Posted on: 08 Feb 2011
ഇന്ത്യയിലെ സ്മാര്‍ട്‌ഫോണ്‍ വിപണിയിലേക്ക് രണ്ടു പുത്തന്‍മോഡലുകള്‍ സമ്മാനിക്കുകയാണ് കമ്പ്യൂട്ടര്‍ കമ്പനിയായ ഡെല്‍. ഡെല്ലിന്റെ ലാപ്‌ടോപ്പുകളും പേഴ്‌സണല്‍ കമ്പ്യൂട്ടറുകളും ഗുണമേന്‍മയ്ക്ക് പേരുകേട്ടവയാണ്. മറ്റു ബ്രാന്‍ഡുകളെ അപേക്ഷിച്ച വില അല്പം കൂടുതലാണെന്നതാണ് ഡെല്‍ കമ്പ്യൂട്ടറുകളെക്കുറിച്ച് പണ്ടേ കേള്‍ക്കുന്ന പരാതി. ആ 'ചീത്തപ്പേര്' നഷ്ടപ്പെടാതെ സൂക്ഷിക്കുന്നതില്‍ അവരുടെ മൊബൈല്‍ഫോണുകളും വിജയിച്ചിരിക്കുന്നു. ഡെല്‍ വെന്യൂ (Dell Venue), ഡെല്‍ വെന്യൂ പ്രോ (Dell Venue Pro) എന്നീ രണ്ടുമോഡല്‍ ഫോണുകളാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. വെന്യുവിന് ഇന്ത്യയില്‍ 29,990 രൂപയും വെന്യൂ പ്രോയ്ക്ക് 34,990 രൂപയുമാണ് വില. ഇന്ത്യന്‍ ബ്രാന്‍ഡ് ലാപ്‌ടോപ്പിനേക്കാളും പി.സിയേക്കാളും വില വരും ഡെല്‍ സ്മാര്‍ട്‌ഫോണുകള്‍ക്കെന്നര്‍ഥം.
പൊന്നുംവില കൊടുത്തു വാങ്ങേണ്ട ഈ ഫോണുകളുടെ സവിശേഷതകള്‍ ഇനി പരിചയപ്പെടാം. ആന്‍ഡ്രോയ്ഡ് 2.2 ഒഎസില്‍ പ്രവര്‍ത്തിക്കുന്ന മോഡലാണ് ഡെല്‍ വെന്യു. 4.1 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയും ഗോറില്ല ഗഌസുമാണ് ഫോണിലുള്ളത്. സ്‌ക്രീനില്‍ തീരെ പോറല്‍ വീഴില്ലെന്നതാണ് ഗോറില്ല ഗ്ലാസിന്റെ പ്രത്യേകത. ഒരു ജിഗാഹെര്‍ട്‌സ് സ്‌നാപ്ഡ്രാഗണ്‍ പ്രൊസസറും 512 എം.ബി. റാമും ഒരു ജി.ബി. റോമും ജെല്‍ വെന്യുവിലുണ്ട്. ഒപ്പം വൈഫൈ, ബ്ലൂടൂത്ത്, ഗ്രാവിറ്റി സെന്‍സര്‍, ഇകോമ്പസ്, 720 പി. ഹൈഡെഫനിഷന്‍ വീഡിയോ റെക്കോഡിങ്, അസിസ്റ്റഡ് ജി.പി.എസ്. തുടങ്ങിയ സൗകര്യങ്ങളും. ഓട്ടോഫോക്കസും 4എക്‌സ് സൂമുമുള്ള എട്ട് മെഗാപിക്‌സല്‍ ക്യാമറയാണ് ഫോട്ടോഗ്രാഫി പ്രേമികള്‍ക്കായി ഫോണില്‍ ഒരുക്കിയിട്ടുള്ളത്.
സ്‌ലൈഡര്‍ രീതിയിലുള്ള ഡെല്‍ വെന്യുവില്‍ ടച്ച്‌സ്‌ക്രീനിനൊപ്പം ക്യൂവെര്‍ട്ടി കീബോര്‍ഡുമുണ്ട്. ഒരു ജിബി ഇന്റേണല്‍ മെമ്മറിയുളള ഈ മോഡലില്‍ 32 ജിബി വരെയുള്ള ഡാറ്റ കാര്‍ഡുകള്‍ പ്രവര്‍ത്തിപ്പിക്കാനാകും. അതിവേഗത്തിലുള്ള വെബ് കണക്ടിവിറ്റിയും ഓഫീസ് ആവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള ആക്ടീവ്‌സിങ്ക്, ക്വിക്ക് ഓഫീസ് സംവിധാനങ്ങളും ഫോണ്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
സാങ്കേതിക സംവിധാനങ്ങളുടെയും ഹാര്‍ഡ്‌വെയര്‍ കരുത്തിന്റെയും കാര്യത്തില്‍ ഡെല്‍ വെന്യൂ പ്രോയും, വെന്യൂവും ഏതാണ്ട് ഒരുപോെലയാണ്. വെന്യൂ പ്രോയില്‍ ആന്‍ഡ്രോയ്ഡിനു പകരം വിന്‍ഡോസ് ഫോണ്‍ 7 ഓപ്പറേറ്റിങ് സിസ്റ്റമാണ് പ്രവര്‍ത്തിക്കുക എന്നതാണ് കാര്യമായൊരു വ്യത്യാസം. വെന്യൂവില്‍ എട്ട് മെഗാപിക്‌സല്‍ ക്യാമറയാണുള്ളതെങ്കില്‍, വെന്യൂ പ്രോയില്‍ അഞ്ച് മെഗാപിക്‌സല്‍ ക്യാമറയേയുള്ളു. വെന്യൂവിലേതുപോലെ മെമ്മറികാര്‍ഡ് സ്‌ലോട്ട് പ്രോയിലില്ല. എന്നിട്ടും അയ്യായിരം രൂപ വിലക്കൂടുതല്‍ എന്താണെന്ന ചോദ്യത്തിന്, അതിന് കാരണം വിന്‍ഡോസ് ഫോണ്‍ 7 ഒഎസ് എന്നതാകും ഡെല്ലിന്റെ മറുപടി. ഫിബ്രവരി 18 മുതല്‍ രാജ്യത്തെ റീട്ടെയില്‍ ഷോറുമുകളില്‍ ഈ ഫോണുകള്‍ ലഭിച്ചുതുടങ്ങും.
0 അഭിപ്രായ(ങ്ങള്‍) :
Post a Comment