അങ്ങനെ നോക്കിയയുടെ ചങ്ങാടത്തെ കമ്പനിയുടെ പുതിയ മേധാവി സ്റ്റീഫന്‍ ഇലോപ്പ്, മൈക്രോസോഫ്ടിന്റെ കടവില്‍ അടുപ്പിച്ചു. ദിവസങ്ങളോളം തുടര്‍ന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട്, മൊബൈല്‍ രംഗത്ത് മൈക്രോസോഫ്ടുമായി 'തന്ത്രപ്രധാനമായ' കൂട്ടായ്മ ആരംഭിക്കാന്‍ തീരുമാനിച്ച വിവരം നോക്കിയ പ്രഖ്യാപിച്ചു. കമ്പനിയുടെ മുഖ്യ സ്മാര്‍ട്ട്‌ഫോണ്‍ പ്ലാറ്റ്‌ഫോം ഇനി മുതല്‍ മൈക്രോസോഫ്ട് വികസിപ്പിച്ച 'വിന്‍ഡോസ് മൊബൈല്‍ 7' ആയിരിക്കും.
ഇതു മാത്രമല്ല, പരസ്പര സഹകരണത്തിന്റെ ഒട്ടേറെ പുതിയ മേഖലകള്‍ തുറന്നുകൊണ്ടാണ് രണ്ട് കമ്പനികളും കൂട്ടുചേര്‍ന്നിരിക്കുന്നത്. മൈക്രോസോഫ്ടിന്റെ ബിങ് ആയിരിക്കും ഇനി നോക്കിയയുടെ സേര്‍ച്ച് എഞ്ചിന്‍. മൈക്രോസോഫ്ട് അതിന്റെ മാപ്പിങ് സര്‍വീസുകളില്‍ ഉപയോഗിക്കുക 'നോക്കിയ മാപ്പ്‌സ്' ആയിരിക്കും. പുതിയ സ്മാര്‍ട്ട്‌ഫോണ്‍ പ്ലാറ്റ്‌ഫോം സ്വീകരിക്കുന്നതിനാല്‍, നിലവിലുള്ള സിമ്പിയന്‍ ഒഎസ് നോക്കിയ ക്രമേണ പിന്നിലേക്ക് മാറ്റും.
ലോകത്തെ ഏറ്റവും വലിയ മൊബൈല്‍ കമ്പനിയും ഏറ്റവും വലിയ സോഫ്ട്‌വേര്‍ കമ്പനിയും തമ്മിലുണ്ടാക്കിയിട്ടുള്ള തന്ത്രപ്രധാനമായ ഈ പങ്കാളിത്തം സാങ്കേതികരംഗവും ബിസിനസ് മേഖലയിലയും ഗൗരവത്തോടെയാണ് കാണുന്നത്. ഇരു കമ്പനികള്‍ക്കും ഈ പങ്കാളിത്തത്തിന് യോഗ്യത നല്‍കിയ പ്രധാന ഘടകം മൊബൈല്‍ രംഗത്ത് രണ്ട് കമ്പനികളും പിന്നിലായി എന്നതാണ്.
മൈക്രോസോഫ്ടിലെ മുന്‍ ഉദ്യോഗസ്ഥനാണ് നോക്കിയയുടെ മേധാവി ഇലോപ്പ്. കഴിഞ്ഞ ദിവസം അദ്ദേഹം നോക്കിയയിലെ തന്റെ സഹപ്രവര്‍ത്തകര്‍ക്കയച്ച കത്തില്‍, 'കത്തുന്ന തറ'യില്‍ നില്‍ക്കുന്ന അവസ്ഥയിലാണ് നോക്കയ കമ്പനിയെന്ന് പറഞ്ഞിരുന്നു. ആപ്പിളിന്റെ ഐഫോണിനോടും ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഫോണുകളോടും മത്സരിക്കാന്‍ നോക്കിയയ്ക്ക് സാധിക്കാത്തതിന്റെ ഉത്ക്കണ്ഠയും അദ്ദേഹം പങ്കുവെച്ചിരുന്നു. ഈ സാഹചര്യത്തില്‍ കമ്പനിയില്‍ പ്രധാന നയമാറ്റമുണ്ടാകുമെന്ന് മുമ്പ് തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
നോക്കിയയുമായി പങ്കാളിത്തമുറപ്പിക്കാന്‍ ഗൂഗിളും മൈക്രോസോഫ്ടും ശക്തമായി രംഗത്തുണ്ടെന്ന് കഴിഞ്ഞ ദിവസം 'ന്യൂയോര്‍ക്ക് ടൈംസ്' റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ആ മത്സരത്തില്‍ മൈക്രോസോഫ്ട് ജയിച്ചുവെന്നാണ് നോക്കിയയുടെ പ്രഖ്യാപനം വ്യക്തമാക്കുന്നത്. ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് വേണ്ട എന്ന് നോക്കിയ തീരുമാനിച്ചതെന്തുകൊണ്ടെന്ന് ചില നിരീക്ഷകര്‍ അത്ഭുതപ്പെടുന്നുണ്ട്. നോക്കിയ മേധാവിക്ക് ഒരുപക്ഷേ, മൈക്രോസോഫ്ട് കൂടുതല്‍ പരിചയമുള്ള കമ്പനിയായതാവാം കാരണമെന്ന് വിലയിരുത്തപ്പെടുന്നു.
നയപരമായി കമ്പനി പുതിയ തീരുമാനം കൈക്കൊണ്ടെങ്കിലും, നിലവിലുപയോഗിക്കുന്ന സിമ്പിയന്‍ ഒഎസിനെ പാടെ ഉപേക്ഷിക്കില്ലെന്ന് നോക്കിയ വ്യക്തമാക്കി. നോക്കിയയുടെ ലിനക്‌സ് അടിസ്ഥാനമായുള്ള ഓപ്പണ്‍ സോഴ്‌സ് മൊബൈല്‍ പ്ലാറ്റ്‌ഫോമായ 'മീഗോ'യും പുതിയ തീരുമാനത്തോടെ പാര്‍ശ്വവത്ക്കരിക്കപ്പെടുകയാണ്. മീഗോ പ്ലാറ്റ്‌ഫോം വികസിപ്പിക്കുന്നതിന് നേതൃത്വം നല്‍കുന്ന ആല്‍ബര്‍ട്ടോ ടോറെസ് നോക്കിയ വിടാന്‍ തീരുമാനിച്ചു കഴിഞ്ഞു.
മൊബൈല്‍ പ്ലാറ്റ്‌ഫോമിന്റെ കാര്യത്തില്‍ നോക്കിയ പിന്തുടര്‍ന്നു വന്ന തന്ത്രം തെറ്റായിരുന്നുവെന്ന് തുറന്നു സമ്മതിക്കലാണ് പുതിയ പ്രഖ്യാപനമെന്ന്, റിസര്‍ച്ച് സ്ഥാപനമായ 'സി.സി.എസ്: ഇന്‍സൈറ്റി'ലെ വിദഗ്ധന്‍ ബെന്‍ വുഡ് അഭിപ്രായപ്പെടുന്നു. ഈ കളിയിലെ ശരിക്കുള്ള വിജയി മൈക്രോസോഫ്ടാണ്. എന്നാല്‍, ഐഫോണിനോ ആന്‍ഡ്രോയിഡിനോ എതിരെ പ്രയോഗിക്കാന്‍ വജ്രായുധമൊന്നും നോക്കയിയുടെയോ, മൈക്രോസോഫ്ടിന്റെയോ പക്കലില്ല-അദ്ദേഹം വിലയിരുത്തുന്നു.
മൊബൈല്‍ ഹാര്‍ഡ്‌വേര്‍ രൂപകല്‍പ്പനയിലെ നോക്കിയയുടെ വൈദഗ്ധ്യവും, സോഫ്ട്‌വേര്‍ രംഗത്തെ മൈക്രോസോഫ്ടിന്റെ മികവും സമ്മേളിക്കുമ്പോള്‍ അത്ഭുതങ്ങള്‍ സംഭവിച്ചേക്കാം എന്ന് കരുതുന്നവരും കുറവല്ല. മാത്രമല്ല, മാര്‍ക്കറ്റിങ് രംഗത്തും ഇരു കമ്പനികളും പരസ്പരം സഹകരിക്കും.
സ്മാര്‍ട്ട്‌ഫോണ്‍ മാര്‍ക്കറ്റില്‍ നോക്കിയയുടെ വിഹിതം 38 ശതമാനത്തില്‍ നിന്ന് 28 ശതമാനമായാണ് 2010 ല്‍ ചുരുങ്ങിയത്. അതേ സമയം, ഐഫോണും ആന്‍ഡ്രോയിഡും കുതിച്ച് കയറുകയും ചെയ്യുന്നു. മൊബൈല്‍ തന്ത്രത്തിന്റെ കാര്യത്തില്‍ പിന്നിലായിപ്പോയ കമ്പനിയാണ് മൈക്രോസോഫ്ടും. ഈ സാഹചര്യത്തിലാണ് ഇരു കൂട്ടരും കൈകോര്‍ക്കുന്നത്.
0 അഭിപ്രായ(ങ്ങള്‍) :
Post a Comment