Wednesday, February 02, 2011

എക്‌സ്​പീരിയ ആര്‍ക്: സൂപ്പര്‍ സ്ലിം ഫോണ്‍



Posted on: 13 Jan 2011





സോണി എറിക്‌സണ്‍. ഈ പേരിലുള്ള മൊബൈല്‍ ഫോണ്‍ കമ്പനി പൂട്ടിപ്പോയെന്ന് കരുതിയവര്‍ ഒട്ടേറെയുണ്ട്. മറ്റു ബ്രാന്‍ഡുകളെല്ലാം ആഴ്ചകള്‍ തോറും പുതിയ മോഡലുകളിറക്കുമ്പോള്‍ സോണി എറിക്‌സണെക്കുറിച്ച് കാര്യമായി ഒന്നും കേള്‍ക്കാനില്ലായിരുന്നു. സൈബര്‍ഷോട്ട്, വാക്ക്മാന്‍ ശ്രേണികളില്‍ ചില മോഡലുകളിറക്കിയെങ്കിലും അവയൊന്നും ക്ലച്ച് പിടിക്കാതെ പോയി. ആഗോളമൊബൈല്‍ ഫോണ്‍ വിപണിയില്‍ നാലാം സ്ഥാനക്കാരനെന്ന പെരുമ മാത്രമാണ് ഈ ജപ്പാന്‍-സ്വീഡന്‍ സംയുക്തസംരംഭത്തിനുള്ളത്. 2009 ന്‍െ മൂന്നാംപാദത്തിലെ മൊത്തം മൊബൈല്‍ വില്‍പനയില്‍ നോക്കിയ 37.8 ശതമാനവും സാംസങ് 21 ശതമാനവും എല്‍.ജി. 11 ശതമാനവും സ്വന്തമാക്കിയപ്പോള്‍ 4.9 ശതമാനം കൊണ്ടു തൃപ്തിപ്പെടുകയായിരുന്നു സോണി എറിക്‌സണ്‍.


2011-ല്‍ മികച്ച സ്മാര്‍ട്‌ഫോണുകള്‍ അവതരിപ്പിച്ചുകൊണ്ട് ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് സോണി എറിക്‌സണ്‍. അതിന്റെ സൂചന കഴിഞ്ഞദിവസം അമേരിക്കയിലെ ലാസ് വേഗാസില്‍ സമാപിച്ച കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക് ഷോയില്‍ (CES 2011) ഉണ്ടായി. മേളയില്‍ ഏറ്റവുമധികം ശ്രദ്ധനേടിയ മൊബൈല്‍ ഫോണുകളിലൊന്ന് സോണി എറിക്‌സണിന്റെ 'എക്‌സ്​പീരിയ ആര്‍ക് ' എന്ന മോഡലായിരുന്നു. ലോകത്തെ ഏറ്റവും മെലിഞ്ഞ ഫോണെന്ന വിശേഷണത്തോടെയാണ് കമ്പനി എക്‌സ്​പീരിയ ആര്‍ക്ക് അവതരിപ്പിച്ചത്. ഇതേ അവകാശവാദത്തോടെ തൊട്ടുതലേദിവസം പുറത്തിറക്കിയ എല്‍.ജി. ഒപ്ടിമസ് ബ്ലാക്കിനെ എക്‌സ്​പീരിയ ആര്‍ക് നിഷ്പ്രഭമാക്കുകയും ചെയ്തു. 9.2 മില്ലിമീറ്ററായിരുന്നു ഒപ്ടിമസ് ബ്ലാക്കിന്റെ കനം. ഐഫോണ്‍ 4 നേക്കാള്‍ 0.1 മില്ലിമീറ്റര്‍ കുറവ്. എന്നാല്‍ എക്‌സ്​പീരിയ ആര്‍ക്കിന്റെ കനം വെറും 8.7 മില്ലിമീറ്ററാണ്. സ്‌കിന്നിടൈപ്പ് ജീന്‍സിന്റെ പിന്‍ഭാഗത്തെ പോക്കറ്റില്‍ സുഖമായി കൊള്ളുന്ന ഫോണ്‍ എന്നാണ് കമ്പനി ഇതിനെ വിശേഷിപ്പിക്കുന്നത്. 117 ഗ്രാം ആണ് ഫോണിന്റെ ഭാരം.


മെലിച്ചിലില്‍ മാത്രം ഒതുങ്ങുന്നതല്ല എക്‌സ്​പീരിയ ആര്‍ക്കിന്റെ സവിശേഷതകള്‍. സോണിയുടെ മാത്രം സവിശേഷതയായ ബ്രാവിയ ഡിസ്‌പ്ലേയോടുകൂടിയുള്ള 4.2 ഇഞ്ച് സ്‌ക്രീനാണ് ഫോണിലുള്ളത്. ഐഫോണ്‍ 4 ന്റെ റെറ്റിന ഡിസ്‌പ്ലേയോടു കിടപിടിക്കാന്‍ പോന്നതാണ് ബ്രാവിയ ഡിസ്‌പ്ലേ. എന്നാല്‍ പിക്ചര്‍ റിസല്യൂഷനില്‍ എക്‌സ്​പീരിയ ആര്‍ക് അല്പം പുറകിലാണ്. ഐഫോണ്‍ 4ന് 960 ഗുണം 640 റിസല്യൂഷനുള്ളപ്പോള്‍ എക്‌സ്​പീരിയക്ക് 854 ഗുണം 480 റെസൊല്യൂഷന്‍ മാത്രമേയുള്ളൂ. പക്ഷേ, ഇതു കാര്യമായ കുറവാണെന്നു കരുതാനാവില്ല. 8.1 മെഗാപിക്‌സല്‍ ക്യാമറ, എച്ച്.ഡി. വീഡിയോ റിക്കോര്‍ഡിങ് സങ്കേതം, ഡെഡിക്കേറ്റഡ് കാമറ ബട്ടന്‍ തുടങ്ങിയവയെല്ലാം ഫോണിലുണ്ട്. എച്ച്.ഡി.എം.ഐ. ഔട്ട്പുട്ട് ഉള്ളതിനാല്‍ ഫോണിലെ വീഡിയോകളും ഫോട്ടോകളുമെല്ലാം നേരിട്ട് ടിവിയിലൂടെ കാണാണെന്ന സൗകര്യവുമുണ്ട്.


ഗൂഗിളിന്റെ നെക്‌സസ് എസ് ഫോണിലുപയോഗിക്കുന്ന 2.3 ആന്‍ഡ്രോയ്ഡ് പതിപ്പാണ് എക്‌സ്​പീരിയ ആര്‍ക്കിലുമുള്ളത്. ആന്‍ഡ്രോയ്ഡ് മാര്‍ക്കറ്റില്‍ നിന്ന് ആപ്ലിക്കേഷനുകള്‍ യഥേഷ്ടം ഡൗണ്‍ലോഡ് ചെയ്യാന്‍ സഹായിക്കുന്നതാണ് 2.3 വെര്‍ഷന്‍. ഒരു ജിഗാഹെര്‍ട്‌സ് ക്വാല്‍കോം പ്രൊസസറാണ് ഫോണിലുള്ളത്. 32 ജി.ബി. വരെയുള്ള മെമ്മറി കാര്‍ഡുപയോഗിക്കാമെങ്കിലും 512 എം.ബി. മാത്രമേ ഇന്റേണല്‍ മെമ്മറിയുള്ളൂ എന്നത് വലിയൊരു പോരായ്മ തന്നെ. ഇന്റര്‍നെറ്റ് കണക്ടിവിറ്റിക്കായി ത്രിജി അടക്കമുള്ള എല്ലാവിധ സംവിധാനങ്ങളുമുണ്ട്. നീല, സില്‍വര്‍ നിറങ്ങളിലാണ് ഫോണ്‍ പുറത്തിറങ്ങുക. ഏപ്രിലോടെ ഫോണ്‍ ലോകവിപണിയില്‍ അവതരിപ്പിക്കാനാണ് സോണി എറിക്‌സണ്‍ ആലോചിക്കുന്നത്. 

0 അഭിപ്രായ(ങ്ങള്‍) :

Post a Comment