| ||
ജീവന്റെ നഷ്ടം ഏറ്റവുമധികം അനുഭവിക്കുന്നത് അമ്മയാണ്. സൗമ്യയെ ആസ്പത്രിയില്‍ കാണാന്‍ പോയവരില്‍ ഞാനുമുണ്ട്. അനേകം പേരുണ്ട്. ഹൃദയമുള്ള എല്ലാവരും വേദനിക്കുന്നു. സാമ്പത്തിക സഹായം കൊണ്ടെന്തു കാര്യം? എന്തെല്ലാം സ്വപ്നങ്ങളുമായാവണം ആ കുട്ടി തീവണ്ടിയില്‍ നാട്ടിലേക്ക് പോന്നിരിക്കുക. അടുത്തദിവസം പെണ്ണുകാണാന്‍ ഒരാള്‍ വരുന്ന ദിവസമാണ് എല്ലാം പൊലിഞ്ഞത്. ആ അമ്മയുടെ കണ്ണീര് തുടയ്ക്കാന്‍ നമ്മുടെ കൈയില്‍ ഒന്നുമില്ല. പക്ഷേ, ഇതാവര്‍ത്തിക്കാതിരിക്കാന്‍, പലതും ചെയ്യാം. ചെയ്യേണ്ടവര്‍ അതിന് മുതിര്‍ന്നിരുന്നെങ്കില്‍ ഇത് സംഭവിക്കുകയില്ലായിരുന്നു. കുറ്റകൃത്യങ്ങളോടുള്ള അലസമനോഭാവം അധികാരികള്‍ തുടരുകയാണ്. നടപടിക്രമങ്ങളില്‍ നിരന്തരമായ കാലതാമസം. ഒടുവില്‍ എല്ലാം തേഞ്ഞുമാഞ്ഞുപോകുന്നു. അഭയ, വിതുര, ശാരി.... പ്രതികള്‍ രക്ഷപ്പെടാന്‍വേണ്ടി നടത്തുന്ന വൃത്തികെട്ട കളികള്‍ നാം കാണുന്നു. ഏറെ വിശ്വാസം പുലര്‍ത്തിയിരുന്ന ജുഡീഷ്യറിയുടെ സ്ഥിതിയും മോശമാണ്. പുതിയ മാധ്യമരീതികള്‍ എല്ലാം അറിയാന്‍ ഇടയാക്കുന്നു. പക്ഷേ അരക്ഷിതാവസ്ഥയാണ് അതുകൊണ്ട് ഉണ്ടാകുന്നത്.ഈ സംഭവത്തില്‍ റെയില്‍വേയുടെ പ്രതികരണം എത്ര തണുപ്പനാണ്? സീസണ്‍ടിക്കറ്റ് എടുത്ത് യാത്രചെയ്യുന്ന സ്ത്രീകള്‍ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കുംവേണ്ടി ലേഡീസ് കമ്പാര്‍ട്ടുമെന്റില്‍ യാത്രചെയ്യുന്നത് പതിവാണ്. പലപ്പോഴും പച്ചക്കറിയും മറ്റുമായി അവര്‍ തീവണ്ടിയില്‍ കയറി അതൊക്കെ കൂട്ടായി അരിഞ്ഞ് വൈകുന്നേരങ്ങളില്‍ വീടുകളിലേക്ക് പോകുന്നത് നാം കാണാറുണ്ട്. ജോലികഴിഞ്ഞ് സ്വസ്ഥമായ ഒരു യാത്രയാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ ലഭിക്കുന്നതോ? ഏറ്റവും പിന്നില്‍ ആ ബോഗി ഘടിപ്പിക്കുന്നു. തൊട്ടടുത്ത ബോഗിയിലുള്ള ഗാര്‍ഡ് ഇവിടെ നടക്കുന്നതൊന്നും ശ്രദ്ധിക്കുന്നില്ല. അത് സൗമ്യയുടെ കാര്യത്തിലും സംഭവിച്ചു.ഒന്നു ചങ്ങല വലിച്ച് ജീവന്‍ രക്ഷിക്കാന്‍പോലും ശ്രമിക്കാത്തവിധം മനഃസാക്ഷി നഷ്ടപ്പെട്ടവരുമായിരിക്കുന്നു നമ്മള്‍. ആത്മാര്‍ഥത പോട്ടെ, സഹയാത്രികയുടെ പ്രശ്‌നം ഏറ്റെടുത്താല്‍ നമ്മള്‍ കുടുങ്ങുമെന്നാണ് ഭീതി. അതിനാല്‍ പിന്നാലെ പോയി തുലയാന്‍ ആരും തയ്യാറുമല്ല. എ.സി. ബോഗികളില്‍ മാത്രമേ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ കഴിയൂ എന്നും പാസഞ്ചര്‍വണ്ടികളില്‍ അതിന് തയ്യാറല്ലെന്നുംറെയില്‍വേ നിശ്ചയിക്കുന്നത് എന്തടിസ്ഥാനത്തിലാണ്? എങ്ങനെയും ജോലിചെയ്ത് സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയണമെന്ന് ചിന്തിക്കുന്നവരാണ് കേരളത്തിലെ പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍. സെയില്‍സ് ഗേള്‍സ് ഒക്കെ രാത്രി എട്ടുമണിക്ക് ജോലിചെയ്ത് വീടുകളിലേക്ക് ബസ്സും തീവണ്ടിയുമൊക്കെ പിടിക്കാന്‍ ഓടുന്നത് നാം ദിവസവും കാണുന്നുണ്ട്. ഇവര്‍ക്കൊന്നും സുരക്ഷിതത്വം ഉറപ്പാക്കാന്‍ കഴിയുന്നില്ലെങ്കില്‍ അതിന്റെ അര്‍ഥമെന്താണ്? മദ്യവും മയക്കുമരുന്നും വയലന്‍സ് നിറഞ്ഞ സിനിമയും ഒരുക്കുന്ന ചതിക്കുഴിയിലാണ് യുവത്വം. കൊടും കുറ്റവാളികള്‍ക്ക് ഉടന്‍ ശിക്ഷ നല്‍കാന്‍ വ്യവസ്ഥയുണ്ടാവുകയാണ് വേണ്ടത്. സ്ത്രീപീഡകരെ കൈയാമംവെച്ച് നടത്തിക്കുമെന്നു പറഞ്ഞ മുഖ്യമന്ത്രിയാണ് ഇവിടെയുള്ളത്. എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? |
0 അഭിപ്രായ(ങ്ങള്‍) :
Post a Comment