Sunday, July 17, 2011

ഈ വലയില്‍ കുടുങ്ങാതിരിക്കുക

  

"നിങ്ങളുടെ ജോലിയെയോ പഠനത്തെയോ തടസ്സപ്പെടുത്താതെ, ഒഴിവു സമയം ഉപയോഗപ്പെടുത്തി ചെയ്യാവുന്ന ഒരു ബിസിനസ്. വലിയ തുക മുടക്കു മുതലില്ലാതെ ആരംഭിക്കാന്‍ സാധിക്കുന്ന ഒന്ന്. മുടക്കിയ പണത്തിന് ഉല്‍പ്പന്നം ലഭിക്കുന്നതിനാല്‍ ഒരിക്കലും തന്നെ നഷ്ടം ഭയപ്പെടേണ്ടതില്ല.''
 നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിംഗ് കമ്പനികളുടെ മീറ്റിംഗുകളില്‍ പങ്കെടുക്കുന്നവര്‍ സ്ഥിരം കേള്‍ക്കുന്ന ആകര്‍ഷകമായ ഓഫര്‍.

സാധാരണക്കാരന്റെ സ്വപ്നങ്ങള്‍ക്ക് നിറം നല്‍കിയ, മോഹവലയം സൃഷ്ടിച്ച് നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ വേരൂന്നിയ നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിംഗ് കമ്പനികള്‍ 10 വര്‍ഷത്തിനകം ആയിരക്കണക്കിന് കോടി രൂപയാണ് സാധാരണക്കാരുടെ പോക്കറ്റില്‍ നിന്ന് കൊള്ളയടിച്ചത്.
രജിസ്റര്‍ ചെയ്തതനുസരിച്ച് ആയിരം കോടി രൂപയുടെ തട്ടിപ്പു നടന്നതായി ഡി.ജി.പി. വ്യക്തമാക്കുകയുണ്ടായി. ഇതിന്റെ എത്രയോ ഇരട്ടിയാണ് യഥാര്‍ഥ കണക്ക്. ആര്‍.എം.പി,
 ആംവേ, ബിസേര്‍, ടൈക്കൂണ്‍, നാനോ എക്സല്‍, മോഡികെയര്‍, അജന്തകെയര്‍, കോണിബയോ, ഗുഡ്വേ.... ആളുകള്‍ക്ക് താഴെ ആളുകളെ ചേര്‍ക്കുന്നവരെല്ലാം ഇതില്‍ പെട്ടവരാണ്. മധ്യവര്‍ഗ സമൂഹത്തിലെ വിദ്യാര്‍ഥികളെയും യുവാക്കളെയുമാണ് ഇവര്‍ വലയില്‍
 വീഴ്ത്തിക്കൊണ്ടിരിക്കുന്നത്.

എന്താണ് നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിംഗ്

'മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ്' എന്നും അറിയപ്പെടുന്ന ഇത് പഴയ മണിചെയിന്‍ തട്ടിപ്പ്
തന്നെയാണ്. പിരമിഡ് സ്കീം എന്ന് പടിഞ്ഞാറന്‍ നാടുകളില്‍ അറിയപ്പെടുന്ന തട്ടിപ്പ്.
നിയമക്കുരുക്കില്‍ നിന്ന് രക്ഷ നേടുന്നതിനായി ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും
മറപിടിച്ചാണ് ഇന്ന് ഇവ വ്യാപിച്ചു കൊണ്ടിരിക്കുന്നത്. അല്‍ബേനിയ, റഷ്യ, റുമേനിയ തുടങ്ങി പലരാജ്യങ്ങളുടെയും സാമ്പത്തികാടിത്തറ പാപ്പരാക്കിയത് ഇതത്രെ.

ഓരോ  ഡിസ്ട്രിബ്യൂട്ടര്‍ക്കും തന്റെ താഴെ തട്ടിലുള്ളവരുടെ വില്‍പനകളില്‍ നിന്ന് ലാഭവിഹിതം ലഭിക്കുന്ന ഒരു മാര്‍ക്കറ്റിംഗ് ശൈലിയാണ് ഇത്. സാധാരണ ബിസിനസില്‍ ഒരു
 വ്യാപാരി/ഡീലര്‍ നേരിട്ട് വില്‍ക്കുന്ന ഉല്‍പന്നങ്ങളില്‍ നിന്നും, നല്‍കുന്ന സേവനങ്ങളില്‍
 നിന്നുമാണ് ലാഭം നേടുന്നത്. എന്നാല്‍ നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിംഗില്‍ ഒരാളുടെ ഇടപാടുകള്‍
 തീര്‍ന്നതിന് ശേഷവും താഴെ തട്ടുകളില്‍ നടക്കുന്ന കച്ചവടങ്ങളിലൂടെ അയാള്‍ക്ക് ലാഭം ലഭിച്ചു കൊണ്ടിരിക്കും.

ഒരു  ഉപഭോക്താവ് ഉയര്‍ന്ന വിലയ്ക്ക് ഉല്‍പന്നങ്ങള്‍വാങ്ങി കണ്ണിചേരുന്നു.
 അയാള്‍ രണ്ട് പേരെ കണ്ണി ചേര്‍ക്കുന്നു. ഇങ്ങനെ കണ്ണികള്‍ 1,2,4,8,16,32..... ആയി
 പെരുകുമ്പോള്‍ ഓരോ ജോഡിക്കും നിശ്ചിത സംഖ്യ മുകള്‍ തട്ടിലുള്ളവര്‍ക്ക് ലഭിക്കുന്നു.
വരുമാനം മാസത്തില്‍ പതിനായിരവും ലക്ഷവുമായി വര്‍ദ്ധിക്കും. കേട്ടാല്‍ അത്ഭുതം
തോന്നുമെങ്കിലും ഇത്തരം കമ്പനികള്‍ നല്‍കുന്ന കപട വാഗ്ദാനങ്ങളാണ് ഇതെല്ലാം.
ഇത്രയും ഉയര്‍ന്ന വരുമാനം ഉല്‍പന്നങ്ങളുടെ വില്‍പനയിലൂടെ ലഭിക്കുകയില്ല.
ഉല്‍പന്നങ്ങളാകട്ടെ ഉയര്‍ന്ന വിലയുള്ളവയും ഗുണനിലവാരം കുറഞ്ഞവയും ഇല്ലാത്ത ഗുണവിശേഷണങ്ങളോട് കൂടി പരിചയപ്പെടുത്തപ്പെട്ടവയും നിത്യോപയോഗ വസ്തുക്കളുടെ
 ഗണത്തില്‍ ഉള്‍പ്പെടാത്തവയുമായിരിക്കും. വില്‍പനയിലൂടെ ഇവര്‍ നല്‍കുന്ന കമീഷന്‍
 ഇരുപതോ ഇരുപത്തിയഞ്ചോ ശതമാനമാണ്. ഉല്‍പന്നം എന്നത് കണ്ണിചേര്‍ക്കുന്നതിനുള്ള
ഒരു മറമാത്രം. ഈ ബിസിനസുകളുടെ ഊന്നല്‍ ഉല്‍പന്നങ്ങളിലല്ല, മറിച്ച് താഴെ തട്ടില്‍
 കണ്ണിചേര്‍ക്കാനും അതിന്റെ
 കമീഷന്‍ പറ്റാനുമാണ്.

ഇത്തരം കമ്പനികളുടെയൊന്നും ഡിസ്ട്രിബ്യൂട്ടര്‍മാര്‍ അവരുടെ ഉല്‍പന്നങ്ങളുമായി വീടുകളില്‍ കയറിയിറങ്ങി വില്‍പന നടത്തുന്നതോ സ്ഥാപനങ്ങള്‍ (കടകള്‍) വഴി വില്‍പന നടത്തുന്നതോ നാം കാണുന്നില്ല. തങ്ങളുടെ സുഹൃത്തുക്കളോടും പരിചയക്കാരോടും ബിസിനസിനെ കുറിച്ച് ഇവര്‍ സംസാരിക്കുകയാണ് ചെയ്യുക. ഇവരുടെ ബിസിനസ് മീറ്റിങ്ങുകളില്‍ ഡിസ്ട്രിബ്യൂട്ടര്‍മാരെ കണ്ണിചേര്‍ക്കുന്നതിനെ കുറിച്ചും അതിലൂടെ ലഭിക്കുന്ന പണത്തിന്റെ  വിസ്മയിപ്പിക്കുന്ന
കണക്കിനെ കുറിച്ചുമാണ് ചര്‍ച്ച. ഉല്‍പന്നങ്ങളുടെ ഗുണമേന്മയോ വിലക്കുറവോ അല്ല, മറിച്ച്
ധാരാളം ആളുകളെ കണ്ണിചേര്‍ത്തു കൊണ്ടിരുന്നാല്‍ തങ്ങളും ഒരുനാള്‍ മുകള്‍ തട്ടിലെത്തുകയും മാസത്തില്‍ ലക്ഷങ്ങളുടെ വരുമാനത്തിനുടമയായി തീരുമെന്നുമുള്ള വ്യാമോഹമാണ് യുവാക്കളെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. ഇത്തരം മീറ്റിംഗുകളില്‍ വാടകക്കെടുത്തതോ കടം വാങ്ങിയതോ ലോണിന് തരപ്പെടുത്തിയതോ ആയ മേത്തരം വാഹനങ്ങളില്‍ വന്നിറങ്ങുന്ന മുകള്‍ തട്ടിലുള്ള ഡിസ്ട്രിബ്യൂട്ടര്‍മാരുടെ പൊങ്ങച്ച പ്രകടനങ്ങളും വേഷഭൂഷാദികളും ചെറുപ്പക്കാരെ ഈ വലയില്‍ വീഴ്ത്തുന്നു. ധാരാളം ആളുകളെ പുതുതായി കണ്ണിചേര്‍ത്തുകൊണ്ടിരുന്നാല്‍ നിങ്ങളും ഒരുനാള്‍ മുകളിലെത്തുകയും ധാരാളം പണം നേടുകയും ചെയ്യുമെന്ന് പിരമിഡിന്റെ താഴെയുള്ളവര്‍ക്ക്
 ഇവര്‍ വാഗ്ദാനം നല്‍കുന്നു.

വിമര്‍ശനം എന്തുകൊണ്ട്?

ഇത്തരം കമ്പനികള്‍ നടത്തിക്കൊണ്ടിരിക്കുന്നത് കച്ചവടമല്ല. കച്ചവടമെന്നാല്‍ ഉല്‍പന്നങ്ങള്‍/ സേവനങ്ങള്‍ വിറ്റഴിക്കലാണ്. ഇവിടെ പുതിയ കണ്ണിയെ അഥവാ വിതരണക്കാരനെ
 ഉണ്ടാക്കുന്നതിനാണ് പ്രാധാന്യം. തന്റെ ഉല്‍പന്നം വിറ്റഴിക്കാന്‍ ആഗ്രഹിക്കുന്ന ഒരു
വിതരണക്കാരന്‍ പുതിയ വിതരണക്കാരനെ ഉണ്ടാക്കുകയില്ല. ഇനി ഇതൊരു ബിസിനസാണെങ്കില്‍ ഈ രംഗത്തേക്ക് കടന്ന് വരുന്ന ഒരു പുതിയ വിതരണക്കാരന്‍ അറിയാന്‍ താല്‍പര്യപ്പെടുന്ന ചില കാര്യങ്ങളുണ്ട്. താന്‍ വിതരണക്കാരനാകാന്‍ പോകുന്ന പ്രദേശത്ത് നിലവില്‍ എത്ര വിതരണക്കാര്‍ (ഡിസ്ട്രിബ്യൂട്ടര്‍/ ഏജന്റ്) ഉണ്ട്? പുതുതായി എത്രയാളുകളെ നിയമിക്കും? ഓരോരുത്തര്‍ക്കും പ്രവര്‍ത്തിക്കുന്നതിനുള്ള പ്രദേശം ഏതാണ്? ഈ ചോദ്യങ്ങള്‍ക്കൊന്നും കൃത്യമായ ഉത്തരമില്ലാതെ ഒരാള്‍ക്കെങ്ങനെ പുതിയ വിതരണക്കാരനാകാന്‍ കഴിയും? ഉപഭോക്താക്കള്‍ മുഴുവന്‍ ഡിസ്ട്രിബ്യൂട്ടര്‍മാരായി മാറിയാല്‍ ആര്‍ക്കാണ് വില്‍പന നടത്തുക? അപ്പോള്‍ പ്രൊഡക്റ്റ് എന്നത് കണ്ണി ചേര്‍ക്കുന്നതിനുള്ള ഒരു മറമാത്രമാണ്. കണ്ണി വികസിപ്പിക്കുക എന്നതാണ് ലാഭം
 ലഭിക്കുന്നതിനുള്ള  മാര്‍ഗം എന്ന് വ്യക്തം.

കണ്ണിചേര്‍ക്കല്‍ തട്ടിപ്പാകുന്നത്

നെറ്റ്വര്‍ക്കില്‍ അംഗമാകുന്നതോടെ ലാഭം കൊയ്യുന്നതിനായി നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം.
 നിങ്ങളുടെ  താഴെ 2 കണ്ണി ചേര്‍ക്കുക (ഒരാള്‍ക്ക് താഴെ എത്ര പേരെ വേണമെങ്കിലും കണ്ണിചേര്‍ക്കാമെന്ന് പറഞ്ഞ വമ്പന്മാരുമുണ്ട്). അവരുടെ താഴെ 4 ഇങ്ങനെ കണ്ണികള്‍
 1, 2, 4, 8, 16, 32...... ആയി പെരുകി താഴേക്ക് വികസിക്കുമ്പോള്‍ ഓരോ ജോഡിക്കും
നിശ്ചിത തുക ലാഭമായി ലഭിക്കും. ലഭിക്കുന്ന സംഖ്യ കമ്പനികള്‍ക്കനുസരിച്ച്
വ്യത്യസ്തമായിരിക്കും.

ഇത് ഓര്‍മിപ്പിക്കുന്നത് പഴയ ഒരു കഥയാണ്. കഥ ഇങ്ങനെ. പണ്ട് ഒരു രാജാവും ഒരു ഗ്രാമീണനും ചെസ് മത്സരത്തില്‍ ഏര്‍പ്പെട്ടു. കളിയില്‍ സമര്‍ഥനായ രാജാവിനെ  തോല്‍പിക്കുന്നവര്‍ക്ക് ചോദിക്കുന്ന
എന്തും സമ്മാനമായി നല്‍കാമെന്നാണ് വാഗ്ദാനം. പലരും തോറ്റ് പിന്മാറിയെങ്കിലും
 നമ്മുടെ ഗ്രാമീണന്‍ കളിയില്‍ രാജാവിനെ പരാജയപ്പെടുത്തി. രാജാവ് സമ്മാനം ആവശ്യപ്പെടാന്‍ പറഞ്ഞു. ഗ്രാമീണന്റെ  ആവശ്യം വളരെ ലളിതമായിരുന്നു.  ചെസ് ബോര്‍ഡില്‍ 64 കളങ്ങളുണ്ട്. അതിനാല്‍ 64 ദിവസം രാജാവ് ഗ്രാമീണന് അരി നല്‍കണം. ഒന്നാമത്തെ ദിവസം ഒരു ചാക്ക്.
രണ്ടാം ദിവസം രണ്ട് ചാക്ക്. മൂന്നാം ദിവസം നാല് ചാക്ക്. രാജാവിന് ആവശ്യം വളരെ
നിസാരമായി തോന്നി. അരി നല്‍കി തുടങ്ങി. കുറച്ച് ദിവസം കഴിഞ്ഞപ്പോഴാണ് സമ്മാനത്തിന്റെ
 വില രാജാവിന് ബോധ്യമായത്. 1, 2, 3, 4, 8, 16.... ഈ ക്രമത്തില്‍ പത്താം ദിവസം 512 ചാക്കും പതിനഞ്ചാം ദിവസം 16384 ചാക്കും  ഇരുപതാം ദിവസം 16777216 ചാക്കും! ഇങ്ങനെ പോയാല്‍
 64 ദിവസം കൊണ്ട് രാജാവ് ആകെ  എത്ര ചാക്ക് അരിയാണ് ഗ്രാമീണന് കൊടുക്കേണ്ടി വരിക!!!?

രണ്ട് പേരെ വീതം താഴേക്ക് ചേര്‍ത്തി കണ്ണി വികസിപ്പിക്കുക എന്നത് അത്ര ലളിതമല്ലെന്നര്‍ഥം. മുപ്പത്തിമൂന്നാമത്തെ ലെവലില്‍ ലോക ജനത മുഴുവന്‍ ഇതില്‍ കണ്ണി ചേര്‍ന്ന് തീര്‍ന്നിരിക്കും.
 മുകള്‍ തട്ടിലുള്ളവര്‍ക്ക് ലാഭം കൂടുതല്‍ ലഭിക്കും. താഴേക്ക് വരുന്ന മുറക്ക് ലാഭം കുറഞ്ഞ് വരും. താഴെ തട്ട് പൂരിതമാകുമ്പോള്‍ ലാഭം കിട്ടാതായും വരും. പിരമിഡില്‍ നേരത്തെ കയറിപ്പറ്റുക,
 അല്ലെങ്കില്‍ അതി കൌശലക്കാരനായി താഴെ തട്ടിലുള്ളവരെ വഞ്ചിക്കുക. ഇതാണ് ഈ
 പദ്ധതിയില്‍ വിജയം കൊയ്യാനുള്ള മാര്‍ഗം. എന്തായാലും ഇതില്‍ നഷ്ടം പറ്റുന്ന ഒരാളുണ്ട്. അത് നമ്മളാവാതിരിക്കലാണ് തന്ത്രം.

ഉദാഹരണമായി ആര്‍.എം.പി.യെ എടുക്കാം. ഒരു പ്രദേശത്ത് 15 ആളുകള്‍ 1, 2, 4, 8 എന്ന ക്രമത്തില്‍ കമ്പനിയില്‍ കണ്ണികളായി എന്ന് സങ്കല്‍പ്പിക്കുക. ഒരാളില്‍ നിന്ന് കമ്പനി 7000 രൂപ ഈടാക്കുകയാണെങ്കില്‍ കമ്പനിക്ക് 105000 രൂപ ലഭിക്കുന്നു. ഈ പിരമിഡില്‍ ഒന്നാമത്തെ കണ്ണിക്ക് മാത്രമേ മുടക്കിയ കാശ് ലഭിക്കുകയുള്ളൂ. ഇതില്‍ എട്ട്പേര്‍ ഏറ്റവും താഴെയാണ് ഉള്ളത്.
 ഇവര്‍ക്ക് മുടക്കിയ പണം ലഭിക്കണമെങ്കില്‍ അവരുടെ താഴെ 112 ആളുകള്‍ കൂടി കൃത്യമായി വന്നുചേരേണ്ടതുണ്ട്. അപ്പോള്‍ നെറ്റ്വര്‍ക്കില്‍ ആകെ 127 പേരുണ്ടാകും. ഇതില്‍ ഏഴ് പേര്‍ക്ക്
 മാത്രമേ ലാഭം ലഭിക്കുകയുള്ളൂ. അതായത് 5.51 ശതമാനം പേര്‍ക്ക് മാത്രം. ബാക്കി 94.49 ശതമാനം പേര്‍ക്കും ലാഭമില്ലെന്ന് മാത്രമല്ല, 112 ആളുകള്‍ക്ക് (88.19 ശതമാനം) മുടക്കിയ കാശ് പോലും ലഭിക്കുകയില്ല. അതായത് താഴെയുള്ള ലക്ഷക്കണക്കിന് ആളുകളുടെ നഷ്ടത്തില്‍ നിന്ന് മുകളിലെ ന്യൂനപക്ഷത്തിന് ലാഭം നല്‍കുന്ന ഘടനയാണ് ഇതിനുള്ളത്.

സ്വന്തമായി ഉല്‍പന്നങ്ങളുള്ള ഒരാള്‍ക്ക് താഴെ എത്രപേരെ വേണമെങ്കിലും കണ്ണിചേര്‍ക്കാവുന്ന
രീതിയില്‍ പ്രവര്‍ത്തിക്കുന്ന എം.എല്‍.എം. കമ്പനിയാണ് ആംവേ. ഇതില്‍ കണ്ണിചേര്‍ന്ന താഴെ തട്ടിലുള്ളവരുടെ അവസ്ഥ എത്ര ദയനീയം! ഏറ്റവും വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്ന, ലോകത്താകമാനം ശൃംഖലകളുള്ള, അമേരിക്കയിലെ മിച്ചിഗണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന
 ഒരു ബഹു രാഷ്ട്ര കുത്തക ഭീമനാണ് ആംവെ. സൌന്ദര്യ വര്‍ധക വസ്തുക്കള്‍, ക്ളീനിംഗ് ലോഷനുകള്‍, ഫുഡ് സപ്ളിമെന്റുകള്‍ തുടങ്ങിയവയാണ് ഇവരുടെ ഉല്‍പന്നങ്ങള്‍. ബിസിനസ് രീതിയുമായും ഉല്‍പന്നങ്ങളുമായും ബന്ധപ്പെട്ട് കേരളത്തിലുള്‍പ്പെടെ ഇവര്‍ക്കെതിരില്‍ കേസുകള്‍ നിലവിലുണ്ട്.

ആംവെയുടെ ഗ്ളുക്കോസാമിന്‍ എന്ന ഉല്‍പന്നത്തിനെതിരില്‍ ഡ്രഗ്സ് അധികൃതര്‍ കേസെടുക്കുകയുണ്ടായി. ഇതില്‍ സന്ധിവേദനക്ക് ശമനം ലഭിക്കുന്നതിനുള്ള വേദന സംഹാരിയാണ് അടങ്ങിയിരിക്കുന്നത്. ഇതിനുള്ള യഥാര്‍ഥ മരുന്ന് ലൈസന്‍സുള്ള കമ്പനികള്‍ ഉല്‍പാദിപ്പിക്കുന്നത് മെഡിക്കല്‍ സ്റോറുകളില്‍ ഒരു ഗുളികക്ക് ഒരുരൂപയില്‍ കുറവേ വരൂ. എന്നാല്‍ ഫുഡ് സപ്ളിമെന്റ് എന്ന പേരില്‍ വില്‍ക്കുമ്പോള്‍ വില തോന്നിയ പോലെയാവാം. കഴിഞ്ഞ നൂറ്റാണ്ടില്‍  ശരാശരി
 ഒരു ആംവെ ഡിസ്ട്രിബ്യൂട്ടര്‍ക്ക് ലാഭമായി കിട്ടിയിരുന്നത് 700 ഡോളറാണ്. എന്നാല്‍ ആംവേ ഉല്‍പന്നങ്ങള്‍ക്ക് വേണ്ടി അയാള്‍ 1000 ഡോളര്‍ ചെലവഴിക്കുന്നു. ഇതു തന്നെയാണ് കമ്പനി ലക്ഷ്യം വെക്കുന്നത്. ഡിസ്ട്രിബ്യൂട്ടര്‍മാര്‍ എന്ന ഓമനപ്പേരിട്ട് ലോകമെമ്പാടും ലക്ഷക്കണക്കിന് സ്ഥിരം ഉപഭോക്താക്കളെ സൃഷ്ടിച്ചെടുക്കുക. ആംവെ ഡിസ്ട്രിബ്യൂട്ടര്‍മാരില്‍ 10% ത്തില്‍ താഴെയു
ള്ളവര്‍ക്ക് മാത്രമേ ലാഭം ലഭിക്കുന്നുള്ളൂ. തന്റെ താഴെയുള്ളവര്‍ വാങ്ങുന്ന ഉല്‍പന്നങ്ങളുടെ
വിലയുടെ നല്ലൊരു ശതമാനം പെര്‍ഫോമന്‍സ് ഇന്‍സെന്റീവ് എന്ന പേരിലും റോയല്‍റ്റി എന്ന
 പേരിലും മുകള്‍  തട്ടിലുള്ളവര്‍ കീശയിലാക്കുന്നു. ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന
 ടൈക്കൂണ്‍ എംപയര്‍ ഇന്റര്‍നാഷണല്‍ ലിമിറ്റഡ് എന്ന കമ്പനിയും എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിസേര്‍ എന്ന കമ്പനിയും സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഹോട്ടലുകള്‍, ഷെയര്‍ ബിസിനസ്, റിയല്‍ എസ്റേറ്റ് തുടങ്ങിയവയിലൂടെ വന്‍ലാഭം വാഗ്ദാനം ചെയ്താണ് കോടികള്‍ തട്ടിയത്.
 പേരും സൂത്രങ്ങളും മാറിമാറി ഉപയോഗിച്ച് കൊണ്ട് നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിംഗ് എന്ന ചൂഷണ
 വല നമ്മുടെ നാട്ടിന്‍ പുറങ്ങളിലേക്ക് തങ്ങളുടെ സാമ്രാജ്യം വ്യാപിപ്പിച്ച് കഴിഞ്ഞു. അടുത്ത ദിനങ്ങളിലായി
വാര്‍ത്തകളില്‍ ഇടംപിടിച്ച ടൈക്കൂണ്‍, ബിസേര്‍ എന്നിവ ഈ ഗണത്തില്‍ അവസാനത്തേതല്ല
എന്നുറപ്പ്.

സാമൂഹിക ധാര്‍മിക പ്രശ്നങ്ങള്‍

വ്യക്തികള്‍ തമ്മിലുള്ള മാര്‍ക്കറ്റിംഗ് ശൈലിയായതിനാല്‍ താഴെ തട്ടിലേക്ക് ആളെ കിട്ടുന്നതിന് വ്യക്തിബന്ധങ്ങള്‍ വ്യാപകമായി ചൂഷണം ചെയ്യപ്പെടുന്നു. കുടുംബ ബന്ധുക്കളെയും സുഹൃത്തുക്കളെയും പരിചയക്കാരെയും നിര്‍ബന്ധിച്ചും പ്രലോഭിപ്പിച്ചും കണ്ണിചേര്‍ക്കുന്നു.
 ഇവര്‍ക്ക് ലാഭം കിട്ടാതെ പോകുന്നതോടെ സാമൂഹിക ബന്ധങ്ങള്‍ വഷളാകുന്നു. ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന തട്ടിപ്പിലും സമുദ്രത്തിലെ ഹിമമല പോലെ ചെറിയൊരു ഭാഗം
മാത്രമേ വെളിപ്പെട്ടിട്ടുള്ളു. അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും കണ്ണിച്ചേര്‍ക്കുന്നതിനാല്‍ ഇരകളാരും തന്നെ തന്റെ മുകള്‍ തട്ടിലുള്ള കണ്ണിക്കെതിരെ നിയമനടപടിക്കൊരുങ്ങുകയില്ല. കേസുകള്‍ കുറഞ്ഞു പോകുന്നതിന്റെ കാരണം ഇതുകൂടിയാണ്. അപമാനം സഹിക്കവയ്യാതെ വീടും നാടും ഉപേക്ഷിച്ചു പോയവരെയും ആത്മഹത്യയില്‍ അഭയം തേടിയവരെയും നമുക്ക് ഇക്കൂട്ടത്തില്‍
 കാണാന്‍ കഴിയും. നെറ്റ്വര്‍ക്കില്‍ കണ്ണിചേരുന്ന മുഴുവന്‍ ആളുകള്‍ക്കും വലിയ ലാഭം
ലഭിക്കുമെന്ന് പ്രതീക്ഷ നല്‍കിയാണ് ആളുകളെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. ഇത് കടുത്ത വഞ്ചനയാണ്. പിരമിഡിലെ ഏറ്റവും മുകള്‍തട്ടിലുള്ളവരെ മാത്രമേ ഈ ബിസിനസ് ലക്ഷ്യം വെക്കുന്നുള്ളൂ. അത് കൊണ്ട് തന്നെ ഇത് തട്ടിപ്പും വഞ്ചനയുമാണ്. അമിതമായ ലാഭ പ്രതീക്ഷ നല്‍കുന്നതിനാല്‍ ഇത് ചൂതാട്ടത്തിന്റെ വിഭാഗത്തില്‍ ഉള്‍പെടുമെന്ന് ഇസ്ലാമിക പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. അനുവദിക്കപ്പെട്ട ഒരു കച്ചവട രീതിയിലും ഇത് പെടുന്നില്ല.

പലിശക്ക് കടമെടുത്തും ലോണ്‍ വാങ്ങിയും പണമുണ്ടാക്കി ഈ ബിസിനസില്‍ ചേര്‍ന്നവന്റെ
കണ്ണീരില്‍  കുതിര്‍ന്ന കറന്‍സിയാണ് ലാഭമെന്ന പേരില്‍ മുകള്‍ തട്ടിലുള്ളവര്‍ തിന്നുകൊണ്ടിരിക്കുന്നത്. നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിംഗ് കേവലം ഒരു നിരോധിത വ്യാപാര ഇടപാട് മാത്രമല്ല, മുതലാളിത്ത പദ്ധതിയുടെ വിശാല അജണ്ടയില്‍ പെട്ട ഗൂഢ ലക്ഷ്യംകൂടിയാണ്. ലോകത്തെ ധനമൊന്നാകെ ഏതാനും വന്‍കിട കുത്തകകളിലേക്ക് കേന്ദ്രീകരിച്ച്  ആഗോള മേധാവിത്വവും അധീശത്വവും അരക്കിട്ടുറപ്പിക്കുക എന്നതാണ് ഇതിന്റെ യഥാര്‍ഥ ലക്ഷ്യം. പലിശയധിഷ്ഠിത സാമ്പത്തിക സ്ഥാപനങ്ങള്‍, അവര്‍
നല്‍കുന്ന വായ്പകള്‍, ഊഹ മൂലധനത്തിന്റെ ഉയര്‍ന്ന തോതിലുള്ള ഇടപാടുകള്‍ എന്നിവയെല്ലാം ഇവരുടെ ഉപകരണങ്ങളാണ്. നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിംഗും അത്തരം ഒരു ഉപകരണമാണ്.  ഒരിക്കലും യാഥാര്‍ഥ്യമാകാത്ത സ്വപ്ന പദ്ധതികളില്‍ പണമെറിഞ്ഞ് ലക്ഷക്കണക്കിന് ആളുകളെ ചതിയിലകപ്പെടുത്തുകയാണ്.
ആസിഫലി പട്ടര്‍കടവ്‌ 

സോളിഡാരിറ്റി 


0 അഭിപ്രായ(ങ്ങള്‍) :

Post a Comment