Posted on: 26 Jun 2010
അമേരിക്കയിലും ബ്രിട്ടനിലുമെല്ലാം കഴിഞ്ഞ ദിവസം ആയിരങ്ങളാണ് ആപ്പിളിന്റെ പുതിയ ഐഫോണ്‍ വകഭേദം വാങ്ങാനായി ക്യൂ നിന്നത്. ഐഫോണ്‍ 4 വാങ്ങി അതിന്റെ ഭംഗിയും പ്രവര്‍ത്തനവും ആസ്വദിക്കുന്നതിനിടെ ഒരു പ്രശ്‌നം പലരുടെയും അലട്ടി. ഫോണിന് താഴെ ഇടത്തേ മൂലയ്ക്ക് പിടിച്ചാല്‍ സിഗ്നല്‍ നഷ്ടമാകുന്നു!
ഇതുവരെയുള്ള എല്ലാ സ്മാര്‍ട്ട്‌ഫോണുകളെയും കടത്തിവെട്ടാന്‍ പാകത്തില്‍ ആപ്പിള്‍ ഇറക്കിയ ഈ ഓമനയുപകരണത്തിന്ഇങ്ങനെയൊരു വൈകല്യമോ എന്ന് പലരും അത്ഭുതപ്പെട്ടു. സംഭവം വാര്‍ത്തയായതോടെ ഉപഭോക്താക്കള്‍ക്ക് ആപ്പിളിന്റെ വിദഗ്‌ധോപദേശം വന്നു. അത് ഏതാണ്ട് ഇങ്ങനെയായിരുന്നു- 'പ്ലീസ്, ഫോണിന്റെ താഴെ ഇടത്തെ മൂലയില്‍ പിടക്കരുത്!'
ഫോണിന്റെ ചുവട്ടില്‍ പിടിച്ചപ്പോഴാണ്, സിഗ്നലിന്റെ ശക്തി ചോരുന്നതായി യൂറോപ്യന്‍ ഉപഭോക്താക്കള്‍ പരാതിപ്പെട്ടത്. ഫോണിന്റെ ചുവട്ടില്‍ പിടിക്കാതെ എങ്ങനെ അത് ശരിക്കു പ്രവര്‍ത്തിപ്പിക്കും എന്നതും പലര്‍ക്കും സംശയമായി.
മൊബൈല്‍ ഫോണില്‍ പിടിക്കുമ്പോള്‍ അതിന്റെ ആന്റീനയുടെ പ്രവര്‍ത്തനം തടസ്സപ്പെടുന്നത് സാധാരണമാണ് എന്നാണ് ആപ്പിള്‍ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നത്. ഫോണിലെ ആന്റീന എവിടെയാണ് സ്ഥാപിച്ചിട്ടുള്ളത് എന്നതിനെ ആശ്രയിച്ച്, ചില ഭാഗങ്ങളില്‍ പിടിക്കുന്നത് കൂടുതല്‍ പ്രശ്‌നമുണ്ടാക്കുമെന്ന് പ്രസ്താവന പറയുന്നു.
'എല്ലാ ഫോണിലും ചില ക്ഷമതയേറിയ ഭാഗങ്ങളുണ്ട്'-ഒരു ന്യൂസ് സൈറ്റില്‍ നിന്നുള്ള ഇമെയിലിന് മറുപടിയായി ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്‌സ് വ്യക്തമാക്കി. ഐഫോണ്‍ 4 നെ സംബന്ധിച്ച് ഇടംകൈയന്‍മാര്‍ക്കാണ് ഇക്കാര്യം കൂടുതല്‍ പ്രശ്‌നമായിരിക്കുന്നത്.
ഐഫോണ്‍ 4 ന്റെ ചട്ടക്കൂട് സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍ കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. ആ ചട്ടക്കൂട് തന്നെയാണ് ഫോണിന്റെ ആന്റീനയായും പ്രവര്‍ത്തിക്കുന്നത്. ആന്റീനയിലെ ഏറ്റവും പ്രവര്‍ത്തനക്ഷമമായ ഭാഗം ഫോണിന് താഴെ ഇടത്തേ മൂലയ്ക്കായതാണ് പ്രശ്‌നം. ഏതായാലും അത്തരം ക്ഷമതയേറിയ ഭാഗം 'പിടിയില്‍ പെടാതെ' സംരക്ഷിക്കുന്ന തരത്തില്‍ റബ്ബര്‍ മറ നല്‍കാനുള്ള ശ്രമത്തിലാണ് ആപ്പിള്‍.
ഇപ്പോഴത്തെ അവസ്ഥയില്‍ ഐഫോണ്‍ 4 ഉപയോഗശൂന്യമെന്നാണ് താന്‍ കരുതുന്നതെന്ന്, ആദ്യം ആ ഉപകരണം സ്വന്തമാക്കിയവരില്‍ ഒരാള്‍ ബി.ബി.സി.ന്യൂസിനോട് പറഞ്ഞു. ഫോണിന് താഴെ ഇടതുഭാഗത്ത് ആന്റിനയുടെ പ്രധാനഭാഗം വരുന്നു എന്നുപറഞ്ഞാല്‍, എപ്പോള്‍ നിങ്ങള്‍ ഇടതുകൈ കൊണ്ട് ഫോണ്‍ പിടിച്ചാലും ആന്റീനയ്ക്ക് തടസ്സമുണ്ടാകും, സിഗ്നല്‍ നഷ്ടമാകും എന്നാണ്.
ഐഫോണ്‍ 4 ന്റെ ഈ പ്രശ്‌നം വ്യക്തമാക്കുന്ന ഒട്ടേറെ വീഡിയോകള്‍ യുടൂബില്‍ പ്രത്യക്ഷപ്പെട്ടു. സൗഹൃദക്കൂട്ടായ്മാ സൈറ്റായ ട്വിറ്ററിലും നൂറുകണക്കിന് പോസ്റ്റുകളാണ്, ഐഫോണിലെ സിഗ്നല്‍ നഷ്ടമാകുന്നതുമായി ബന്ധപ്പെട്ട്
പ്രത്യക്ഷപ്പെട്ടത്.
0 അഭിപ്രായ(ങ്ങള്‍) :
Post a Comment