ഓഹരി വിപണിയില്‍ വേഗവും സമയവും പ്രധാന ഘടകങ്ങളായിരിക്കേ, തത്സമയം വിപണി വിവരങ്ങള്‍ മൊബൈല്‍ ഫോണ്‍ വഴി അറിയാനും വ്യാപാരം നടത്താനും കഴിയുക നിര്‍ണായക ചുവടുവെപ്പാണ്.
കൈക്കുള്ളില്‍ ഒതുങ്ങുന്ന മൊബൈലില്‍ ഇനി കോടികളുടെ ഓഹരിയിടപാടും നടത്താം. ഓഫീസ്‌ജോലിക്കിടയിലും യാത്രയിലും ഓഹരി വിപണിയുമായി നിരന്തര സമ്പര്‍ക്കത്തിലേര്‍പ്പെടാം. മൊബൈലിലൂടെയും വയര്‍ലെസ് ഇന്റര്‍നെറ്റ് കണക്ഷനുള്ള ഉപകരണങ്ങളിലൂടെയും ഓഹരി വ്യാപാരം അനുവദിച്ചുകൊണ്ടുള്ള സെബി തീരുമാനം ഇന്ത്യയില്‍ ചെറുകിട ഓഹരി വ്യാപാരരംഗത്ത് വന്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുകയാണ്. ബോംബെ എക്‌സ്‌ചേഞ്ച് കഴിഞ്ഞാഴ്ച ഇതിന് തുടക്കംകുറിച്ചുകഴിഞ്ഞു.
2000 ഫിബ്രവരിയില്‍ തുടങ്ങിയ ഇന്റര്‍നെറ്റ്‌വഴിയുള്ള ഓഹരി വ്യാപാരം ഇതിനകം 22% വിപണിവിഹിതം കൈയടക്കി. മൊത്തം വിപണിയുടെ 50 ശതമാനത്തോളം വന്‍കിട ഇന്ത്യന്‍-വിദേശ ധനകാര്യ സ്ഥാപനങ്ങളുടേതായിരിക്കേ, ചെറുകിട വിപണിയില്‍ ഇന്റര്‍നെറ്റിന്റെ സ്വാധീനം എത്രയാണെന്ന് ഇതില്‍നിന്നും അനുമാനിക്കാം. ഇതേപോലുള്ള ഒരു മാധ്യമമാണ് അല്പം വൈകിയാണെങ്കിലും ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായിരിക്കുന്നത്.
ഓഹരി നിക്ഷേപകനും ബാങ്ക് ഡെപ്പോസിറ്റ് , പിപിഎഫ് തുടങ്ങിയ നിശ്ചിത വരുമാനമുള്ള ആസ്തികളിലുള്ള നിക്ഷേപകനും തമ്മിലുള്ള പ്രധാന വ്യത്യാസം മൂല്യത്തിലുള്ള ദ്രുത വ്യതിയാനമാണ്. ഓഹരി വിലയിലുള്ള ഈ വ്യതിയാനം വളരെയധികം വ്യാപാര അവസരങ്ങള്‍ സൃഷ്ടിക്കും. കൃത്യവും സൂക്ഷ്മവുമായി എടുക്കുന്ന നിക്ഷേപ തീരുമാനങ്ങള്‍ മറ്റ് നിക്ഷേപങ്ങളില്‍നിന്നും കിട്ടുന്ന വരുമാനത്തേക്കാളും അനേകമടങ്ങ് നേട്ടങ്ങളുണ്ടാക്കാനുള്ള അവസരങ്ങള്‍ തുറന്നുതരും.
ഇന്റര്‍നെറ്റിലൂടെയുള്ള ഓഹരി വ്യാപാരം നിക്ഷേപകര്‍ക്ക് സുതാര്യതയും വേഗവും സ്വന്തം തീരുമാനപ്രകാരമുള്ള ക്രയവിക്രയങ്ങളും സാധ്യമാക്കി. ഇതിലും ഒരുപടി മുന്നിലാണ് മൊബൈല്‍ ട്രേഡിങ്ങെന്നുപറയാം. ഓഹരി വിപണിയില്‍ വേഗവും സമയവും പ്രധാന ഘടകങ്ങളായിരിക്കേ, തത്സമയം വിപണിയിലെ വിവരങ്ങള്‍ മൊബൈല്‍ ഫോണ്‍വഴി അറിയാനും വ്യാപാരം നടത്താനും നിക്ഷേപകന് കഴിയുക വലിയ കാര്യമാണ്.
64 കോടിയിലേറെ മൊബൈല്‍, ടെലഫോണ്‍ വരിക്കാര്‍ ഇന്ത്യയിലുണ്ട്. ചൈനകഴിഞ്ഞാല്‍ ഇന്ത്യയിലാണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ മൊബൈല്‍ഫോണുകള്‍ ഉപയോഗിക്കുന്നത്. 2013-14ല്‍ വരിക്കാരുടെ എണ്ണം 100 കോടി ഭേദിക്കും. കേരളത്തില്‍ മാത്രം 1.5 കോടിയിലേറെ മൊബൈല്‍ വരിക്കാരുണ്ട്. സുതാര്യമായ വിപണിയിലേക്ക് ചെറുകിട നിക്ഷേപകരെ ആകര്‍ഷിക്കാനുള്ള അനന്ത സാദ്ധ്യതകളാണ് ഈ കണക്കുകള്‍ കാണിക്കുന്നത്.
അതിസങ്കീര്‍ണമായ കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യ ലഘൂകരിച്ച് കൈയ്ക്കുള്ളില്‍ കൊണ്ടുനടക്കാവുന്ന തരത്തില്‍ അവതരിപ്പിച്ചിരിക്കുന്നതാണ് മൊബൈല്‍ഫോണ്‍. അതുകൊണ്ടുതന്നെ, ഫോണിന്റെ സാധാരണ ഉപയോഗത്തിനപ്പുറം പലതരം ആവശ്യങ്ങള്‍ക്കായി മൊബൈല്‍ഫോണ്‍ ഉപയോഗിക്കാവുന്നതാണ്. റെയില്‍വേ ടിക്കറ്റ് റിസര്‍വേഷന്‍, ന്യൂസ്, മൊബൈല്‍ ഗെയിംസ് എന്നിവ ഉദാഹരണങ്ങളാണ്.
മൊബൈല്‍ഫോണിനെ ഒരു ഡിജിറ്റല്‍ ശൃംഖലയിലേക്ക് ഘടിപ്പിക്കുന്നത് ജിപിആര്‍എസ് (ജനറല്‍ പാക്കറ്റ് റേഡിയോ സര്‍വീസ്) അല്ലെങ്കില്‍ അതിന്റെ തന്നെ വിപുലപ്പെടുത്തിയ എഡ്ജ് (എന്‍ഹാന്‍സ്ഡ് ഡാറ്റാ റേറ്റ്‌സ് ഫോര്‍ ജിഎസ്എം ഇവൊലൂഷന്‍ അഥവാ എന്‍ഹാന്‍സ്ഡ് ജിപിആര്‍എസ്) സാങ്കേതിക വിദ്യയാണ്. ഇതിലൂടെ മൊബൈല്‍ഫോണിനെ ഒരു കമ്പ്യൂട്ടര്‍ ശൃംഖലയുമായി ഘടിപ്പിക്കാനാവും.
ഓഹരി വിപണി ഇന്നൊരു വലിയ കമ്പ്യൂട്ടര്‍ ശൃംഖലയാണ്. സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍, ബ്രോക്കര്‍മാര്‍, റിസര്‍ച്ച് അനലിസ്റ്റുകള്‍, ബാങ്കുകള്‍, മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ ഇതിലെ പ്രധാന കണ്ണികളാണ്. ഇതിലേക്ക് നിക്ഷേപകരെ നേരിട്ട് ബന്ധിപ്പിക്കാനാണ് ഇന്റര്‍നെറ്റും മൊബൈല്‍ഫോണും മറ്റും ഉപയോഗിക്കുന്നത്.
0 അഭിപ്രായ(ങ്ങള്‍) :
Post a Comment