Thursday, February 17, 2011

അസിഡിറ്റി കുറയ്ക്കാം, കരുതലോടെ


ഡോ.ഒ.വി സുഷ 
നെഞ്ചെരിച്ചില്‍ ഒരു നീറുന്ന പ്രശ്‌നമായി നിശ്ശബ്ദം കൊണ്ടുനടക്കുന്നവര്‍ നിരവധിയാണ്. ഉദരരോഗങ്ങളില്‍ ഏറ്റവും വ്യാപകമായി കാണപ്പെടുന്ന അള്‍സറിലേക്ക് നയിക്കുന്ന ഈ രോഗലക്ഷണം അവഗണിക്കത്തക്കതല്ല. രോഗം മൂര്‍ച്ഛിക്കാതിരിക്കാനും ദഹനരസങ്ങളുടെ അമ്ലത നിയന്ത്രിച്ചുനിര്‍ത്താനും ഉതകുന്ന ഭക്ഷണപാനീയങ്ങള്‍ ശീലിക്കുകയുംകൂടി ചെയ്താല്‍ മാത്രമേ പൂര്‍ണമായ പ്രതിരോധ ചികിത്സയാകുന്നുള്ളൂ.

ദഹനപചനപ്രക്രിയയ്ക്ക് സഹായിക്കുന്ന വീര്യമേറിയ ദഹനരസങ്ങളുടെ വീര്യം താങ്ങാന്‍തക്ക ശേഷിയോടെയാണ് ആമാശയത്തിലെ ശ്ലേ ഷ്മസ്തരം രൂപപ്പെടുത്തിയിട്ടുള്ളത്. ഉദരത്തെ ഉപദ്രവിക്കുന്ന തരത്തിലുള്ള ഭക്ഷണപദാര്‍ഥങ്ങളുടെ സ്ഥിരമായ ഉപയോഗം മൂലം അന്നനാളത്തിലോ ആമാശയത്തിലോ ചെറുകുടല്‍ തുടങ്ങുന്ന ഭാഗത്തോ ദുര്‍ബലതയുണ്ടാകുകയും കാലക്രമേണ അള്‍സറായി മാറുകയും ചെയ്യാം. ആമാശയത്തിലെ ദ്രവങ്ങള്‍, അന്നനാളത്തിലേക്കരിച്ചു കയറുമ്പോള്‍ തുളഞ്ഞുകയറുന്ന ശക്തിയായ വേദനയോടെയാണ് നെഞ്ചെരിച്ചില്‍ ഉണ്ടാകുന്നത്.

പലപ്പോഴും ഗ്യാസ്ട്രബിളിന്റെ മരുന്നില്‍ താത്ക്കാലികമായി ഈ പ്രശ്‌നത്തെ ഒതുക്കുന്നതും പതിവാണ്.
അള്‍സര്‍ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണമായി പറയുന്ന എച്ച് പൈലോറി അണുബാധയും ദഹനവ്യവസ്ഥയിലെ അമിതമായ അസിഡിറ്റിയുമായി ബന്ധമുണ്ട്. അതിനാല്‍ത്തന്നെ അള്‍സറിന്റെ ചികിത്സയില്‍ ഏത് ചികിത്സാരീതിയായാലും അസിഡിറ്റിയുടെ തോത് കുറയ്ക്കുന്നതിന് പ്രാമുഖ്യം നല്‍കുന്നു.

ഭക്ഷണരീതിയില്‍ ചില ക്രമീകരണങ്ങള്‍ വരുത്തിയാല്‍, നെഞ്ചെരിച്ചിലിന് ആശ്വാസം ലഭിക്കും. നാം ഭക്ഷണപദാര്‍ഥങ്ങളായി ഉപയോഗിക്കുന്നവയില്‍ അമ്ലത്തെ ജനിപ്പിക്കുന്നവയും ക്ഷാരത്തെ ജനിപ്പിക്കുന്നവയും ഉണ്ടാകാം. ഈ രണ്ടുതരം ഭക്ഷണങ്ങളും ശരീരത്തിന് ആവശ്യവുമാണ്. എന്നാല്‍, ക്ഷാരസ്വഭാവമുള്ള ഭക്ഷണം 75 - 80 ശതമാനം വരെയും ബാക്കി 20 - 25 ശതമാനം മാത്രം അമ്ലസ്വഭാവമുള്ള ഭക്ഷണവും കഴിക്കുന്നത്, ആരോഗ്യത്തോടെ ജീവിക്കുന്നതിനുള്ള ഉത്തമമായ 'ടെക്‌നിക്കാ'യി പഠനങ്ങള്‍ ബോദ്ധ്യപ്പെടുത്തുന്നു.

ഏതൊരു ദ്രവത്തിന്റെയും അമ്ലതയും ക്ഷാരത്വവും അളക്കുന്നത് പി.എച്ച്. തോത് നോക്കിയാണല്ലോ. ശരീരദ്രവങ്ങളുടെ 'പൊട്ടന്‍ഷ്യല്‍ ഓഫ് ഹൈഡ്രജന്‍' എന്ന ഈ പി.എച്ച്. തോത് സന്തുലിതാവസ്ഥയില്‍ നിലനിര്‍ത്തുന്നത് ആരോഗ്യലക്ഷണമാകുന്നു. ആരോഗ്യകരമായ അവസ്ഥയില്‍ നമ്മുടെ രക്തത്തിന്റെ പി.എച്ച്. 100 മി.ലിറ്ററില്‍ 7.4 - 7.5 വരെയാകുന്നതാണ് ഉത്തമം. ശരീര ദ്രവങ്ങളുടെ പി.എച്ച്. സന്തുലിതാവസ്ഥയില്‍ നിലനിര്‍ത്തുന്നതായാല്‍ ക്രമമായി ശാരീരിക പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിന് സഹായകമാകും. അമിതമായ അമ്ലത (ഓവര്‍ അസിഡിറ്റി) ശാരീരിക വ്യവസ്ഥയാകെ ദുര്‍ബലപ്പെടുത്തുന്നു.

ആരോഗ്യമുള്ള ഒരു ശരീരത്തില്‍ ക്ഷാരത്തിന്റെ കരുതല്‍ശേഖരം അഥവാ ഇലക്‌ടോലൈറ്റുകള്‍ ആവശ്യത്തിനുണ്ടാകും. അമിതമായ അമ്ലത്തെ നിര്‍വീര്യമാക്കേണ്ട സന്ദര്‍ഭം വരുമ്പോള്‍, ഈ കരുതല്‍ശേഖരത്തില്‍ നിന്നും ക്ഷാരാംശം എടുക്കുകയാണ് ചെയ്യുന്നത്. ഇത് ശരീരത്തെ ക്ഷീണിപ്പിക്കുകയും വീണ്ടും ഉള്ളിലെത്തുന്ന അമ്ലാംശത്തെ നിര്‍വീര്യമാക്കാന്‍ കാല്‍സ്യം, സോഡിയം, മഗ്‌നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുലവണങ്ങള്‍ ശരീരത്തില്‍നിന്ന് കവര്‍ന്നെടുക്കുകയും, ദീര്‍ഘകാലം ഈ കവര്‍ച്ച തുടര്‍ന്നാല്‍ പ്രമുഖ അവയവങ്ങള്‍ക്ക് കാര്യമായ തകരാറ് സംഭവിക്കുകയും ചെയ്യുന്നു. 

0 അഭിപ്രായ(ങ്ങള്‍) :

Post a Comment