലിക്കേഷനുകളാണ് ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്കായി ഇന്ന് മാര്‍ക്കറ്റിലുള്ളത്.
ഓപണ്‍ സോഫ്റ്റ്വെയര്‍ ആയതിനാല്‍ വൈറസ് അറ്റാക്ക്  ഉണ്ടായാല്‍  ഏത് കമ്പ്യൂട്ടര്‍ വിദഗ്ധര്‍ക്കും സെക്യൂരിറ്റി പാച്ച് ഇറക്കാമെന്നതും പ്രിയം വര്‍ധിക്കാനിടയാക്കി. തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനുകള്‍ ഡിഫാള്‍ട്ട് ആയി സെറ്റ് ചെയ്യാനാകല്‍,ഫ്ലാഷ് സപ്പോര്‍ട്ട് ചെയ്യുന്ന വേഗതയേറിയ വെബ് ബ്രൌസര്‍ തുടങ്ങിയവയും ആന്‍ഡ്രോയിഡിനെ അതിവേഗം സ്വീകാര്യമാക്കി.
ഈ സ്വീകാര്യത പണമാക്കി മാറ്റുന്നതില്‍ നോക്കിയയും ആപ്പിളും ബ്ലാക്ബെറിയും പോലുള്ള വന്‍തോക്കുകള്‍ മാത്രമാണ് പുറംതിരിഞ്ഞ്  നില്‍ക്കുന്നത്. സാംസങ്ങാണ് ആന്‍ഡ്രോയിഡ് ഉപയോഗിച്ച് പണം കൊയ്തതില്‍ മുമ്പന്‍. 10 മില്യണ്‍ ഗ്യാലക്സി എസ് 2 മോഡലാണ് സാംസങ്ങ് ലോകമെമ്പാടും വിറ്റഴിച്ചത്. ബഡ്ജറ്റ് ഫോണുകളിലൂടെ ശ്രദ്ധേയരായ മൈക്രോമാക്സ്,കാര്‍ബണ്‍, സ്പൈസ് തുടങ്ങിയവയും ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണ്‍ രംഗത്ത് തങ്ങളുടെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മൈക്രോമാക്സിന്റെ ആന്‍ഡ്രോ എ60 മോഡല്‍ വന്‍ഹിറ്റായിരുന്നു. ഇത് ജനം കൈയുംനീട്ടി സ്വീകരിച്ചതറിഞ്ഞ കമ്പനി എ70 എന്ന മോഡല്‍ കൂടി ഇറക്കി വിപണിയില്‍ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്. എല്‍.ജി ഓപ്റ്റിമസ് 3ഡി,എച്ച്.ടി.സി സെന്‍സേഷന്‍,സാംഗ് ഗ്യാലക്സി എസ്2,സാംഗ് ഗൂഗിള്‍ നെക്സസ്,ഡെല്‍ വെന്യൂ തുടങ്ങി 20,000 രൂപക്ക് മുകളിലുള്ള ഹൈ എന്‍ഡ് മോഡലുകള്‍ക്കൊപ്പം 10000 രൂപയില്‍ താഴെയുള്ള ഡെല്‍ എയറോ,സോണി എറിക്സണ്‍ എക്സ്പീരിയ എക്സ് 10 മിനി,സ്പൈസ് എം.ഐ 310,ഡെല്‍ എക്സ് സി.ഡി 28 തുടങ്ങി ബഡ്ജറ്റ് ഫോണുകള്‍ സ്മാര്‍ട്ട് ഫോണ്‍ സാധാരണക്കാരന് പ്രാപ്യമാക്കി.
അഞ്ച് പുതിയ മോഡലുകളാണ് ഇന്ത്യന്‍ മാര്‍ക്കറ്റിലേക്കുള്ള പ്രവേശനത്തിന് ഊഴം കാത്തിരിക്കുന്നത്. എക്സ്പീരിയ ആര്‍ക്കിന്റെ നവീകരിച്ച പതിപ്പ് ആര്‍ക്ക് എസുമായി സോണി എറിക്സണൂം എച്ച്.ടി.സി സെന്‍സേഷന്റെ സ്പെഷ്യല്‍ പതിപ്പ് സെന്‍സേഷന്‍ എക്സ് ഇ,സാംസങ് ഗ്യാലക്സി നോട്ട്,എല്‍.ജി ഓപ്റ്റിമസ് ഇ.എക്സ്,ഗൂഗിള്‍ നെക്സസ് പ്രൈം എന്നിവയാണ് അവ.

മൊബൈല്‍ ടവറുകള്‍ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നില്ളെന്ന് സര്‍ക്കാര്‍





കൊച്ചി: മൊബൈല്‍ ടവറുകള്‍ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നതായി റിപ്പോര്‍ട്ടുകളില്ളെന്ന് കേന്ദ്രസര്‍ക്കാര്‍. മൊബൈല്‍ ടവറുകള്‍ക്ക് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് ഹൈകോടതിയില്‍ സമര്‍പ്പിക്കാന്‍ അഡീഷനല്‍ സോളിസിറ്റര്‍ ജനറലിന് കൈമാറിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മുംബൈ ഹൈകോടതി നിര്‍ദേശപ്രകാരം കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയം  ഇക്കാര്യത്തില്‍ പഠനം നടത്തി. എന്നാല്‍, മൊബൈല്‍ ടവറുകള്‍ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നതായി കണ്ടത്തൊനായില്ല. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടിലും മൊബൈല്‍ ടവറുകള്‍ക്ക് എതിരായ പരാമര്‍ശങ്ങളില്ല. ഈ സാഹചര്യത്തില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്.
തൃപ്പൂണിത്തുറ നഗരസഭാ പ്രദേശത്ത് മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയിലാണ് കേന്ദ്ര സര്‍ക്കാറിന്‍െറ സത്യവാങ്മൂലം. എന്നാല്‍, ടവര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട നൂറുകണക്കിന് ഹരജികള്‍ കോടതികളുടെ പരിഗണനയിലുണ്ട്. ജനങ്ങളുടെ പ്രതികരണമാരായാതെ ടവറുകള്‍ക്ക് നല്‍കുന്ന അനുമതി പിന്നീട് പ്രക്ഷോഭമുണ്ടാകുമ്പോള്‍ റദ്ദാക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നടപടിയെ കഴിഞ്ഞ ദിവസം കോടതി വിമര്‍ശിച്ചിരുന്നു.

Friday, February 17, 2012

വെള്ളമൊഴിച്ചും ചാര്‍ജ് ചെയ്യാവുന്ന കാലം!



ഫെയ്‌സ്ബുക്കിന്റെയും യൂട്യൂബിന്റെയും കാലമാണിത്. ഭക്ഷണം തീര്‍ന്നുപോവുന്നത് സഹിക്കും; എന്നാല്‍ മൊബൈലിലോ കമ്പ്യൂട്ടറിലോ ബാറ്ററി തീര്‍ന്നുപോവുന്നത് പലര്‍ക്കും സഹിക്കാനാവില്ല. മൊബൈല്‍ ഉപകരണങ്ങള്‍ റീചാര്‍ജ് ചെയ്യാന്‍ പല രീതികള്‍ ഇപ്പോള്‍ പ്രയോഗത്തിലുണ്ട്. പരമ്പരാഗത വൈദ്യുത ചാര്‍ജറിനു പുറമേ സൂര്യപ്രകാശമുപയോഗിച്ചുള്ള ചാര്‍ജര്‍, ഓടുന്ന സമയത്തും സൈക്കിള്‍ ചവിട്ടുമ്പോഴും ചാര്‍ജ് ചെയ്യാവുന്ന രീതി, അങ്ങനെ ഒട്ടേറെ സങ്കേതങ്ങള്‍. ആ കൂട്ടത്തിലേക്ക് വിത്യസ്തമായ രീതിയില്‍ വെള്ളമൊഴിച്ച് ചാര്‍ജ് ചെയ്യാവുന്ന ഒരു ചാര്‍ജര്‍ വരുന്നു. സ്വീഡിഷ് കമ്പനിയായ പവര്‍ടെക് ആണ് ഇത് രൂപകല്‍പ്പന ചെയ്തത്. 

വെള്ളത്തിന് പുറമേ മറ്റു രാസവസ്തുക്കളും അടങ്ങിയ ഒരു കെമിക്കല്‍ ചാര്‍ജര്‍ ആണിത്. . വൈദ്യുതി ആവശ്യമായി വരുന്ന സമയത്ത് ഒരു ടേബിള്‍ സ്പൂണ്‍ വെള്ളം ചാര്‍ജറിലെ പ്രത്യേക അറയിലേക്ക് ഒഴിച്ചാല്‍ മതി 10 മണിക്കൂര്‍ നേരത്തേക്ക് മൊബൈല്‍ പ്രവര്‍ത്തിപ്പിക്കാനുള്ള വൈദ്യുതി റെഡി. എളുപ്പത്തില്‍ കൊണ്ടുനടക്കുകയും ചെയ്യാം.


മൊബൈല്‍ മാത്രമല്ല ടാബ്‌ലറ്റ്, ക്യാമറ, ജി.പി.എസ്. ഉപകരണങ്ങള്‍ തുടങ്ങി യു.എസ്.ബി. വഴി ചാര്‍ജ് ചെയ്യാവുന്നവയെല്ലാം ഇതുവഴി ചാര്‍ജ് ചെയ്യാം. ഇനി ശുദ്ധജലം ലഭിച്ചില്ലെങ്കില്‍ അതും പ്രശ്‌നമല്ല. അഴുക്കുജലമോ അധികം കട്ടിയിലല്ലാത്ത ചളിവെള്ളമോ ഉപ്പുവെള്ളമോ ആയാല്‍പ്പോലും ഉപകരണം പ്രവര്‍ത്തിക്കും. ചുരുക്കം പറഞ്ഞാല്‍ ഏതുപ്രദേശത്ത് പോയാലും കുടിവെള്ളം ലഭിച്ചില്ലെങ്കില്‍പ്പോലും മൊബൈല്‍ പ്രവര്‍ത്തിപ്പിക്കാനാവുമെന്നുറപ്പിക്കാം. യു.എസ്.ബി. സ്ലോട്ട് വഴിയാണ് ഉപകരണങ്ങളിലേക്ക് ചാര്‍ജിങ് സാധ്യമാക്കുന്നത്. ഏതുകാലാവസ്ഥയിലും സമയത്തും ഉപയോഗിക്കാമെന്നതിനാല്‍ യാത്രാവേളകളിലും വിദൂരപ്രദേശങ്ങളിലുള്ളവര്‍ക്കും ഇത് വളരെഉപകാരപ്രദമായിരിക്കുമെന്നുറപ്പാണ്.

രാസപ്രവര്‍ത്തനം വഴിയാണ് ഈ ഉപകരണത്തില്‍ വൈദ്യുതി നിര്‍മിക്കുന്നത്. സോഡിയം സിലികൈഡ് എന്ന രാസവസ്തു അടങ്ങിയ പ്രത്യേക പവര്‍പക് (Power Pukk) കിറ്റ് ആണ് ഉപകരണത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. വെള്ളത്തെ വൈദ്യുതിയാക്കി മാറ്റുകയല്ല മറിച്ച് വെള്ളം ഈ രാസവസ്തുക്കളുമായി പ്രവര്‍ത്തിച്ച് ഹൈഡ്രജന്‍ വാതകം ഉണ്ടാക്കുകയാണ് ഈ മാര്‍ഗത്തിലൂടെ ചെയ്യുന്നത്. ഈ വാതകം ഉപകരണത്തിലെ ഹൈഡ്രജന്‍ ബാറ്ററിയെ ചാര്‍ജാക്കുന്നു. ബാറ്ററിയില്‍ നിന്നാണ് യു.എസ്.ബി വഴി വൈദ്യുതി പുറത്തേക്ക് വരുന്നത്.

അല്‍പം പുക മാത്രമാണ് ഈ പ്രവര്‍ത്തനത്തില്‍ പുറത്തേക്ക് വരുന്നതെന്നും പരിസ്ഥിതി സൗഹൃദവും സുരക്ഷിതവുമാണ് ഈ രീതിയെന്നും കമ്പനി അവകാശപ്പെടുന്നു. മെയിലോ ജൂണിലോ യൂറോപ്യന്‍ വിപണിയിലെത്തുന്ന ഈ ചാര്‍ജറിന്റെ യൂറോപ്പിലെ വില 200 യൂറോയും അമേരിക്കയില്‍ 200 ഡോളറുമായിരിക്കും. 

-shareefe2002@gmail.com

Monday, February 13, 2012

പത്രക്കടലാസില്‍ നിന്ന് വൈദ്യുതി; സോണിയുടെ പുത്തന്‍ സങ്കേതം




പഴയ പത്രക്കടലാസ് ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്ന കാര്യം ആലോചിച്ചു നോക്കൂ. 'നടക്കുന്ന കാര്യം വല്ലതും പറയൂ' എന്നാകും ഇത് കേള്‍ക്കുന്നയാളുടെ മനസില്‍ തോന്നുക. എന്നാല്‍, ഇക്കാര്യം അങ്ങനെ തള്ളിക്കളയാന്‍ വരട്ടെ. സോണി അവതരിപ്പിച്ച പുതിയ ബാറ്ററി സങ്കേതം യാഥാര്‍ഥ്യമായാല്‍ പഴയ കടലാസില്‍ നിന്ന് ഊര്‍ജം ഉത്പാദിപ്പിക്കാന്‍ നമുക്ക് കഴിയും.

കഴിഞ്ഞയാഴ്ച ടോക്യോയില്‍ നടന്ന ഇക്കോ-പ്രോഡക്ട്‌സ് എക്‌സിബിഷനിലാണ്, സോണി കമ്പനി പുതിയ 'ബയോ ബാറ്ററി'യുടെ പ്രാഥമികരൂപം അവതരിപ്പിച്ചത്. പേപ്പര്‍ കഷണങ്ങളെ ഷുഗറായി പരിവര്‍ത്തനം ചെയ്ത് അതില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുകയാണ് ഈ സങ്കേതത്തില്‍ ചെയ്യുന്നത്.

ഇത്തരം ബയോ-ബാറ്ററികള്‍ പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളായിരിക്കുമെന്ന് പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന സംഘം പറഞ്ഞു. കാരണം ഒരു തരത്തിലും പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന രാസവസ്തുക്കളോ ലോഹങ്ങളോ ഈ സങ്കേതത്തില്‍ ഉള്‍പ്പെട്ടിട്ടില്ല.

സെല്ലുലോസ് നാരുകള്‍ ലയിച്ചുണ്ടായ രാസാഗ്നി (enzyme cellulase)യില്‍ കുതിര്‍ത്ത കടലാസ് കഷണമോ, കാര്‍ഡ്‌ബോര്‍ഡ് കഷണമോ ഒരു ഫാനുമായി ഘടിപ്പിച്ചാണ് സോണി സംഘം ബയോ-ബാറ്ററി പ്രവര്‍ത്തിപ്പിച്ച് കാട്ടിയത്. രാസാഗ്നിയില്‍ കുതിര്‍ന്ന കടലാസുമായി ബന്ധിപ്പിച്ചപ്പോള്‍ ഒരു ചെറുഫാന്‍ കറങ്ങാന്‍ തുടങ്ങി.

രാസാഗ്നിയില്‍ കുതിരുമ്പോള്‍ കടലാസ് ദ്രവിക്കാനാരംഭിക്കുകയും അതിന് ഗ്ലൂക്കോസ് ഷുഗറായി പരിവര്‍ത്തനം സംഭവിക്കുകയും ചെയ്യും. അത് അന്തരീക്്ഷവായുവിലെ ഓക്‌സിജനുമായി സംയോജിക്കുമ്പോള്‍, രാസാഗ്നിയുടെ സഹായത്തോടെ ഇലക്ട്രോണുകളും ഹൈഡ്രജന്‍ ആയോണുകളുമുണ്ടാകും. അങ്ങനെ സ്വതന്ത്രമാകുന്ന ഇലക്ട്രോണുകളാണ് വൈദ്യുതപ്രവാഹത്തിന് കാരണമാവുക.

ഈ രാസവൈദ്യുത പ്രവര്‍ത്തനത്തിന്റെ ഫലമായുണ്ടാകുന്ന ഉപോത്പന്നങ്ങള്‍ ജലവും ഗ്ലൂക്കനോലാക്റ്റനും (gluconolactone) ആണ്. സൗന്ദര്യവര്‍ധകവസ്തുക്കളിലും മറ്റും ഉപയോഗിക്കുന്ന രാസവസ്തുവാണ് ഗ്ലൂക്കനോലാക്റ്റന്‍.

പ്രകൃതിയില്‍ നിന്നാണ് പുതിയ ബാറ്ററി സങ്കേതത്തിനുള്ള ആശയം ഗവേഷകര്‍ക്ക് ലഭിച്ചത്. ചിതലുകള്‍ തടിയും മറ്റും തങ്ങളുടെ ഊര്‍ജാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വിദ്യയാണ് ഗവേഷകര്‍ കടമെടുത്തത്. പഴച്ചാര്‍ ഉപയോഗിച്ച് വാക്ക്മാന്‍ മ്യൂസിക് പ്ലെയര്‍ ചാര്‍ജ്‌ചെയ്യാന്‍ സോണി ഗവേഷകര്‍ മുമ്പ് ശ്രമിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് പുതിയ ബയോ-ബാറ്ററി സങ്കേതത്തില്‍ അവര്‍ എത്തിയത്.

എന്നാല്‍, പുതിയ സങ്കേതം പ്രയോഗതലത്തിലെത്താന്‍ ഇനിയും ഏറെ ഗവേഷണം ആവശ്യമാണ്. സോണിയെപ്പോലുള്ള വന്‍കിട കമ്പനികള്‍ ഇത്തരം പരിസ്ഥിതി സൗഹൃദസങ്കേതങ്ങള്‍ വികസിപ്പിക്കാന്‍ തയ്യാറാകുന്നത് നല്ലകാര്യമാണെന്ന് നിരീക്ഷകര്‍ പറയുന്നു. അന്താരാഷ്ട്ര പരിസ്ഥിതി സംഘടനയായ ഗ്രീന്‍ പീസ് പുതിയ സങ്കേതം സ്വാഗതം ചെയ്തു.