ഫോണിലെ കാശ് കുറയുന്ന ‘മാന്ത്രികവിദ്യ’ ഇനി നടപ്പില്ല
ന്യൂദല്‍ഹി: മൊബൈല്‍ ഫോണിലെ കാശ് മാന്ത്രികവിദ്യയാലെന്നവണ്ണം അപ്രത്യക്ഷമാകുന്ന ‘പ്രതിഭാസ’ങ്ങള്‍ക്ക് വിട. പരാതി രേഖപ്പെടുത്താനും അത് പരിഹരിച്ചോ ഇല്ലയോ എന്ന് അറിയാനും ഇനി എളുപ്പം കഴിയും. രാജ്യത്തെ ടെലികോം മേഖലയില്‍, പ്രത്യേകിച്ച് പ്രീ പെയ്ഡ് സേവനരംഗത്ത് നിലനില്‍ക്കുന്ന ചൂഷണങ്ങള്‍ക്ക് അറുതിവരുത്താന്‍തക്ക ചട്ടങ്ങള്‍ ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി) പ്രഖ്യാപിച്ചു. ‘ടെലികോം ഉപഭോക്തൃ പരാതി പരിഹാരച്ചട്ടങ്ങള്‍ 2012’ എന്ന ഈ ചട്ടങ്ങള്‍ പ്രകാരം രാജ്യത്തെ മുഴുവന്‍ ടെലികോം സ്ഥാപനങ്ങളും 45 ദിവസത്തിനുള്ളില്‍ പരാതി പരിഹാരകേന്ദ്രം ആരംഭിക്കണം. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ പരാതിയുടെ തല്‍സ്ഥിതി നിരീക്ഷിക്കാന്‍ കഴിയുംവിധം വെബ് അധിഷ്ഠിത സംവിധാനം ഒരുക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ബി.എസ്.എന്‍.എല്‍, എം.ടി.എന്‍.എല്‍ തുടങ്ങി മുഴുവന്‍ ടെലികോം സേവനദാദാക്കള്‍ക്കും ഇത് ബാധകമാണ്. ഫോണ്‍-ഇന്‍റര്‍നെറ്റ് സേവനങ്ങളെല്ലാം ഇതില്‍ ഉള്‍പ്പെടും. അക്കൗണ്ടില്‍നിന്ന് കുറക്കുന്ന തുക എത്രയെന്ന് അതതു സമയത്തുതന്നെ എസ്.എം.എസ് വഴി ഉപയോക്താവിനെ അറിയിക്കണം. ഏതു സേവനത്തിനു വേണ്ടിയാണ് കുറച്ചതെന്നും ഇനി ബാക്കി എത്രയെന്നും ഇതില്‍ വ്യക്തമാക്കണം. ഇന്‍റര്‍നെറ്റ് സേവനങ്ങളുടെ ഉപയോഗം സംബന്ധിച്ചും ഇത് ബാധകമാണ്. പ്രീ പെയ്ഡ് ഉപഭോക്താക്കള്‍ക്ക്, അവര്‍ ആവശ്യപ്പെടുന്നപക്ഷം ബില്‍ നല്‍കണമെന്നും വ്യവസ്ഥയുണ്ട്. 50 രൂപയില്‍ കൂടാത്ത നിരക്കില്‍, ഒരു മാസത്തിനുള്ളില്‍ ബില്‍ ലഭ്യമാക്കണം.
0 അഭിപ്രായ(ങ്ങള്‍) :
Post a Comment