Tuesday, August 16, 2011

തിമിര പരിശോധനയ്ക്കും മൊബൈല്‍ ഫോണ്‍


Posted on: 16 Aug 2011





മൊബൈല്‍ ഫോണുകള്‍ സര്‍വവ്യാപിയാവുക മാത്രമല്ല, അതിന് കഴിയാത്തതായി ഒന്നുമില്ല എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. തിരിമപരിശോധനയാണ് മൊബൈല്‍ ഫോണിന്റെ സാധ്യതകളിലേക്ക് കടന്നു വരുന്ന പുതിയ ഐറ്റം. വളരെ ലളിതമായി മൊബൈലിന്റെ സഹായത്തോടെ തിമിരം നിര്‍ണയിക്കാവുന്ന സംവിധാനമാണ് കണ്ടുപിടിച്ചിരിക്കുന്നത്.

പ്രായമായവര്‍ക്കിടയില്‍ സാധാരണ കാണപ്പെടുന്ന ഒരു നേത്രപ്രശ്‌നമാണ് തിമിരം. ആസ്പത്രികളില്‍ പോയി സമയം കൊല്ലുന്ന പരിശോധനകള്‍ക്ക് കാത്തുകെട്ടി കിടക്കാതെ തന്നെ മൊബൈല്‍ഫോണുകള്‍ ഉപയോഗിച്ച് രോഗനിര്‍ണയം നടത്താം.

സ്മാര്‍ട്ട് ഫോണുകളില്‍ ഘടിപ്പിക്കാന്‍ കഴിയുന്ന ചെലവുകുറഞ്ഞ ഒരു ഉപകരണമാണ് തിമിരപരിശോധനയ്ക്ക് സഹായിക്കുക. ഗ്രാമീണര്‍ക്കും വിദൂര പ്രദേശങ്ങളില്‍ കഴിയുന്നവര്‍ക്കും ഏറെ ഉപകാരപ്പെടുന്നതാണ് ഈ സംവിധാനം.

അമേരിക്കയില്‍ മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (എം.ഐ.ടി) യിലെ ശാസ്ത്രജ്ഞരാണ് തിമിരം പരിശോധിക്കാനുള്ള കൊണ്ടുനടക്കാവുന്നതും മൊബൈലില്‍ ഘടിപ്പിക്കാവുന്നതുമായ ഉപകരണം കണ്ടുപിടിച്ചത്. ചെലവ് കുറഞ്ഞ സംവിധാനമാണിത്. മൊബൈലില്‍ കാഴ്ച് പരിശോധിക്കാനുള്ള സംവിധാനം നേരത്തെതന്നെ ഇവര്‍ കണ്ടുപിടിച്ചിരുന്നു.

നിലവില്‍ തിമിര നിര്‍ണയത്തിനുള്ള ഉപകരണത്തിന് 5000 ഡോളറോളമാണ് ചെലവ്. മാത്രമല്ല വിദഗ്ധര്‍ക്ക് മാത്രമേ അത്തരം ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കൂ. പുതിയ സംവിധാനത്തില്‍ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന 'കാറ്റ്‌റ' എന്ന സോഫ്ട്‌വേറും, മൊബൈലുമായി ഘടിപ്പിക്കാവുന്ന ചെറിയൊരു പ്ലാസ്റ്റിക് ലെന്‍സും മാത്രം മതി.

കണ്ണിനെ മുഴുവന്‍ സ്‌കാന്‍ ചെയ്യുന്നതാണ് ഈ സംവിധാനം. എം.ഐ.ടിയിലെ രമേശ് റാസ്‌കര്‍ ഇതിനെ കണ്ണിന്റെ റഡാര്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. കണ്ണിലെ മൂടപ്പെട്ട ഭാഗങ്ങളുടെ മാപ്പ് ഈ സോഫ്ട്‌വേര്‍ തയ്യാറാക്കുകയും, അവയെ വിശകലനം ചെയ്ത വെളിച്ചം കടക്കാന്‍ പറ്റാത്ത ഭാഗങ്ങളെ കണ്ടെത്തുകയുമാണ് ചെയ്യുക. അതുവഴി തിമിരമുണ്ടോ അല്ലെങ്കില്‍ തിമിരം തുടങ്ങുന്നുണ്ടോ എന്ന് മനസ്സിലാക്കാന്‍ സാധിക്കും
കടപ്പാട്:http://www.mathrubhumi.com

0 അഭിപ്രായ(ങ്ങള്‍) :

Post a Comment