Sunday, August 14, 2011

വിവര സാഗരത്തിലെ വിപുല നീക്കങ്ങള്‍

 
ലോകത്താദ്യമായി ഡാറ്റാ ഡൗണ്‍ലോഡിന് 21 മെഗാബൈറ്റ്‌സ് വേഗത്തിലുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തതോടെ ടി- മൊബൈല്‍ കമ്പനിയുടെ യു.എസ്.എയിലെ പീക്ക് അവാര്‍ഡ് വിപുല ഗോപാല്‍ നേടിയെടുത്തു...


ത്രീജി സാങ്കേതിക വിദ്യയിലൂടെ നമുക്ക് മുന്നില്‍ തുറക്കുന്ന വിവരപ്രവാഹത്തിന്റെ അതിശയലോകത്തിലാണ് നാമിപ്പോള്‍. സെക്കന്‍ഡില്‍ ഏഴു മെഗാബൈറ്റ്‌സ് വേഗത്തില്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നതാണ് ത്രീജിയുടെ പ്രത്യേകത.

എന്നാല്‍ അതിന്റെ മൂന്നിരട്ടി വേഗത്തില്‍ വിരല്‍ത്തുമ്പില്‍ വിവരങ്ങള്‍ എത്തിക്കാന്‍ കെല്‍പ്പുള്ള സാങ്കേതിക വിദ്യയും ലോകത്തില്‍ എത്തിക്കഴിഞ്ഞു. ജര്‍മനി ആസ്ഥാനമായുള്ള വയര്‍ലെസ് ടെലികമ്യൂണിക്കേഷന്‍ കമ്പനിയായ ടി മൊബൈല്‍ കമ്പനിയാണ് സെക്കന്‍ഡില്‍ 21 മെഗാബൈറ്റ്‌സ് വേഗമുള്ള 'ഹൈ സ്​പീഡ് പാക്കറ്റ് അക്‌സസ് പ്ലസ് ടെക്‌നോളജി' (എച്ച്.എസ്.പി.എ.) ലോകത്ത് ആദ്യമായി എത്തിച്ചിരിക്കുന്നത്. ഇതെല്ലാം നിങ്ങളുടെ മൊബൈല്‍ ഫോണിലാണെന്ന് ഓര്‍ക്കണം. അതായത് വിവരലഭ്യതയ്ക്ക് ഇനി ലാപ്‌ടോപ്പും വേണ്ട. മൊബൈല്‍ ഫോണ്‍ തന്നെ ധാരാളം.

ഈ വിജയത്തിന്റെ നല്ലൊരു പങ്കും അവകാശപ്പെടാന്‍ ഇങ്ങ് കേരളത്തില്‍ കോഴിക്കോടിനുമുണ്ട് അവകാശം. എച്ച്.എസ്.പി.എ. സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത സംഘത്തിന്റെ അമരക്കാരി കോഴിക്കോട് പണിക്കര്‍റോഡില്‍ 'ഡോണി'ല്‍ വിപുല ഗോപാലാണ്.

3 ജി സംവിധാനത്തെക്കാള്‍ അധിക വേഗത്തില്‍ എച്ച്.എസ്.പി.എ. സംവിധാനം ഉപയോഗിച്ച് മൊബൈലില്‍ ഡാറ്റാ ഡൗണ്‍ ലോഡ് ചെയ്യാന്‍ കഴിയും.

'ടി മൊബൈല്‍' കമ്പനിയുടെ യു.എസ്.എ.യിലെ ഡാലസിലെ സീനിയര്‍ എന്‍ജിനീയറാണ് വിപുല ഗോപാല്‍.

ലോകത്താദ്യമായി ഡാറ്റാ ഡൗണ്‍ലോഡിന് 21 മെഗാബൈറ്റ്‌സ് വേഗത്തിലുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തതോടെ ടി മൊബൈല്‍ കമ്പനിയുടെ യു.എസ്.എ.യിലെ പീക്ക് അവാര്‍ഡ് വിപുല ഗോപാല്‍ നേടിയെടുത്തു.

എച്ച്.എസ്.പി.എ ടെക്‌നോളജി ഉപയോഗിച്ച് യു. ട്യൂബില്‍ നിന്നും മറ്റുള്ള സൈറ്റില്‍ നിന്നും അതിവേഗത്തില്‍ ഡാറ്റാ നേടാനാവും. ഫോണ്‍ ചെയ്യുമ്പോള്‍ തന്നെ,വെബ്‌സൈറ്റ് ബ്രൗസ് ചെയ്യാന്‍ തടസ്സമുണ്ടാകില്ല. അതിവേഗമുള്ളതുകൊണ്ട് തന്നെ സെല്‍ഫോണ്‍ മോഡമായി ഉപയോഗിക്കാനും കഴിയും. യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലുമാണ് ടി മൊബൈല്‍ കോര്‍പ്പറേഷന് ഇപ്പോള്‍ നെറ്റ് വര്‍ക്കുള്ളത്.

എച്ച്.എസ്.പി.എ സംവിധാനം വികസിപ്പിച്ചെടുക്കാന്‍ 30പേരടങ്ങുന്ന സംഘത്തെയാണ് വിപുല ഗോപാല്‍ നയിച്ചത്. 10 വര്‍ഷമായി ടി മൊബൈല്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന വിപുല ഗോപാലിന് വിജയകരമായി ഔദ്യോഗിക ജീവിതത്തിനുള്ള അംഗീകാരമാണ് ടി മൊബൈലിന്റെ പീക്ക് അവാര്‍ഡ്. കഴിവുകൊണ്ട് തന്നെ സ്ഥാനമുറപ്പിക്കുകയായിരുന്നു വിപുല. ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ്എന്‍ജിനീയറിങ് കണ്ണൂര്‍ ഗവ. എന്‍ജിനീയറിങ് കോളേജില്‍ നിന്ന് നേടിയ വിപുല സ്‌കോളര്‍ഷിപ്പോടെ യൂണിവേഴ്‌സിറ്റി ഓഫ് ഹൂസ്റ്റണില്‍ നിന്ന് ടെലിക്കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദവും നേടുകയായിരുന്നു.

മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ പ്രീഡിഗ്രിക്ക് ചേരുമ്പോള്‍ വിപുലയൊഴിച്ച് ബന്ധുക്കളുടെയെല്ലാം മനസ്സില്‍ വിപുലയെ ഒരു ഡോക്ടറായി കാണാനായിരുന്നു ആഗ്രഹം. എന്നാല്‍ അന്നേ വിപുലയുടെ മനസ്സില്‍ ഒരു കൊച്ച് എന്‍ജിനീയര്‍ വളരുകയായിരുന്നു. എന്‍ജിനീയറിങ്ങില്‍ തന്നെ വാശിപിടിച്ച് പ്രവേശനം നേടി.

യൂണിവേഴ്‌സിറ്റി ഓഫ് ഹൂസ്റ്റണില്‍ നിന്ന് ബിരുദാനന്തര ബിരുദം കഴിഞ്ഞപ്പോള്‍ തന്നെ ലോകത്തെ ഏറ്റവും വലിയ വയര്‍ലസ്‌ടെലികമ്യൂണിക്കേഷന്‍ കമ്പനിയായ ടി മൊബൈലില്‍ ജോലിയും ലഭിച്ചു.

പ്രോവിഡന്‍സ് ഗേള്‍സ് ഹൈസ്‌കൂളില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വിപുല 1992ല്‍ പ്രീഡിഗ്രിക്ക് മൂന്നാം റാങ്കോടെയാണ് വിജയിച്ചത്.

ഒയിസ്‌കയിലും കോഴിക്കോട്ടെ സന്മാര്‍ഗ ദര്‍ശിനി വായനശാലയിലും മറ്റും ചെറുപ്പം മുതലേ സജീവ പ്രവര്‍ത്തകയായിരുന്നു.

മൂത്തസഹോദരന്‍ ഡോ. വിപിന്‍ ഗോപാലാണ് വിപുലയുടെ വഴികാട്ടിയെന്നു പറയാം. യു.എസിലെ 'ഹുമാന' ഹെല്‍ത്ത് ഇന്‍ഷുറന്‍സ്‌കമ്പനിയില്‍ റിസര്‍ച്ച് ഡയറക്ടറാണ് വിപിന്‍. ഇന്ത്യാ അസോസിയേഷന്‍ ഓഫ് മിനിസോട്ടയുടെ മുന്‍ പ്രസിഡന്റാണ് വിപിന്‍. 2001ല്‍ ഇന്ത്യയിലെ ഗുജറാത്ത് ഭൂകമ്പ പ്രദേശത്ത് സന്ദര്‍ശിക്കാനെത്തിയ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ക്ലിന്റന്റെ സംഘത്തിലെ പ്രധാനിയായിരുന്നു.

കോഴിക്കോട് എല്‍.ഐ.സി.ബ്രാഞ്ചിലെ ബ്രാഞ്ച് മാനേജരായി വിരമിച്ച പരേതനായ പി. ഗോപാലിന്റെയും പ്രേമലതയുടെയും മകളാണ് വിപുല. 2011 മാര്‍ച്ചില്‍ ഹവായ് ദ്വീപില്‍ നടക്കുന്ന ചടങ്ങില്‍ വിപുല ഗോപാലിന് ടി മൊബൈല്‍ കമ്പനി പീക്ക് പുരസ്‌കാരം നല്‍കും.

0 അഭിപ്രായ(ങ്ങള്‍) :

Post a Comment