Saturday, November 06, 2010

ലോജിടെക്കിന്റെ സോളാര്‍ വയര്‍ലസ് കീബോര്‍ഡ് വിപണിയില്‍




വയര്‍ലസ് കീബോര്‍ഡ് ഉപയോക്താക്കള്‍ക്ക് ഇനി ബാറ്ററി തീര്‍ന്നതുമൂലമുള്ള അസൗകര്യം മറക്കാം. കീബോര്‍ഡിന് ബാറ്ററിയും ചാര്‍ജര്‍ കോഡുമെല്ലാം പഴങ്കഥയാവുകയാണ്.

കൂടുതല്‍ സൗകര്യപ്രദമായ കമ്പ്യൂട്ടിംഗ് സാധ്യമാക്കാനായി നൂതന സോളാര്‍ വയര്‍ലസ് കീബോര്‍ഡ് താമസിയാതെ ലോജിടെക് വിപണിയിലെത്തിക്കുന്നു. കഴിഞ്ഞ തിങ്കളാഴ്ച ലോജിടെക് അവതരിപ്പിച്ച K750 എന്ന സോളാര്‍ വയര്‍ലസ് കീബോര്‍ഡ് പ്രകാശമുള്ള റൂമില്‍ പ്രവര്‍ത്തനക്ഷമമാവും. എന്നാല്‍, മുഴുവാനായും ചാര്‍ജ് ചെയ്ത K750 കീബോര്‍ഡ് മൂന്നുമാസം വരെ ഇരുട്ടില്‍ പോലും ഉപയോഗിക്കാമെന്ന് കമ്പനി അവകാശപ്പെടുന്നു.

അനായാസമായി വിരലുകള്‍ ചലിപ്പിക്കുന്നതിനുതകുന്ന രീതിയില്‍ ഉള്‍ഭാഗം കുഴിഞ്ഞതും വക്കുകള്‍മിനുസമുള്ളതുമായി രൂപകല്‍പന ചെയ്ത കീബോര്‍ഡ് കാഴ്ചയില്‍തന്നെ മികവു പുലര്‍ത്തുന്നതാണ്. 1/3 ഇഞ്ച് മാത്രം കനമുള്ള ഈ കീബോര്‍ഡിനു മുകളിലായി ക്രമീകരിച്ചിട്ടുള്ള സോളാര്‍ പാനലുകളാണ് കീബോര്‍ഡിന് ആവശ്യമായ പവര്‍ നല്‍കുകയും ബാറ്ററി ചാര്‍ജുചെയ്യുകയും ചെയ്യുന്നത്. കൂടാതെ ബാറ്ററി സ്റ്റാറ്റസ് ഇന്റിക്കേഷനുവേണ്ടി എല്‍.ഇ.ഡിയും സജ്ജീകരിച്ചിട്ടുണ്ട്.

2.4 GH്വ വയര്‍ലസ് കണക്റ്റിവിറ്റി ഇടതടവില്ലാത്ത പ്രവര്‍ത്തനം സാധ്യമാക്കുകയും 128 ബിറ്റ് AES എംക്രിപ്ഷന്‍ സുരക്ഷിതവുമായിരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. സോളാര്‍ വയര്‍ലസ് കീബോര്‍ഡിന്റെ സേവനം പ്രയോജനപ്പെടുത്താനുദ്ദേശിക്കുന്ന കമ്പ്യൂട്ടറിലെ യു.എസ്.ബിയില്‍ ഘടിപ്പിക്കാനായി വളരെ ചെറിയ റിസീവര്‍ ഇതൊന്നിച്ച് ലഭിക്കുന്നതാണ്. ലാപ്‌ടോപ്പിലും മറ്റും ഘടിപ്പിക്കാന്‍ പാകത്തില്‍ രൂപകല്‍പന ചെയ്ത ഈ റിസീവര്‍ ഉപയോഗിച്ച് ലോജിടെക്കിന്റെ വയര്‍ലസ് മൗസും പ്രവര്‍ത്തിപ്പിക്കാനാവും. ഈമാസാവസാനത്തോടെ അമേരിക്കയിലും യൂറോപ്പിലും ലഭ്യമായിത്തുടങ്ങുന്ന കീബോര്‍ഡിന് 80 ഡോളര്‍ (ഏകദേശം 3680 രൂപ) വിലവരും.

കഴിഞ്ഞ മാസം ലോജിടെക്ക് 'റെവ്യൂ' എന്ന പേരില്‍ ഗൂഗിളിന്റെ ഇന്റര്‍നെറ്റ് ടെലിവിഷന്‍ സ്വീകരിക്കാന്‍ പര്യാപ്തമായ സെറ്റ്‌ടോപ് ബോക്‌സ് വിപണിയിലെത്തിച്ച് വാര്‍ത്തകള്‍ സൃഷ്ടിച്ചിരുന്നു. ഗൂഗിളിന്റെ തന്നെ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിനുവേണ്ടി രൂപകല്‍പന ചെയ്ത 'റെവ്യു' ഈ ഇനത്തില്‍പെട്ട ആദ്യത്തെ ഉപകരണമാണെന്ന് അവകാശപ്പെട്ടായിരുന്നു വാര്‍ത്തയായത്.

0 അഭിപ്രായ(ങ്ങള്‍) :

Post a Comment