ദില്ലി: ഇന്ത്യയില്‍ ബ്ലാക്‌ബെറി ഫോണിന്റെ സേവനങ്ങള്‍ നിരോധിക്കാന്‍ സാധ്യത. ബ്ലാക്‌ബെറിയുടെ നിര്‍മ്മാതാക്കളായ കനേഡിയന്‍ കമ്പനി റിസര്‍ച്ച് ഇന്‍ മോഷന്(റിം) കേന്ദ്രസര്‍ക്കാര്‍ ശക്തമായ മുന്നറിയിപ്പ് നല്‍കി.
സുരക്ഷാ ഏജന്‍സികള്‍ക്കും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും നിരീക്ഷിക്കാന്‍ പര്യാപ്തമായ രീതിയില്‍ ഇമെയില്‍ ഉള്‍പ്പെടെയുള്ള ഡാറ്റാ സര്‍വ്വീസുകളുടെ ഫോര്‍മാറ്റ് വേണമെന്ന നിബന്ധനയാണ് കേന്ദ്രം മുന്നോട്ടുവച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് റിം കമ്പനിയോട് ആവശ്യം ഉന്നയിക്കാന്‍ കേന്ദ്രആഭ്യന്തരമന്ത്രാലയം ടെലികോം വകുപ്പിന് നിര്‍ദ്ദേശം നല്‍കി.
ഇതിനു തയാറല്ലെങ്കില്‍ രാജ്യത്തെ ഷോറൂമുകള്‍ അടച്ചുപൂട്ടിക്കുമെന്നും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന റിം ഇന്ത്യയില്‍ അതിനു തയാറാകാത്തതിനു ഒരു ന്യായീകരണവുമില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയില്‍ പത്തുലക്ഷം പേര്‍ ബ്ലാക്ക്്‌ബെറി ഉപയോഗിക്കുന്നുണ്ടന്നാണ് കണക്ക്.
ഒരു ബ്ലാക്ക്‌ബെറി സെര്‍വര്‍ സ്ഥാപിച്ചുകൊണ്ട് അതുവഴി സേവനം നല്‍കണമെന്ന് സര്‍ക്കാര്‍ നേരത്തെ നിര്‍ദേശിച്ചിരുന്നുവെങ്കിലും അതിന് കമ്പനി തയാറായില്ല. സെര്‍വര്‍ ഉണ്ടെങ്കില്‍ ഡാറ്റ നിരീക്ഷിക്കാന്‍ കഴിയും. എന്നാല്‍ കാനഡയിലുള്ള തങ്ങളുടെ സെര്‍വര്‍ അടിസ്ഥാനമാക്കിയാണു പ്രവര്‍ത്തിക്കുന്നതെന്നും സുരക്ഷാവീഴ്ചയുണ്ടാകില്ലെന്നുമാണ് റിം പറയുന്നത്.
പക്ഷേ കാനഡയിലെ സെര്‍വറില്‍ പോകുന്ന ഒരു വിവരവും ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിനു പരിശോധിക്കാനാവില്ല. ചൈനയില്‍ ഇത്തരത്തില്‍ സെര്‍വര്‍ സ്ഥാപിക്കാന്‍ തയാറായ ബ്ലാക്ക്‌ബെറി ഇന്ത്യയില്‍ അതിനു തയാറാകാത്തതു വിരോധാഭാസമാണ്. ബ്ലാക്ക്‌ബെറിയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനം രാജ്യസുരക്ഷയ്ക്കു ഭീഷണിയാണെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
0 അഭിപ്രായ(ങ്ങള്‍) :
Post a Comment