Thank you for visiting My BLOG!

Sunday, April 17, 2011

ടാബ്‌ലെറ്റുകള്‍ക്കായി പുതിയ ഇന്റല്‍ പ്രോസസര്‍



Posted on: 17 Apr 2011





ടാബ്‌ലെറ്റ് കമ്പ്യൂട്ടറുകള്‍ക്കായി ഇന്റലിന്റെ പുതിയ പ്രോസസര്‍ വരുന്നു. ആറ്റം പരമ്പരയില്‍ നിലവിലുള്ള പ്രോസസറുകളെക്കാള്‍ ചെറുതും ഊര്‍ജക്ഷമതയേറിയതുമാണ് പുതിയ ഓക്ക് ട്രയല്‍ പ്രോസസറുകള്‍. ചൂടന്‍ വിപണിയായിരിക്കുന്ന ടാബ്‌ലറ്റിന്റെ ലോകത്ത് ശക്തമായ സാന്നിധ്യമാകാന്‍ തന്നെയാണ് ഇന്റലിന്റെ ഉദ്ദേശം. അതിന്റെ സൂചന അടുത്ത മാസം തന്നെയുണ്ടാകുമെന്നറിയുന്നു. ഇന്റലിന്റെ പുതിയ പ്രൊസസര്‍ ഉപയോഗിക്കുന്ന ഏതാണ്ട് മുപ്പത്തിയഞ്ചോളം ടാബ്‌ലറ്റുകള്‍ മെയ് മാസത്തോടെ വിവിധ കമ്പനികള്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഏറ്റവും വലിയ മൈക്രോപ്രോസസര്‍ നിര്‍മാതാക്കളാണെങ്കിലും, വളര്‍ന്നുകൊണ്ടിരിക്കുന്ന ടാബ്‌ലെറ്റ് വിപണിയിലും മൊബൈല്‍ രംഗത്തും പിന്‍തള്ളപ്പെടുന്നതിനെ പ്രതിരോധിക്കാനാണ് ഇന്റലിന്റെ പുതിയ നീക്കം. ആപ്പിളും കേംബ്രിഡ്ജ് ആസ്ഥാനമായുള്ള ആം ഹോള്‍ഡിങ്‌സും രൂപകല്‍പന ചെയ്യുന്ന പ്രോസസറുകളാണ് ഇപ്പോള്‍ ടാബ്‌ലറ്റ് രംഗത്തെ നായകര്‍. ഈ രംഗത്തേക്ക് മത്സരവുമായാണ് 'ഇന്റല്‍ സെഡ് 670' ന്റെ വരവ്.

ടാബ്‌ലറ്റുകള്‍ക്കായി ഗൂഗിള്‍ അവതരിപ്പിച്ച ആന്‍ഡ്രോയിഡ് 3.0 ഹണികോമ്പ് ഓപ്പറേറ്റിങ് സിസ്റ്റത്തെ പിന്തുണയ്ക്കുന്ന ഓക്ക് ട്രയല്‍ പ്രോസസര്‍, ബെയ്ജിങില്‍ നടന്ന ഇന്റല്‍ ഡവലപ്പേഴ്‌സ് ഫോറം 2011 ല്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍, ആന്‍ഡ്രോയിഡിനെ മാത്രമല്ല വ്യത്യസ്തമായ ടാബ്‌ലെറ്റ് ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ക്ക് അനുയോജ്യമായിരിക്കും പുതിയ പ്രോസസര്‍ എന്നതാണ് ഒടുവിലത്തെ വര്‍ത്തമാനം. വിന്‍ഡോസ് ഫോണ്‍ 7, ആന്‍ഡ്രോയിഡ്, മീഗോ തുടങ്ങിയവയൊക്കെ പ്രവര്‍ത്തിക്കാന്‍ പാകത്തിലാണ് ഇന്റല്‍ തങ്ങളുടെ ടാബ്‌ലറ്റ് പ്രോസസര്‍ രൂപപ്പെടുത്തുന്നതെന്ന് അറിയുന്നു.

എന്‍വിഡിയയുടെ ടെഗ്ര പ്രോസസറുകള്‍ പോലുള്ള ആംസ് ഡിസൈന്‍ അടിസ്ഥാനമാക്കിയുള്ള പ്രോസസറുകള്‍ വിന്‍ഡോസ് പ്ലാറ്റഫോമില്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ ഇപ്പോള്‍ സൗകര്യമില്ല. എങ്കിലും വിന്‍ഡോസിന്റെ അടുത്ത റിലീസില്‍ ആം പ്രോസസറുകള്‍ വിന്‍ഡോസില്‍ ഉപയോഗിക്കാനാകുമെന്ന് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചിട്ടുണ്ട്.

അതുകൊണ്ട് ചില ടാബ്‌ലെറ്റ് ഉത്പാദകര്‍ വിന്‍ഡോസ് അടിസ്ഥാനമാക്കിയുള്ള ഉപകരണങ്ങള്‍ പുറത്തിറക്കുന്നത് ഓക് ട്രയല്‍ വരുന്നതുവരെ മാറ്റിവച്ചിട്ടുമുണ്ട്. എന്നാല്‍, കടുത്ത മത്സരം നടക്കുന്ന ടാബ്‌ലെറ്റ് വിപണിയില്‍ ചുവടുറപ്പിക്കാന്‍ ഇപ്പോഴത്തെ നിലയ്ക്ക് ഇന്റലിന് അല്പം ബുദ്ധിമുട്ടേണ്ടിവരുമെന്ന് നിരീക്ഷകര്‍ കണക്കുകൂട്ടുന്നു. ഇന്റലിന്റെ 45 എന്‍ എം ഉത്പാദന പ്രക്രിയയാണ് ഓക്ക് ട്രയല്‍ / ആറ്റം സെഡ് 760 ല്‍ ഉപയോഗിച്ചിരിക്കുന്നത്. 

0 അഭിപ്രായ(ങ്ങള്‍) :

Post a Comment