Thursday, April 21, 2011

16 മെഗാപിക്സല്‍ ക്യാമറയോടെ HTC സ്മാര്‍ട്ട്‌ഫോണ്‍!


PRO
PRO
ആശയവിനിമയത്തിന് ഉപയോഗിക്കുന്ന മൊബൈല്‍ ഫോണില്‍ ക്യാമറയൊരു ആഡംബരം ആണെന്ന് കരുതുന്നവരുണ്ടാകാം. എപ്പോഴും കൊണ്ടുനടക്കുന്ന മൊബൈലില്‍ മികച്ചൊരു ക്യാമറയും വേണം എന്ന് കരുതുന്നവരുമുണ്ടാകാം. ആദ്യ വിഭാഗക്കാരെ ഞെട്ടിപ്പിക്കുകയും രണ്ടാമത്തെ വിഭാഗക്കാരെ ആനന്ദിപ്പിക്കുകയും ചെയ്യുന്നൊരു വാര്‍ത്തയിതാ. മൊബൈല്‍ നിര്‍മാണക്കമ്പനിയായ എച്ച്‌ടി‌സിയുടെ റിസര്‍ച്ച് ലാബില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത് 16 മെഗാപിക്സല്‍ ക്യാമറയുള്ള സ്മാര്‍ട്ട്‌ഫോണാണ്.

സംഭവം സത്യമാണോ എന്ന കാര്യത്തില്‍ ഇപ്പോഴും തീര്‍പ്പില്ല എങ്കിലും എച്ച്‌ടി‌സിയുടെ ‘16 മെഗാപിക്സല്‍ ക്യാമറാ മൊബൈല്‍’ ആണ് നെറ്റിലെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാവിഷയം. എച്ച്‌ടി‌സിയില്‍ നിന്ന് ചോര്‍ന്ന ഒരു വീഡിയോ ക്ലിപ്പിലാണ് ഈ ക്യാമറയെ പറ്റിയുള്ള വിവരമുള്ളത്. ‘പോക്കറ്റ്-വ്യൂ’ എന്ന സൈറ്റാണ് ഈ വീഡിയോ കണ്ടെത്തി ആദ്യമായി അപ്‌ലോഡ് ചെയ്തത്. ‘ഡ്യുവല്‍ എല്‍‌ഇ‌ഡി ഫ്ലാഷ്’ ഉള്ള 16 മെഗാപിക്സല്‍ ക്യാമറയെ പരിചയപ്പെടുത്തുന്ന പരസ്യമാണ് ഈ ക്ലിപ്പിലുള്ളത്.

ഇപ്പോള്‍ വിപണിയില്‍ ലഭിക്കുന്ന ഏറ്റവും മികച്ച ഡിജിറ്റല്‍ ക്യാമറകളോട് കിടപിടിക്കാന്‍ തക്ക ശേഷി എച്ച്‌ടി‌സിയുടെ ഈ സ്മാര്‍ട്ട്‌ഫോണിന് ഉണ്ടായിരിക്കും. എന്ത് പേരിലാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറങ്ങുക എന്ന് അറിവായിട്ടില്ല. എന്തായാലും, മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് 7 ഓപ്പറേറ്റിംഗ് സിസ്റ്റമായിരിക്കും ഈ സ്മാര്‍ട്ട്‌ഫോണിന്റേത് എന്ന് വിദഗ്ധര്‍ ഉറപ്പിക്കുന്നു. കമ്പനിയില്‍ നിന്ന് ലീക്കായ പരസ്യവീഡിയോയെ പറ്റി പ്രതികരിക്കാന്‍ എച്ച്‌ടി‌സി ഇതുവരെ തയ്യാറായിട്ടില്ല.

0 അഭിപ്രായ(ങ്ങള്‍) :

Post a Comment